Defense Cooperation | ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യയിൽ; ഇരു രാജ്യങ്ങളും എന്തെല്ലാം കരാറുകളാണ് ധാരണയായത്, എന്ത് ഉറപ്പാണ് ദിസനായക നൽകിയത്?
● ഇരു രാജ്യങ്ങൾക്കുമിടയിൽ ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.
● ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനകം 500 കോടി രൂപ സഹായം നൽകിയിട്ടുണ്ട്.
● പ്രസിഡന്റായശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശരാജ്യ സന്ദർശനമാണിത്.
ന്യൂഡൽഹി: (KVARTHA) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും തമ്മിലുള്ള ചർച്ചയിൽ പ്രതിരോധ സഹകരണം ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾക്ക് രൂപം നൽകി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെയും സംയുക്ത വാർത്താസമ്മേളനവും നടത്തി
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് നിക്ഷേപം, കണക്റ്റിവിറ്റി എന്നിവയിൽ ഊന്നൽ നൽകാനും തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും. കൂടാതെ, ശ്രീലങ്കയിലെ പവർ പ്ലാൻ്റുകളിലേക്ക് എൽഎൻജി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനകം 500 കോടി രൂപ സഹായം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1500 ശ്രീലങ്കൻ സിവിൽ സർവീസുകാർക്ക് ഇന്ത്യയിൽ പരിശീലനം നൽകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഒരു തരത്തിലും ശ്രീലങ്കയുടെ ഭൂമി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലെത്തുമെന്നും ഇന്ത്യയ്‌ക്കുള്ള തുടർച്ചയായ പിന്തുണ വീണ്ടും ഉറപ്പുനൽകുന്നുവെന്നും ശ്രീലങ്കൻ പ്രസിഡന്റ് പ്രസ്താവിച്ചു. പ്രസിഡന്റായശേഷം അദ്ദേഹം നടത്തുന്ന ആദ്യ വിദേശരാജ്യ സന്ദർശനമാണിത്. വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനായകയ്‌ക്കൊപ്പമുണ്ട്. സെപ്റ്റംബർ 23നാണ് ദിസനായക അധികാരത്തിലേറിയത്.
#IndiaSriLanka #BilateralAgreements #DefenseCooperation #EconomicRelations #AnuraDissanayake #NarendraModi