Leadership Crisis | മഹാരാഷ്ട്രയിൽ സസ്‍പെൻസ് തുടരുന്നു; മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഏകനാഥ് ഷിൻഡെ രാജിവെച്ചു

 
Eknath Shinde Resigns Maharashtra
Eknath Shinde Resigns Maharashtra

Photo Credit: X/ Eknath Shinde

● ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു.
● പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വരെ ഏകനാഥ് ഷിൻഡെ ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരും.
● തെരഞ്ഞെടുപ്പിൽ ബിജെപി 132 സീറ്റുകളും ഏകനാഥ് ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി. 


മുംബൈ: (KVARTHA) മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഏകനാഥ് ഷിൻഡെ രാജിവെച്ചു. ഗവർണർ സി പി രാധാകൃഷ്ണന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ഷിൻഡെയോടൊപ്പം ഉണ്ടായിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വരെ ഏകനാഥ് ഷിൻഡെ ആക്ടിംഗ് മുഖ്യമന്ത്രിയായി തുടരും.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ഏകനാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ എൻസിപി എന്നിവയുടെ സഖ്യമായ 'മഹായുതി' വിജയിച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് സസ്‌പെൻസ് നിലനിൽക്കുകയാണ്. 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയത്. 

തെരഞ്ഞെടുപ്പിൽ ബിജെപി 132 സീറ്റുകളും ഏകനാഥ് ശിവസേന 57 സീറ്റുകളും എൻസിപി 41 സീറ്റുകളും നേടി. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്ക് (എംവിഎ) വലിയ തിരിച്ചടി നേരിട്ടു. 16 സീറ്റുകൾ മാത്രം നേടിയ പാർട്ടി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ശരദ് പവാറിൻ്റെ എൻസിപിക്ക് 10 സീറ്റുകളും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 20 സീറ്റുകളും മാത്രമാണ് ജയിക്കാനായത്.

അതേസമയം പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നാലോ അഞ്ചോ ദിവസം കൂടി എടുത്തേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ തുടരുന്ന തർക്കമാണ് പ്രധാന കാരണമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തുടരണമെന്നതിൽ ഉറച്ചുനിൽക്കുകയാണ് ശിവസേന നേതാക്കൾ, ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടന്നതെന്നും അവർ വാദിക്കുന്നു.

എന്നാൽ, ബിജെപി നേതാക്കൾ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യത്തിലാണ്. നിയമസഭയിൽ ബി.ജെ.പി എക്കാലത്തെയും ഉയർന്ന നേട്ടമായ 132 സീറ്റുകൾ നേടിയതോടെ, സംസ്ഥാന സർക്കാരിനെ നയിക്കാൻ ഏറ്റവും മികച്ച വ്യക്തി ഫഡ്‌നാവിസാണെന്ന് പാർട്ടിയിലെ പലരും പറയുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിച്ചു.

 #Maharashtra, #EknathShinde, #BJP, #ShivSena, #PoliticalCrisis, #Fadnavis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia