Suresh Gopi | സുരേഷ് ഗോപി കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റി; തൃശൂര്‍ നഗരത്തില്‍ അണികളുടെ ആവേശോജ്വല സ്വീകരണം, റോഡ് ഷോയും സംഘടിപ്പിച്ചു
എംടി രമേശ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു
വിജയപത്രിക സ്വീകരിച്ചശേഷം പുറത്തെത്തിയ നേതാവ് അത് ഉയര്‍ത്തി കാണിച്ചു
തൃശൂര്‍: (KVARTHA) ബിജെപിക്ക് കേരളത്തില്‍ ആദ്യമായി ലോക് സഭയിലേക്ക് അകൗണ്ട് തുറന്ന സുരേഷ് ഗോപി കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റി. തൃശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് അണികള്‍ ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഷോയും നടന്നു.
തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു. നെടുമ്പാശേരിയില്‍നിന്ന് കാര്‍ മാര്‍ഗമാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാന്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയിരുന്നു.
'സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്. എംടി രമേശ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വിജയപത്രിക സ്വീകരിച്ചശേഷം പുറത്തെത്തിയ സുരേഷ് ഗോപി, വിജയപത്രിക ഉയര്‍ത്തി കാണിച്ചു. പ്രവര്‍ത്തകര്‍ പൂമാലകളും ഷാളുകളും അണിയിച്ച് പ്രിയ നേതാവിനെ സ്വീകരിച്ചു. കലക്ടറേറ്റില്‍നിന്ന് മണികണ്ഠനാലിലെത്തിയ സുരേഷ് ഗോപി അവിടെനിന്ന് ബൈക് ഷോയുടെ അകമ്പടിയോടെ തൃശൂര്‍ ഗ്രൗണ്ടിലേക്ക് എത്തും.
കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നുമായിരുന്നു മറുപടി. തൃശൂരിലേക്ക് മെട്രോ റെയില്‍ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് പറഞ്ഞ താരം മെട്രോ വന്നാല്‍ സ്വപ്നം കാണുന്ന വളര്‍ച ലഭിക്കുമെന്നും വ്യക്തമാക്കി.
ബിസിനസ് സാധ്യത വളരും. മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്. പഠന റിപോര്‍ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സ്ഥിര താമസമാക്കുമോയെന്ന ചോദ്യത്തിന്, സ്ഥിരതാമസം ആക്കിയതുപോലെ ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും താന്‍ തൃശൂരില്‍ തന്നെ ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
വോടര്‍മാരെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും അവരാണ് എല്ലാം നിശ്ചയിക്കുന്നതെന്നും താരം പറഞ്ഞു. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നില്ല. അദ്ദേഹം മറ്റ് പല യോഗങ്ങളുടെ തിരക്കിലാണെന്നും അടുത്തദിവസം കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രചാരണ കാലത്ത് പോലും എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പറഞ്ഞിട്ടില്ല. മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അതല്ലാതെ അവരുടെ പേര് പോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്.
വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതിന്റ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെ പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ തന്റെ പാഷനാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.