Politics | 'എനിക്ക് മുന്നിൽ മറ്റുവഴികളുണ്ട്, കേരളത്തിൽ പാർട്ടിക്ക് നേതൃപ്രതിസന്ധി'; ശശി തരൂർ കോൺഗ്രസിൽ നിന്ന് അകലുകയാണോ?

 
Shashi Tharoor hints at leaving Congress due to leadership crisis in Kerala
Shashi Tharoor hints at leaving Congress due to leadership crisis in Kerala

Photo Credit: Facebook/ Shashi Tharoor

● 'കോൺഗ്രസ് പുതിയ വോട്ടർമാരെ ആകർഷിക്കേണ്ടത് അനിവാര്യം'.
● 'കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും'.
● 'തൻ്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം'.

തിരുവനന്തപുരം: (KVARTHA) കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് അകലുകയാണെന്ന സൂചന നൽകി ശശി തരൂർ വീണ്ടും രംഗത്ത്. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റ് വഴികളുണ്ടെന്ന്  അദ്ദേഹം തുറന്നടിച്ചു. തന്നെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള തൻ്റെ അവകാശം ജനം അംഗീകരിച്ചതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിൻ്റെ പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്‌തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടും. തൻ്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു. ശശി തരൂരിന് നേരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് തരൂരിന്റെ പരാമർശം എന്നതാണ് ശ്രദ്ധേയം. കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനം ഉയർന്നത്.

പുതിയ വോട്ടർമാരെ ആകർഷിക്കാതെ പോവുകയാണെങ്കിൽ, കേരളത്തിലെ കോൺഗ്രസ് മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന് അദ്ദേഹം അഭിമുഖത്തിൽ മുന്നറിയിപ്പ് നല്‍കി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് പരിമിതമായ വോട്ടുബാങ്കിനെ മാത്രം ആശ്രയിച്ചാൽ വിജയിക്കാനാകില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ മറ്റു ചിലരും അതേ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നുണ്ടെന്നും, യുഡിഎഫിലെ സഖ്യകക്ഷികളും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പിണറായി വിജയൻ സർക്കാരിനേയും പ്രശംസിച്ചതിനെ ചൊല്ലി കോൺഗ്രസ് നേതൃത്വം തരൂരിനെതിരെ പരസ്യവിമർശനം നടത്തിയതിനെയും തരൂർ പരാമർശിച്ചു.  താന്‍ എപ്പോഴും നിക്ഷ്പക്ഷമായുള്ള അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും, ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലെന്നുമാണ് തരൂരിന്റെ വിശദീകരണം. രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് താൻ എപ്പോഴും നിർഭയമായി തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തരൂർ പറഞ്ഞു.

'എനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമുമ്പ് രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് കോൺഗ്രസിന് എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല സംരംഭങ്ങളെ ഞാൻ ചിലപ്പോൾ പ്രശംസിക്കുന്നത്', തരൂർ പറഞ്ഞു. 

ഒരു സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികൾക്ക് വിമർശിക്കുകയും ചെയ്യുമെന്ന് പറഞ്ഞ തരൂർ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, പാർട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.

ശശി തരൂരിന്റെ പുതിയ പരാമർശങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ശശി തരൂരിന്റെ പരാമർശങ്ങൾ കേരളത്തിലെ കോൺഗ്രസിൽ വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Shashi Tharoor hinted at moving away from Congress, citing leadership crisis in Kerala. He emphasized the need for the party to attract new voters to avoid further defeats.

#ShashiTharoor #CongressCrisis #KeralaPolitics #LeadershipCrisis #TharoorOpinion #PoliticalFuture

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia