Language | തമിഴ് മണ്ണിലെ ഭാഷാസമരത്തിൽ വിളവെടുപ്പിനിറങ്ങുമ്പോൾ കയ്യടി നേടുന്നത് ഡിഎംകെയോ വിജയിയോ? ദ്രാവിഡ രാഷ്ട്രീയത്തിന് മുൻപിൽ ചുവടുറപ്പിക്കാനാവാതെ വീണ്ടും അടി തെറ്റി ബിജെപി


● തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ സമരം ശക്തമാകുന്നു.
● തമിഴ്നാടിൻ്റെ ദ്രാവിഡ രാഷ്ട്രീയം ഭാഷാസമരങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
● കേന്ദ്രസർക്കാരിൻ്റെ ത്രിഭാഷാ പദ്ധതിക്കെതിരെയാണ് പ്രതിഷേധം.
● മുൻപ് പലതവണ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ സമരങ്ങൾ നടന്നിട്ടുണ്ട്.
ഭാമനാവത്ത്
(KVARTHA) സ്വന്തം ഭാഷ തമിഴ് മക്കൾക്ക് എഴുതാനും വായിക്കാനും മാത്രമുള്ളതല്ല ആത്മാഭിമാനത്തിൻ്റെ പ്രതീകം കൂടിയാണ്. തമിഴ് ഭാഷാവാദം ഉയർത്തിയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ വോട്ടു കൊയ്യുന്നതും അധികാരത്തിലേറുന്നതും. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പിക്ക് തമിഴ്നാട്ടിൽ പച്ച തൊടാൻ കഴിയാത്തത് ഈയൊരു ഭാഷ വികാരം നിലനിൽക്കുന്നതുകൊണ്ടാണ്. ഉത്തരേന്ത്യൻ ഭാഷയായ ഹിന്ദിയെ തമിഴ്നാട്ടിലേക്ക് ഒളിച്ചു കടത്താൻ ബി.ജെ.പി ഉയർത്തുന്ന ദേശീയ രാഷ്ട്രീയത്തിലൂടെ ശ്രമിക്കുന്നുവെന്നാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ ആരോപണം.
തമിഴോ, ഹിന്ദിയോയെന്നു അവർ ഉന്നയിക്കുന്ന ചോദ്യത്തിന് മുൻപിൽ അഴിമതിയും കെടുകാര്യസ്ഥതയും കുടുംബത്തിൻ്റെ സേച്ഛാധിപത്യ ഭരണത്തിൻ്റെ അഴിമതിയെല്ലാം പുറകോട്ടു പോകുന്നു. തമിഴ് ഭാഷാ വികാരം ഇളക്കിവിട്ടതിൽ ഏറ്റവും നന്നായി വിജയിച്ച നേതാവായിരുന്നു മുത്തുവേൽ കരുണാനിധി. അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനും ഭരണം പിടിക്കാനും എം.ജി.ആറും ജയലളിതയും ഇതേ സൂത്രവാക്യം തന്നെയാണ് ഉപയോഗിച്ചത്.
ഇങ്ങനെ സാംസ്‌കാരിക ആധിപത്യത്തിനെതിരായ, ദ്രാവിഡ ചെറുത്തുനില്‍പുകളുടെ വലിയ ചരിത്രമുള്ള മണ്ണാണ് തമിഴ്‌നാട്. പെരിയാറും സി വി അണ്ണാദുരൈയും കലൈഞ്ജറുമെല്ലാം തമിഴരുടെ സ്വാഭിമാനത്തിന് വേണ്ടി തമിഴകത്തിൻ്റെ തെരുവുകളെ കലാപമുഖരിതമാക്കി നീണ്ട പതിറ്റാണ്ടുകള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ വീണ്ടുമൊരു ദ്രാവിഡ പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. ആ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതാകട്ടെ, സ്റ്റാലിനും ഉദയനിധിയ്ക്കുമൊപ്പം സാക്ഷാല്‍ ഇളയ ദളപതി വിജയിയുമാണ്. തമിഴ് സാംസ്‌കാരികതയ്ക്ക് മേല്‍, ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെയാണ് ഈ പ്രക്ഷോഭം.
രാഷ്ട്രീയമായി സ്റ്റാലിനും വിജയും എതിര്‍ ചേരികളിലാണെങ്കിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇരുവര്‍ക്കും ഒരേ നിലപാടാണ്. ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയുള്ള ത്രിഭാഷാ വിദ്യാഭ്യാസം കേന്ദ്രം കര്‍ശനമായി മുന്നോട്ടുവെക്കുന്നതിനെ എതിർക്കുകയാണ് ഇവർ. തമിഴ്‌നാട് സർക്കാരാകട്ടെ ഈ നയം അംഗീകരിച്ചിട്ടുമില്ല. ത്രിഭാഷാ വിദ്യാഭ്യാസം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധമുയര്‍ന്നത്.
സംസ്ഥാനത്തിന് അവകാശപ്പെട്ട പണം തടഞ്ഞുവെയ്ക്കാന്‍ കേന്ദ്രത്തിന് എന്താണ് അവകാശമെന്നും ഇവരുടെയൊന്നും തന്തയുടെ കാശ് അല്ല ചോദിച്ചതെന്നും, തങ്ങളുടെ അവകാശമാണെന്നുമുള്ള രൂക്ഷമായ മറുപടിയാണ് ഉദയനിധി സ്റ്റാലിന്‍ നല്‍കിയത്. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ വിഭ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ അരങ്ങേറുന്നതെന്നാണ് വിജയ് ആരോപിക്കുന്നു. അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമിയും ത്രിഭാഷാ പദ്ധതിയെ എതിര്‍ത്തുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തമിഴരുടെ ഹിന്ദി വിരുദ്ധ വികാരത്തില്‍ കൈവെക്കുന്നത്. 2019 ല്‍ ഒരു രാജ്യം ഒരു ഭാഷ എന്ന പദ്ധതി, കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ മുന്നോട്ടുവെച്ചിരുന്നു. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നുമായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാല്‍ ഇതിന് മറുപടിയായി, രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഹിന്ദിയേക്കാളും കഴിയുന്നത് തമിഴിനാണെന്ന വാദവുമായി ഡിഎംകെ രംഗത്ത് എത്തി.
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും ഹിന്ദി വിരുദ്ധ സമരത്തിന് അന്ന് മുന്നോട്ടുവന്നു. അപകടം മണത്ത അമിത് ഷാ തൊട്ടുപിന്നാലെ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്നും മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിക്കണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി അന്ന് രംഗത്ത് വന്നു. അതാണ് തമിഴ്‌നാടിന്റെ ദ്രാവിഡ നിലപാടുകളുടെ കരുത്ത്. മറ്റെല്ലാ വിയോജിപ്പുകള്‍ക്കിടയിലും തമിഴ് രാഷ്ട്രീയം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായകമാണ് ഹിന്ദി ഭാഷ വിരുദ്ധ സമരം. 1965 ല്‍ എഴുപതോളം പേരാണ് ഹിന്ദി വിരുദ്ധ പോരാട്ടങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ രക്തസാക്ഷികളായത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, മരണങ്ങള്‍ 500 ല്‍ അധികമാണ്. 1940 കളിലാണ് ആദ്യമായി തമിഴ്നാട്ടില്‍ ഹിന്ദി വിരുദ്ധ സമരം അരങ്ങേറുന്നത്. 1937 ല്‍ കോണ്‍ഗ്രസ് നേതാവ് ആയിരുന്ന സി. രാജഗോപാലാചാരി, മദ്രാസ് പ്രസിഡന്‍സിയില്‍ മുഖ്യമന്ത്രിയായപ്പോള്‍ സംസ്ഥാനത്ത് ഹിന്ദി ഭാഷ നിര്‍ബന്ധമാക്കി. അന്ന് ജസ്റ്റിസ് പാര്‍ട്ടി നേതാവ് ആയിരുന്ന പെരിയാര്‍ ഇവി രാമസാമി നായ്ക്കരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ നടന്നത്.
ദ്രാവിഡര്‍ക്ക് മേല്‍ ബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്, സംസ്‌കൃതവും ഹിന്ദിയും തമിഴര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പെരിയാര്‍ ആരോപിച്ചു. പെരിയോറും സി.എന്‍ അണ്ണാദുരൈയും ഉള്‍പ്പെടെ നിരവധി പേര്‍ അന്ന് ജയിലിലായി. ഒടുവില്‍ ഗവര്‍ണര്‍ക്ക് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. സ്വാതന്ത്ര്യാനന്തരവും തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ സമരം അലയടിച്ചിരുന്നു. 1963 ല്‍ പുറത്തിറങ്ങിയ ഔദ്യോഗിക ഭാഷാ ആക്ടില്‍ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.
കോളേജ് വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് തമിഴരാണ് അന്ന് തെരുവിലിറങ്ങിയത്. അണ്ണാ ദുരൈയടക്കമുള്ള മൂവായിരത്തിലധികം ആളുകളെ അന്ന് ജയിലിലടച്ചു. നിരവധി പേര്‍ ജീവന്‍ ത്യജിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സി. സുബ്രഹ്‌മണ്യം, ഒ.സി അളകേശന്‍ തുടങ്ങിയവര്‍ രാജി വെച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഭാഷാ സമരത്തിന് പിന്നാലെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ഡിഎംകെ അധികാരത്തില്‍ എത്തുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.
1985 ല്‍ രാജീവ് ഗാന്ധി 'ദേശീയ വിദ്യാഭ്യാസ നയം' അവതരിപ്പിക്കുകയും നവോദയ സ്‌കൂളുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധിച്ച കരുണാനിധി അടക്കം ഇരുപതിനായിരത്തോളം ഡിഎംകെ അംഗങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 21 പേരാണ് അന്ന് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത്. തുടര്‍ന്ന് കരുണാനിധിയെ പത്ത് ആഴ്ച കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. കെ അന്‍പഴകന്‍ ഉള്‍പ്പെടെയുള്ള പത്ത് ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യന്‍ നിയമസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ നവോദയ സ്‌കൂളുകള്‍ തുറക്കില്ലെന്ന് രാജീവ് ഗാന്ധി ഉറപ്പുനല്‍കി.
പതിറ്റാണ്ടുകള്‍ക്ക് ശേഷം, തമിഴ്നാട്ടില്‍ വീണ്ടും ത്രിഭാഷ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണ്. തമിഴരുടെ ആശങ്കകള്‍ക്കോ ചോദ്യങ്ങള്‍ക്കോ ഉത്തരം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നുമില്ല. ബിഹാരി, ഹരിയാന്‍വി, രാജസ്ഥാനി പോലുള്ള ഭാഷകള്‍ ഇല്ലാതായി അവിടങ്ങളില്‍ ഹിന്ദി കടന്നുകയറിയത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ത്രിഭാഷ പദ്ധതിയെ എതിര്‍ക്കുന്നത്. അതേസമയം ത്രിഭാഷ പദ്ധതിയെ പിന്തുണച്ചുകൊണ്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലെ രംഗത്ത് എത്തിയിട്ടുണ്ട്.
പോയ കാലങ്ങളിലെല്ലാം, എല്ലാ രാഷ്ട്രീയ സമ്മര്‍ദങ്ങളെയും ചെറുത്ത് തോല്‍പിച്ച്, ഹിന്ദിയെ അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയ മണ്ണാണ് തമിഴ്‌നാട്. ഇന്ന്, ത്രിഭാഷാ പദ്ധതിയുമായി ഹിന്ദിയെ തമിഴര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍, ആ പഴയ പോരാട്ട നാളുകളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ തമിഴര്‍ക്കിടയില്‍ ഊര്‍ജ്ജമായി അലയടിക്കുന്നുണ്ട്.
'ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്, അതൈ ഉറക്കച്ചോല്‍വോം ഉലകുക്ക്' മുമ്പ് ഹിന്ദി വിരുദ്ധ സമരത്തില്‍ തമിഴരുടെ പോരാട്ടവീര്യത്തെ ഉണര്‍ത്തിയ കവിതയായിരുന്നു ഇത്. കരുണാനിധിയുടെ ഈ വരികള്‍ വീണ്ടും തമിഴ് തെരുവുകളെ കലാപമുഖരിതമാക്കുമോയെന്ന് കാത്തിരുന്ന് കാണാം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഷാസമരത്തിലൂടെ ഭരണം നിലനിർത്താനാണ് ഡി.എം. കെ ശ്രമിക്കുന്നത്. ഇതിനെ അതേ നാണയത്തിൽ ചെറുക്കാൻ ടി.വി. കെ നേതാവായ വിജയിയും എ.ഐ.ഡി.എം.കെയും ഇറങ്ങുമ്പോൾ തമിഴ് മണ്ണിൽ ഒറ്റപ്പെടുന്നത് ബി.ജെ.പി മാത്രമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Tamil Nadu’s political battle on language issues intensifies as DMK, Udayanidhi, and Stalin lead protests against Hindi imposition, while BJP supports the trilingual education policy.
#TamilNaduPolitics, #LanguageIssue, #DMK, #BJP, #Tamil, #DravidianMovement