Approval | നടന്‍ വിജയ് യുടെ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം
ചെന്നൈ: (KVARTHA) നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ആദ്യവാതില്‍ തുറന്നെന്നും, തമിഴ്‌നാട്ടിനെ നയിക്കുന്ന പാര്‍ട്ടിയായി ഉയരുമെന്നും വിജയ് പ്രതീക്ഷ പങ്കുവച്ചു. പാര്‍ട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടില്‍ മുന്നോട്ടു പോകുമെന്നും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചു.
ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസിലെത്തിയാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഭരണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്‌കാരം എന്നിവ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ച് ഫെബ്രുവരിയിലാണ് തമിഴ് സൂപ്പര്‍ താരം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുള്‍പ്പെടുത്തിയാണ് 'തമിഴക വെട്രി കഴകം' (തമിഴക വിജയ സംഘം) പ്രഖ്യാപിച്ചത്.
2021ല്‍ 9 ജില്ലകളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയ്യുടെ ആരാധക സംഘടന 115 സീറ്റുകളില്‍ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ല.
#Vijay #TamilNaduPolitics #IndianPolitics #TamilNaduMakkalIyakkam #Elections #SouthIndianCinema #CelebrityPolitics