Politics | സുപ്രീം കോടതിയിലെ സ്റ്റാലിൻ്റെ വിജയം, കേരളത്തിൻ്റെതും; ഓല പാമ്പുകളെ കൊണ്ട് രാഷ്ട്രീയം കളിക്കാനിറങ്ങിയ കേന്ദ്ര സർക്കാരിന് കനത്ത പ്രഹരം

 
Stalin's Victory in Supreme Court, Also Kerala's; Heavy Blow to Central Government Trying to Play Politics with Scarecrows
Stalin's Victory in Supreme Court, Also Kerala's; Heavy Blow to Central Government Trying to Play Politics with Scarecrows

Photo Credit: Facebook/ Stalin M K, Pinarayi Vijayan

● കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ പാലമായി പ്രവർത്തിക്കണം. 
● ബില്ലുകളിൽ ഒപ്പിടുകയും തീരുമാനമെടുക്കുകയും വേണം. 
● ബില്ലുകൾ പിടിച്ചുവെക്കുന്നത് സംസ്ഥാന സർക്കാരിന് തടസ്സമുണ്ടാക്കുന്നു.
● സുപ്രീം കോടതി ഗവർണറുടെ അധികാരത്തിൽ വ്യക്തത വരുത്തി. 
● ബില്ലിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ചു. 

ഭാമനാവത്ത്

(KVARTHA) ഭരണഘടനാപരമായി ഓരോ സംസ്ഥാനത്തിൻ്റെയും ഭരണതലവനാണെങ്കിലും ഫെഡറൽ സംവിധാനത്തിൽ ആലങ്കാരികപദവി മാത്രമാണ് ഗവർണറുടെത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടെയിലുളള ആശയവിനിമയത്തിന് ഉതകുന്ന പാലമായാണ് ഇത്തരം നോമിനേറ്റ്ഡ് ഭരണതലവൻ പ്രവർത്തിക്കേണ്ടത്. സംസ്ഥാന സർക്കാരിൻ്റെ ഭരണകാലയളവിൽ ബില്ലുകൾ ഒപ്പിടുകയും ഓർഡറുകളിൽ തീരുമാനമെടുക്കുകയും ചെയ്യുന്നത് ഗവർണറാണ്. സംസ്ഥാനത്തിൻ്റെ ക്രമസമാധാന സാമ്പത്തിക സ്ഥിതികളെ കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതും ഗവർണർമാരാണ്. 

സംസ്ഥാന സർക്കാരിൻ്റെ നയപ്രഖ്യാപനം നിയമസഭയിൽ അവതരിപ്പിക്കേണ്ടതും ഗവർണറുടെ ഉത്തരവാദിത്വമാണ്. എന്നാൽ ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ രാഷ്ട്രീയക്കാരുടെ റോളിലേക്ക് മാറിയിരിക്കുകയാണ്. സർവകലാശാല ചാൻസലർമാരായ ഗവർണർ കേന്ദ്രഭരണകൂടത്തിൻ്റെ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ഡൽഹിയിലും കേരളത്തിലും ഏറ്റവും ഒടുവിൽ തമിഴ്നാട്ടിലും പ്രതിപക്ഷ നേതാക്കളെപ്പോലെയാണ് ഗവർണർ പ്രവർത്തിച്ചത്. ഇത് സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിവെച്ചിട്ടുമുണ്ട്. 

മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ തെരുവിൽ തടയുന്ന സാഹചര്യവുമുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ അമിതമായി രാഷ്ട്രീയവൽക്കരിക്കുകയും പിൻവാതിൽ നിയമനം നടത്താൻ സർക്കാർ ശ്രമിച്ചതിനെതിരെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ്റെ വിയോജിപ്പ്. ഇതിൽ വസ്തുതാപരമായ ശരികളുണ്ടെങ്കിലും സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തിൽ ബില്ലുകൾ ഒപ്പിടാതെ മടക്കുന്ന സാഹചര്യവുമുണ്ടായി. നിഷ്പക്ഷമായി നിന്നു കൊണ്ട് ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനപ്രതിനിധികൾക്ക് ജനാധിപത്യപ്രക്രിയയിലൂടെ ഭരണം നടത്താൻ സഹായിക്കുന്ന വ്യക്തിയായിരിക്കണം ഗവർണറെന്ന് ഇപ്പോൾ സുപ്രീം കോടതി തന്നെ അസന്നിഗ്ദ്ധമായി പറഞ്ഞിരിക്കുകയാണ്. 

സംസ്ഥാനഭരണനിർവഹണവിഭാഗത്തിന്റെ തലവനായ ഗവർണർ രാഷ്ട്രീയ പാർട്ടിയുടെ വക്താവായി പെരുമാറരുതെന്നാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനയെ അട്ടിമറിച്ചും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനാധിപത്യ പ്രക്രിയയെയും തള്ളി കളഞ്ഞും തമിഴ്‌നാട് ഗവർണർ ആർ എൻ രവി നടത്തിയ നീക്കങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിയമപോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി തന്നെ തടയിട്ടിരിക്കുകയാണ് ഇപ്പോൾ.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് പിടിച്ചുവെക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി  വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ സമർപ്പിക്കുന്ന ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും ഗവർണർ തിരിച്ചയച്ച ബില്ല് നിയമസഭ വീണ്ടും പാസാക്കി തിരിച്ച് അയച്ചാൽ ഒരു മാസത്തിനുള്ളിൽ ബില്ലിൽ തീരുമാനം ആക്കണമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കോടതിക്ക് ചൂണ്ടിക്കാട്ടേണ്ടി വന്നു. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

പത്തോളം ബില്ലുകളാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവി അനധികൃതമായി തീരുമാനമാക്കാതെ പിടിച്ചുവെച്ചിരുന്നത്. ഈ പത്ത് ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ സത്യസന്ധമായി പെരുമാറിയില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് വർഷത്തോളം നീണ്ടു നിന്ന എംകെ സ്റ്റാലിന്റെ നിയമപോരാട്ടത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. 

തമിഴ്‌നാട് ഗവർണറായി അധികാരമേറ്റ ആർഎൻ രവി തുടക്കം മുതൽ പദവിയുടെ ഔന്നിത്യം ഉയർത്തിപ്പിടിക്കാതെ വെറുമൊരു രാഷ്ട്രീയക്കാരനായാണ് ഇടപെട്ടത്. ബില്ലുകൾ തടഞ്ഞുവയ്ക്കുക മാത്രമല്ല ഗുരുതരമായ ഭരണഘടനാ ലംഘനവും അദ്ദേഹം നടത്തി. സംസ്ഥാന നിയമസഭയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 76 പ്രകാരം നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെ, നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് 'മതേതരത്വം' എന്ന വാക്കും 'ദ്രാവിഡ ഭരണ മാതൃക' പോലുള്ള മറ്റ് പദങ്ങളും അദ്ദേഹം ഒഴിവാക്കി. 

പെരിയാർ, അംബേദ്കർ, കെ കാമരാജ്, കരുണാനിധി തുടങ്ങിയ പേരുകളും ഒഴിവാക്കി. ഗവർണറുടെ ഈ നടപടിയെ സ്റ്റാലിൻ വിമർശിച്ചതിനെ തുടർന്ന് ദേശീയഗാനത്തിനായി പോലും കാത്തിരിക്കാതെ നിയമസഭയിൽ നിന്ന് ആർ എൻ രവി ഇറങ്ങിപ്പോയി. തമിഴ്‌നാട്ടിലെ മന്ത്രിയായിരുന്ന വി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ പുനർവിന്യസിക്കുന്നതിനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ശിപാർശയിൽ നടപടിയെടുക്കാനും ആർ എൻ രവി വിസമ്മതിച്ചു. ഗവർണർ സ്ഥാനം വഹിക്കുന്നയാൾ ഭരണഘടനയെയും ഭരണഘടനാ ധാർമ്മികതയെയും നഗ്‌നമായി ലംഘിക്കുന്നതിന്റെ ഉദാഹരണമായിരുന്നു ഇതെന്നാണ് ആരോപണം.

ഏറ്റവുമൊടുവിൽ ഈ കഴിഞ്ഞ ജനുവരിയിൽ തമിഴ്നാടിന്റെ സംസ്ഥാനഗീതമായ 'തമിഴ് തായ് വാഴ്ത്ത്' പാടിയതിൽ ചൊടിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.ഗവർണർ ആസൂത്രിതമായി ചട്ടങ്ങൾ ലംഘിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനം അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നുമായിരുന്നു സ്റ്റാലിൻ ഇതിന് മറുപടിയായി പറഞ്ഞത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് തുടരാൻ രവി യോഗ്യനല്ലെന്ന് അറിയിച്ചുള്ള കത്തിൽ, സംസ്ഥാനത്ത് അദ്ദേഹം നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും ഉൾപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി വരുന്നത്. സുപ്രീംകോടതിയിൽ നിന്ന് ഏറ്റ ഈ തിരിച്ചടിയിൽ ഗവർണരുടെ ഇനിയുള്ള നടപടിയെന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. 

ധാർമ്മികമായി രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിൽ നിന്നും പ്രഹരമേറ്റ ഗവർണർ രാജി വയ്ക്കുന്നതാണ് ഉചിതം. തമിഴ്നാടിന് അനുകൂലമായ സുപ്രീം കോടതി വിധി കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ആശ്വാസകരമാണ്. തങ്ങളുടെ സേച്ഛാധിപത്യം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനുള്ള താക്കീത്കൂടിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ്റെ നിയമപോരാട്ടം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Supreme Court has ruled in favor of the Tamil Nadu government, stating that the Governor has no authority to indefinitely withhold bills passed by the state assembly and must decide within three months, or one month if the bill is returned and repassed. The verdict criticizes Governor R.N. Ravi's actions and is seen as a setback for the central government and a relief for opposition-ruled states like Kerala, reinforcing the constitutional role of the Governor as a non-partisan head of state.

#SupremeCourt #StalinVictory #GovernorRow #Federalism #Kerala #TamilNadu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia