T Siddique | 'പലരും ദുരന്തമുഖത്തേക്ക് വന്നു, പക്ഷേ ഒരാൾ തിരികെ മടങ്ങാതെ അവിടെ നിന്നു', ടി സിദ്ദീഖ്  എന്ന പച്ചയായ മനുഷ്യൻ

 
T Siddique
T Siddique

Photo Credit: Facebook/ T Siddique

ടി സിദ്ദീഖ് എംഎൽഎ യെ പ്രശംസിച്ചു കൊണ്ട് ധാരാളം പേരാണ് സോഷ്യൽ മീഡിയയിലും മറ്റും രംഗത്തുവന്നിരിക്കുന്നത്

സോണി കല്ലറയ്ക്കൽ

(KVARTHA) 'പലരും ദുരന്തമുഖത്തേക്ക് വന്നു. പക്ഷേ ഒരാൾ മാത്രം തിരികെ മടങ്ങാതെ അവിടെ നിന്നു'. വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ഈ നാടിനെ മുഴുവൻ നടുക്കിയ ദുരന്തമായിരുന്നു. ധാരാളം പേർ മരണപ്പെട്ടു. പലർക്കും സ്വന്തം സ്ഥലങ്ങളും മറ്റും നഷ്ടപ്പെട്ടു. ഈ ദുരന്തഭൂമിയിലേയ്ക്ക് ധാരാളം നേതാക്കന്മാരും സിനിമാ താരങ്ങളുമൊക്കെ ഒഴുകിയെത്തുകയുണ്ടായി. ഇപ്പോൾ പ്രധാനമന്ത്രിയും അവിടേയ്ക്ക് വരുമെന്ന് കേൾക്കുന്നു. ഇവർ എല്ലാവരും എത്തിയെങ്കിലും അവിടുത്തെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചവരിൽ ഒരാൾ ടി സിദ്ദിഖ് എംഎൽഎ അയിരുന്നുവെന്ന് വേണം പറയാൻ. 

 T Siddique

ഇപ്പോൾ ടി സിദ്ദീഖ് എംഎൽഎ യെ പ്രശംസിച്ചു കൊണ്ട് ധാരാളം പേരാണ് സോഷ്യൽ മീഡിയയിലും മറ്റും രംഗത്തുവന്നിരിക്കുന്നത്. അവർ കുറിച്ചത് ഇങ്ങനെ: 'പലരും ദുരന്തമുഖത്തേക്ക് വന്നു. പക്ഷേ ഒരാൾ മാത്രം തിരികെ മടങ്ങാതെ അവിടെ നിന്നു. കഴിഞ്ഞ 8 ദിനരാത്രങ്ങൾ കർമ്മനിരതയോടെ ഒരു രക്ഷാപ്രവർത്തകനായി അവരുടെ എംഎൽഎ ആ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. നാടിനെ നടുക്കിയ ഭീകരത മുഴുവൻ അദ്ദേഹം കണ്ടു. ടി സിദ്ദീഖ് എംഎൽഎ കോൺഗ്രസുകാരുടെ മാത്രമല്ല ഓരോ മലയാളിയുടെയും അഭിമാനമായി മാറിയ കാഴ്ച. മന്ത്രിമാർക്കൊപ്പം ശീതീകരിച്ച മുറിയിൽ അദ്ദേഹത്തിന് ചർച്ചകൾ നടത്തി മടങ്ങാമായിരുന്നു. പക്ഷേ തന്നിലെ ഉത്തരവാദിത്വമെന്തെന്ന് തിരിച്ചറിഞ്ഞ പച്ച മനുഷ്യനായി അദ്ദേഹം ഇപ്പോഴും അവിടെയുണ്ട്'. 

ചിന്തിക്കുമ്പോൾ ഇത് സത്യമല്ലെന്ന് ആർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇത്രയും രാവും പകലും ഒന്നിച്ച് ദുരന്തഭൂമിയിൽ ആ പാവപ്പെട്ട മനുഷ്യർക്കൊപ്പം ജീവിക്കുന്ന എം.എൽ.എയെയാണ് എല്ലാവർക്കും കാണാൻ കഴിഞ്ഞത്. രാത്രിയിൽ പോലും ഉറക്കളച്ചിരുന്ന് ഓടിനടന്ന് സിദ്ദിഖ് എം.എൽ.എ യുടെ മുഖം നിഷ്പക്ഷമായി വിലയിരുത്തുന്ന പലരും അത്ര വേഗം മറക്കുമെന്ന് തോന്നുന്നില്ല.. ഇതു സംബന്ധിച്ച് പൊതുസമൂഹത്തിൽ നിന്ന് ഒരാൾ ഇങ്ങനെ എഴുതിയതും ശ്രദ്ധയിൽപ്പെട്ടു. 

 T Siddique

'ദുരന്തഭൂമിയിലെ താങ്കളുടെ നിരന്തരമുള്ള ഇടപെടലുകൾ കണ്ട് പലവട്ടം എന്റെ കണ്ണുകൾ നിറഞ്ഞിട്ടിട്ടുണ്ട്. സർവ്വമത പ്രാർത്ഥനയോടെ നമ്മുടെ സഹോദരങ്ങളെ അടക്കം ചെയ്യുന്ന നേരം താങ്കൾ മനോരമ ന്യൂസിലെ അയ്യപ്പദാസിനോട് സംസാരിക്കുമ്പോൾ താങ്കളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. അന്നേരം അത് കണ്ട എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഇക്കഴിഞ്ഞ സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസമായി ഓടിയെത്തി. അവരുടെ മനസിന്‌ കുളിരു പകരുന്ന കാഴ്ചകൾ കണ്ടപ്പോൾ അപ്പോഴും സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. പ്രിയപ്പെട്ട സിദ്ദീഖ് ഇക്കാ നിങ്ങൾ വെറുമൊരു മനുഷ്യനല്ല. ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഒരു നന്മയാണ്. താങ്കൾ ഞാൻ വിശ്വസിക്കുന്ന പാർട്ടിയുടെ ഭാഗമെന്നു ഓർക്കുന്നത് പോലും എനിക്ക് അഭിമാനമാണ്. നന്ദി നന്ദി ഒത്തിരി നന്ദി. ഈ നന്മ തുടരുക'. 

T Siddique

അമ്പു ഹരി എന്ന  മറ്റൊരാൾ എഴുതിയത് ഇങ്ങനെ: 'വാക്കുകൾക്ക് അതീതമാണ് ഈ നന്മ മരം. അത് അനുഭവിക്കാൻ ഭാഗ്യം കിട്ടിയ നമ്മൾ വയനാട്ടുകാർ. നമ്മുടെ വെറുമൊരു എംഎൽഎ മാത്രമല്ല സിദ്ദിഖ്. നമ്മൾ ഓരോരുത്തരുടെയും കൂടപ്പിറപ്പാണ്. സത്യത്തിൽ അദ്ദേഹത്തിൻ്റെ ആയുർആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം നമ്മൾ ഓരോരുത്തരും. കാരണം നമ്മുടെ ഒക്കെ ഇടയിൽ ഒരു കൂടപ്പിറപ്പായി ഊണും ഉറക്കവും ഉപേക്ഷിച്ച് രാപ്പകൽ ഇല്ലാതെ ഓടിനടക്കുന്ന ഇദ്ദേഹം സ്വന്തം ആരോഗ്യം പോലും മറന്നാണ് കഴിഞ്ഞ ഒമ്പത് ദിവസമായിട്ടും ഈ ദുരന്ത ഭൂമിയിൽ ഉറ്റവരെയും ഉടയവരെയും സർവ്വസ്വവും തന്നെ നഷ്ടപ്പെട്ട ഒട്ടനവധി പവങ്ങൾക്കിടയിൽ ഒരു കൂടപ്പിറപ്പായി തുടരുന്നത്. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ'. 

'മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവർക്ക് താങ്ങും തണലുമായി മാറുമ്പോൾ അവർ ഇതുപോലെയുള്ളവരെ അവരുടെ ഹൃദയത്തിൽ ചേർത്ത് വെക്കുന്നു എന്നതിന് ഉദാഹരണമാണ് ഇതൊക്കെ. അല്ലെങ്കിൽ  ദുരന്തമുഖങ്ങളിൽ ചോരമഴ നനയുന്നവർക്ക് കാവലായ്, ആശ്വാസത്തിന്റെ തെളിനീരായ്, കരുണയുടെ ദീപമായ് പ്രിയ നേതാവ് ടി സിദ്ദിഖ് എന്ന് വേണമെങ്കിൽ പറയാം. ദുരന്തം പെയ്തിറങ്ങിയ മണ്ണിൽ സ്നേഹദൂതുമായി അവരുടെ കാവൽക്കാരൻ. വയനാട്ടുകാരെ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് തെറ്റിയില്ല. അഭിമാനമാണ് ഓരോ നിമിഷവും. ഉമ്മൻ ചാണ്ടി സാറിൻ്റെ പാത പിൻതുടരുന്ന പ്രിയപ്പെട്ട സിദ്ദിഖ്ക്ക, നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടി രാപ്പകൽ ഇല്ലാതെ നെഞ്ചും മനസ്സും കണ്ണും നിറഞ്ഞ് അവരുടെ കൂടെ ചേർന്ന് നിന്നില്ലേ, അവരിൽ ഒരാളായി, ആ നന്മ മാത്രം മതി ഈ മനുഷ്യായുസ്സിൽ ഇക്ക. നിങ്ങളോട് എന്നും സ്നേഹവും ബഹുമാനവും മാത്രം'. 

ഇങ്ങനെ പറഞ്ഞത് വയനാടിന് പുറത്തുള്ളവരായിരുന്നെന്നും ഓർക്കണം. പലരും പല നേതാക്കളും മന്ത്രിമാരും ഈ ദുരന്തമുണ്ടായപ്പോഴും, ചിലർ എ സി റൂമിൽ വിശ്രമിച്ചപ്പോഴും ടി സിദ്ദിഖ് എന്ന എം.എൽ.എ ആ ദുരന്തഭൂമിയിൽ സാധാരണക്കാർക്കൊപ്പം ജീവിക്കുകയായിരുന്നുവെന്ന് പറയേണ്ടി വരും. കൃത്യമായി പറഞ്ഞാൽ ജനകീയ നേതാവ് പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ തന്നെ. ഉമ്മൻ ചാണ്ടി കൈപിടിച്ച് വളർത്തിയ അരുമ ശിഷ്യൻ ടി സിദ്ദിഖ്. നന്മ എന്തെന്ന് മലയാളികൾ കണ്ടറിഞ്ഞു. വലിയ വലിയ ആളുകൾ ഈ അവസരത്തിൽ വലിയ തരംഗമായി മാറുമ്പോൾ ഇതുപോലെയുള്ള ആളുകളും വിസ്മരിക്കപ്പെടരുത്. ശരിക്കും വയനാട്ടിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ടി സിദ്ദീഖ് തന്നെ.

#WayanadLandslide #Kerala #TSiddique #Humanitarian #RescueOperations #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia