Border Violations | ഉത്തര - ദക്ഷിണ കൊറിയകളുടെ അതിർത്തിയിൽ സംഘർഷം രൂക്ഷം; അതിർത്തിയിലെ റോഡുകള്‍ ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉൻ
● ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകർത്തത്.
● ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്.
● ദക്ഷിണ കൊറിയയുടെ ഡ്രോണുകൾ മറികടക്കാൻ ഉത്തര കൊറിയ സൈന്യം ശക്തമാകുന്നു.
സിയോള്‍: (KVARTHA) ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയിലേക്കുള്ള പ്രധാന റോഡുകൾ ബോംബിട്ട് തകർത്തെന്ന് റിപ്പോർട്ടുകൾ. ഈ നീക്കം ദക്ഷിണ കൊറിയയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.
ദക്ഷിണകൊറിയയിലെ ഉപയോഗശൂന്യമായ റോഡുകളാണ് തകർത്തത്. രണ്ടു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിർത്തിക്കടുത്തുള്ള റോഡുകളാണ് ബോംബിടലില്‍ തകർന്നിരിക്കുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ, ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം.
ദക്ഷിണ കൊറിയൻ സംയുക്ത മേധാവിയാണ് ബോംബിടലിനേക്കുറിച്ച് വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈന്യവും ഇന്റലിജൻസും സംഭവിച്ച നാശ നഷ്ടങ്ങളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തര കൊറിയയിലേക്ക് ചാര ഡ്രോണുകൾ അയച്ചെന്ന ആരോപണമാണ് കിമ്മിനെ പ്രകോപിപ്പിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണ കൊറിയയുമായുള്ള അതിർത്തികൾ സ്ഥിരമായി അടയ്ക്കുന്നതായി ഉത്തര കൊറിയ അറിയിച്ചത്. ഉത്തര കൊറിയ പറഞ്ഞതുപോലെ തന്നെ പ്യോയാങ് റോഡുകള്‍ തകർക്കുമെന്നും ദക്ഷിണകൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പറഞ്ഞതിനും പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ നടപടിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
എന്നാൽ, ദക്ഷിണ കൊറിയൻ ഡ്രോണുകൾ ഉത്തര കൊറിയയിൽ എത്തിയെന്ന വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉത്തര കൊറിയ അതിർത്തികളിൽ സൈനിക സന്നാഹങ്ങൾ ശക്തമാക്കിയെന്നും ഏത് ആക്രമണത്തിനും നേരിടാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
#NorthKorea #SouthKorea #BorderConflict #KimJongUn #MilitaryTensions #InternationalNews