Apology | 'ആത്മാർഥമായി മാപ്പ് ചോദിക്കുന്നു', പട്ടാളനിയമം ഏര്‍പ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; രാജിവെക്കില്ല
● ചൊവ്വാഴ്ച രാജ്യത്ത് പെട്ടെന്ന് പട്ടാള നിയമം പ്രഖ്യാപിച്ച് യൂണ്‍ സുഖ് യോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
● പട്ടാള നിയമം ഏർപ്പെടുത്തിയതിന് ശേഷം രാജ്യത്ത് കടുത്ത പ്രതിഷേധം ആരംഭിച്ചു.
● പ്രസിഡണ്ട് സ്ഥാനത്ത് അദ്ദേഹം തുടരുന്നത് തന്നെ ഇപ്പോൾ ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ അപകടമാണ്.
സോൾ: (KVARTHA) രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയതിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍ ക്ഷമാപണം നടത്തി. 'പട്ടാള നിയമം പ്രഖ്യാപിച്ചതിൽ ഞാൻ വളരെ ഖേദിക്കുന്നു. ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു', ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു. പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച അത് പിൻവലിച്ചതിന് ശേഷം, പ്രസിഡന്റ് തൻ്റെ ആദ്യ പ്രസംഗത്തിൽ രാജി പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചില്ല.
ചൊവ്വാഴ്ച രാജ്യത്ത് പെട്ടെന്ന് പട്ടാള നിയമം പ്രഖ്യാപിച്ച് യൂണ്‍ സുഖ് യോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ദേശവിരുദ്ധ ശക്തികളാണ് ഈ നടപടി സ്വീകരിക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പട്ടാള നിയമം ഏർപ്പെടുത്തിയതിന് ശേഷം രാജ്യത്ത് കടുത്ത പ്രതിഷേധം ആരംഭിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.
അതേസമയം പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ലീ ജെയ്-മ്യുങ്, യൂണിൻ്റെ ക്ഷമാപണം തള്ളിക്കളഞ്ഞു. പ്രസിഡണ്ട് സ്ഥാനത്ത് അദ്ദേഹം തുടരുന്നത് തന്നെ ഇപ്പോൾ ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ അപകടമാണ്. ഉടൻ രാജിവെക്കുകയോ ഇംപീച്ച്‌മെൻ്റിലൂടെ നീക്കം ചെയ്യുകയോ അല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
President Yoon Suk Yeol told South Korea he was "sincerely sorry" for his brief imposition of martial law, in a speech ahead of a scheduled impeachment vote on Saturday.
— Bloomberg TV (@BloombergTV) December 7, 2024
Follow the latest updates on South Korea's political upheaval: https://t.co/lG3XHTiRmJ pic.twitter.com/Yg80K9Zx4x
യൂണിൻ്റെ സ്വന്തം പീപ്പിൾ പവർ പാർട്ടിയുടെ (പിപിപി) നേതാവ് ഹാൻ ഡോങ്-ഹുനും പ്രസിഡൻ്റിൻ്റെ രാജി ഒഴിവാക്കാനാകാത്തതാണെന്നും തൻ്റെ കടമ നിറവേറ്റാൻ അദ്ദേഹത്തിന് ഇനി കഴിയില്ലെന്നും പറഞ്ഞിരുന്നു. യൂണിനെതിരായ ഇംപീച്ച്‌മെൻ്റിനെ എതിർക്കുമെന്ന് പിപിപി അംഗങ്ങൾ പറയുന്നുണ്ടെങ്കിലും, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് വെള്ളിയാഴ്ച ഹാൻ വ്യക്തമാക്കിയിട്ടുണ്ട്.
യൂണിനെ ഇംപീച്ച് ചെയ്യുന്നതിന് ദേശീയ അസംബ്ലിയിലെ 300 അംഗങ്ങളിൽ 200 പേരുടെ പിന്തുണ ആവശ്യമാണ്. സംയുക്തമായി ഇംപീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ പാർട്ടികൾക്ക് ആകെ 192 സീറ്റുകളാണുള്ളത്. യൂണിൻ്റെ പിപിപിയിൽ നിന്ന് കുറഞ്ഞത് എട്ട് പേരുടെയെങ്കിലും പിന്തുണയുണ്ടായാലേ പ്രസിഡന്റിനെ പുറത്താക്കാനാവൂ.
1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂണിന്റെ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷവും തമ്മിൽ തർക്കം നടക്കുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പിൻവലിച്ചത്.
#SouthKorea, #MartialLaw, #YoonSukYeol, #Impeachment, #Apology, #Opposition