Political Leader | എസ്എം കൃഷ്ണയുടെ സംസ്‌കാരം ബുധനാഴ്ച മാണ്ഡ്യയിൽ; കർണാടകയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11ന് അവധി പ്രഖ്യാപിച്ചു
● വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
● മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് മദ്ദൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
● വൈകിട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നും ശിവകുമാർ പറഞ്ഞു.
ബെംഗ്ളുറു: (KVARTHA) അന്തരിച്ച കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ (92) യുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ സോമനഹള്ളി ഗ്രാമത്തിൽ ബുധനാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ എട്ട് മണി വരെ എല്ലാവർക്കും ബെംഗ്ളൂറിലെ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണിക്ക് മദ്ദൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. 10.30ന് മദ്ദൂരിൽ എത്തിക്കും. അതിനുശേഷം മൂന്ന് മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നും ശിവകുമാർ പറഞ്ഞു. എസ്എം കൃഷ്ണയുടെ നിര്യാണത്തിൽ രാഷ്‌ടീയ, സാമൂഹ്യ, സാംസ്‌കാരിക, വ്യവസായിക, മത രംഗത്തെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
1962-ൽ കർണാടകയിലെ മദ്ദൂർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതോടെയാണ് എസ്എം കൃഷ്ണ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. വിദേശകാര്യ മന്ത്രി, മഹാരാഷ്ട്ര ഗവർണർ, കർണാടക മുഖ്യമന്ത്രി, കർണാടക നിയമസഭാ സ്പീക്കർ, കർണാടക സർക്കാരിൽ മന്ത്രി തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചു. കർണാടകയിലെ ഐടി, ബിടി വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുകയും അന്താരാഷ്ട്ര തലത്തിൽ 'ബ്രാൻഡ് ബെംഗളുരു' എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്തതിൽ പ്രധാന പങ്കു വഹിച്ചു.
1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. നേരത്തെ കോൺഗ്രസിൽ ആയിരുന്ന അദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആദരസൂചകമായി സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച (ഡിസംബർ 11) സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
#SMKrishna #KarnatakaCM #KarnatakaPolitics #StateHoliday #Mandya #PadmaVibhushan