Criticism | വിവാദ പരാമർശത്തിൽ വിജയരാഘവനെതിരെ രൂക്ഷ വിമർശനങ്ങൾ; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതിയും 

 
Vijiaraghavan making controversial remarks at CPI-M meeting
Vijiaraghavan making controversial remarks at CPI-M meeting

Photo Credit: Facebook/ A Vijayaraghavan

● യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.  
● പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. 
● കെ സി വേണുഗോപാൽ വിജയരാഘവനെ 'വർഗീയ രാഘവൻ' എന്ന് വിശേഷിപ്പിച്ചു.


തിരുവനന്തപുരം: (KVARTHA) കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ വിവാദ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്കും രൂക്ഷ വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വിജയരാഘവന്റെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കളായ കെസി വേണു​ഗോപാൽ, വിഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി എന്നിവരും രം​ഗത്തെത്തി. യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.  

രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നായിരുന്നു സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൻറെ പ്രതിനിധി സമ്മേളനം ബത്തേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എ വിജയരാഘവൻ പറഞ്ഞത്.  പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട വർഗീയ ഘടകങ്ങൾ ആയിരുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു. 

കെ സി വേണുഗോപാൽ വിജയരാഘവനെ 'വർഗീയ രാഘവൻ' എന്ന് വിശേഷിപ്പിച്ചു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവൻ ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഈ നിലപാട് സിപിഎം സർക്കാരിനും ഉള്ളതാണോ എന്ന ചോദ്യവും വേണുഗോപാൽ ഉന്നയിച്ചു. വിജയരാഘവന്റെ പരാമർശങ്ങൾ സിപിഎമ്മിന്റെ നിലപാടാണോ അതോ ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള വ്യക്തിപരമായ ആക്രമണത്തിന്റേതാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.  

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ എന്നും സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും ആരോപിച്ചു. അമിത് ഷായുടെയും വിജയരാഘവൻ്റെ പ്രസംഗവും ഒരുപോലെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. വിജയരാഘവനെ എന്തുകൊണ്ട് മുഖ്യമന്ത്രി തിരുത്തുന്നില്ലെന്നും എന്ത് രാഷ്ട്രീയത്തിൻ്റെ പേരിലാണ് വിജയരാഘവൻ്റെ പ്രസംഗമെന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വിജയരാഘവന്റെ പരാമർശത്തെ 'പച്ചയ്ക്ക് വർഗീയത' എന്ന് വിമർശിച്ചു. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നത് സിപിഎം കേരളത്തിൽ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ എം ഷാജി ആരോപിച്ചു.

ഇതിനിടെയാണ് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു അബ്ദുൽ റസാഖ് വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകിയത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകർത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് വിജയരാഘവന്റെ ശ്രമമെന്ന് പരാതിയിൽ പറയുന്നു. വിജയരാഘവനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വിജയരാഘവന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരിക്കുകയാണ്. വിമർശനങ്ങളോടൊപ്പം വിജയരാഘവനെ പിന്തുണച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്.

 #Vijiaraghavan #KeralaPolitics #Congress #CPI-M #YouthLeague #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia