Protest |  എന്താണ് ബംഗ്ലാദേശിൽ പ്രധാനമന്തിയുടെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭം? വിശദമായി അറിയാം; മൂലകാരണം സംവരണം!

 
Protest
Protest

Image Credit: X/ BringingJusticetoYou

ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ 56 ശതമാനം സംവരണം ബാധകമാണ്. ഇതിൽ 30 ശതമാനം സംവരണം 1971ലെ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾക്കാണ്

ധാക്ക: (KVARTHA) ബംഗ്ലാദേശിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യം വിടുമ്പോൾ സഹോദരി ഷെയ്ഖ് രഹനയും അവർക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്കും നിരവധി പ്രതിഷേധക്കാർ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Protest

ഓഗസ്റ്റ് നാലിന് (ഞായർ) നടന്ന അക്രമത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു ഡസനിലധികം പൊലീസുകാരും നിരവധി മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഇൻ്റർനെറ്റ് സേവനങ്ങൾ അടച്ചുപൂട്ടുകയും അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.  പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Protest

അവാമി ലീഗിൻ്റെ പ്രവർത്തകരെ ലക്ഷ്യമിട്ട് മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ പ്രവർത്തകരും വൻതോതിൽ തെരുവിലുണ്ട്. ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുൻ പ്രധാനമന്ത്രി ഖാലിദ് സിയയുടെ പാർട്ടിയായ ബിഎൻപിയുടെ വിദ്യാർത്ഥി വിഭാഗമായ ബംഗ്ലാദേശ് ഇസ്ലാമി ഛത്ര ഷിബിറും, ജമാഅത്തെ ഇസ്ലാമിയും ചേർന്നാണ് വിദ്യാർത്ഥികളുടെ ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭരണകക്ഷി നേതാക്കൾ ആരോപിക്കുന്നു.

എന്തുകൊണ്ടാണ് ബംഗ്ലാദേശിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്?

ജൂലൈയിൽ തന്നെ ബംഗ്ലാദേശിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. സംവരണമാണ് ബംഗ്ലാദേശിലെ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മൂലകാരണം. ഇവിടെ സർക്കാർ ജോലികളിൽ 56 ശതമാനം സംവരണം ബാധകമാണ്. ഇതിൽ 30 ശതമാനം സംവരണം 1971ലെ വിമോചന സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് മാത്രമാണ്. ഇതിനുപുറമെ, സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജില്ലകൾക്ക് 10% സംവരണം, സ്ത്രീകൾക്ക് 10%. ജാതി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനവും വികലാംഗർക്ക് ഒരു ശതമാനവുമാണ് സംവരണം.


1971-ലെ വിമോചന സമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്നത്. ഇതുമൂലം യോഗ്യതയുള്ള യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ലെന്നും, പകരം യോഗ്യതയില്ലാത്തവരെയാണ് സർക്കാർ ജോലികളിൽ നിയമിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമനം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തിലേക്ക് 

വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ആദ്യം ചില ക്വാട്ടകൾ കുറച്ചെങ്കിലും, വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു. ഇത് അക്രമാസക്തമായി, നിരവധി പൊലീസ് സ്റ്റേഷനുകളും സർക്കാർ കെട്ടിടങ്ങളും അഗ്നിക്കിരയായി. പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു, ആയിരക്കണക്കിന് പേർ അറസ്റ്റിലായി. അക്രമം നിയന്ത്രിക്കാൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. ഒടുവിൽ പ്രതിഷേധം സംവരണത്തിൽ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് മാറുകയാണ് ഉണ്ടായത്.

നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം

അതിനിടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി നേതാക്കൾ നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചു. നികുതിയും മറ്റ് സർക്കാർ ബില്ലുകളും അടക്കരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇതിനുപുറമെ ഫാക്ടറികളും സർക്കാർ ഓഫീസുകളും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് അഞ്ചിന് തലസ്ഥാനമായ ധാക്കയിൽ വിദ്യാർഥികൾ ലോങ് മാർച്ചും പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, സർക്കാർ ധാക്കയിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഓഗസ്റ്റ് ആറ് വരെ അവധി പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ഷെയ്ഖ് ഹസീന  തീവ്രവാദികളാണെന്ന് വിശേഷിപ്പിച്ചതും വിവാദമായി.

സൈന്യവും സർക്കാരിന് എതിരാണോ?

ഷെയ്ഖ് ഹസീനയുടെ 15 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ തോതിൽ പ്രകടനങ്ങൾ നടക്കുന്നത്. സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നിരുന്നാലും, സൈന്യത്തിലെ ഒരു വിഭാഗവും സർക്കാരിന് എതിരാണെന്ന് പറയുന്നുണ്ട്. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കരുതെന്ന് ബംഗ്ലാദേശ് ആർമിയിലെ പല മുൻ മേധാവികളും സൈന്യത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സായുധ സേനകൾ ഉടൻ തന്നെ സൈനിക ക്യാമ്പുകളിലേക്ക് മടങ്ങണമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും മുൻ ബംഗ്ലാദേശ് ആർമി ചീഫ് ഇഖ്ബാൽ കരീം ഭുനിയ രേഖാമൂലം പ്രസ്താവനയിൽ പറഞ്ഞിരുന്നു. 


ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചത് അധികാരമൊഴിയാന്‍ സൈന്യം അന്ത്യശാസനം നല്‍കിയതിന് പിന്നാലെയെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, ഇന്ത്യ ബംഗ്ലാദേശിലെ ഈ സംഭവങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രമിക്കുന്നു. കാരണം, അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യയുടെ പൊതുനയമല്ല. അതേസമയം ബംഗ്ലാദേശ് നിലവിൽ ഗുരുതരമായ അസ്ഥിരതയുടെ നിഴലിൽ കഴിയുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia