Power Struggle | തലൈവരും മാമന്നനും അധികാരപ്പോരാട്ടം തുടങ്ങി; തമിഴകത്തെ സൂപ്പർ മുഖ്യമന്ത്രിയാര്?
● വരുന്നത് ഉദയനിധി സ്റ്റാലിനും വിജയിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം
● 2026ലെ തിരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
● കൂടുതൽ നേതാക്കൾ ടിവികെയിലേക്ക് ഒഴുകാൻ സാധ്യത
ഭാമനാവത്ത്
ചെന്നൈ: (KVARTHA) വരാൻ പോകുന്ന തമിഴ് രാഷ്ട്രീയത്തിലെ പോര് ന്യൂജനറേഷൻ പ്രതിനിധികളായ ഡി.എം.കെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും - ദക്ഷിണേന്ത്യൻ ഇളയ ദളപതി ജോസഫ് വിജയിയുമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കായിക മന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി അരിയിട്ടു വാഴിച്ചത് ഭാവിയിൽ വിജയിയുടെ രാഷ്ട്രീയ രംഗപ്രവേശം മുൻകൂട്ടി കണ്ടുകൊണ്ടുതന്നെയാണ്. ഉദയനിധിയും വിജയിയും നടികരായി തമിഴ് മക്കളുകാ മനസിൽ കയറിയവരാണ്.
എന്നാൽ ഉദയനിധിക്ക് മേൽ എത്രയോ വലിയ ഉയരത്തിലാണ് പാൻ ഇന്ത്യൻ താരം കൂടിയ വിജയ്. എന്നാൽ കരുത്തുള്ള കാഡർ സംവിധാനമുള്ള പാർട്ടിയും അതിൻ്റെ ലീഡർഷിപ്പുമുള്ള ഡി.എം.കെയുടെ നാലയലത്ത് വരില്ല തമിഴ് വെട്രി കഴകമെന്ന (ടി.വി. കെ) പുതിയ രാഷ്ട്രീയ പാർട്ടി. എന്നാൽ തൻ്റെ ജനപ്രീതിയിലൂടെ ഈ പേരായ്മമറികടക്കാനാണ് വിജയിയുടെ ശ്രമം.
വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ ആദ്യത്തെ സംസ്ഥാന സമ്മേളനത്തിന് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ കൊടിയുയർന്നപ്പോൾ രണ്ടു ലക്ഷത്തിൽപ്പരമാളുകളൊണ് പങ്കെടുത്തത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ആഗസ്റ്റ് 22ന് പാർട്ടിയുടെ പതാകയും ഫ്ലാഗ് സോങ്ങും വിജയ് പുറത്തിറക്കിയിരുന്നു.
മൂന്നാഴ്ചയ്ക്ക് ശേഷം തമിഴക വെട്രി കഴകത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചെന്നും വിജയ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴക വെട്രി കഴകത്തിൻ്റെ കരുത്ത് തെളിയിക്കുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
വിജയ്‌യുടെ പാർട്ടിയുടെ സമ്മേളനവേദിയുടെ ചുറ്റും തമിഴ്-ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ തലയെടുപ്പുള്ള നേതാക്കളുടെ കട്ടൗട്ടുകൾ ഇടംപിടിച്ചിരുന്നു.
ഡി.എം.കെ അപ്രമാദിത്വത്തോടെ നിൽക്കുന്ന ദ്രാവിഡ രാഷ്ട്രീയം തന്നെയാണ് വിജയിയും ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്നു. കാമരാജിൻ്റെയും പെരിയാറിൻ്റെയും നാച്ചിയാറിന്‍റെയും കട്ടൗട്ടുകൾക്കൊപ്പം അംബേദ്കറുടെയും കട്ടൗട്ട് വേദിക്ക് ചുറ്റും ഉയർന്നിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ യോഗത്തിന് ഒരുപക്ഷെ തമിഴകത്ത് മറ്റുനേതാക്കൾക്കൊപ്പം പ്രധാന്യത്തോടെ ഉയർന്നിട്ടുള്ള വനിതാ നേതാവിൻ്റെ ചിത്രം ഒരുപക്ഷെ ജയലളിതയുടേത് മാത്രമാകും. എന്നാൽ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ടുകളിൽ ഇടംപിടിച്ചിരിക്കുന്ന വനിതയാണ് ഇപ്പോൾ എല്ലാവരുടെയും സവിശേഷ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
തമിഴ്നാടിൻ്റെ രാഷ്ട്രീയ-നവോത്ഥാന ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച, മഹാത്മാഗാന്ധി 'ദക്ഷിണേന്ത്യയിലെ ഝാൻസി റാണി' എന്ന് വിശേഷിപ്പിച്ച അഞ്ജലൈ അമ്മാളിൻ്റെ കട്ടൗട്ടാണ് വലിയ പ്രാധാന്യത്തോടെ തമിഴക വെട്രി കഴകത്തിൻ്റെ സംസ്ഥാന സമ്മേളന വേദിക്ക് പുറത്ത് ഇടംപിടിച്ചിരിക്കുന്നത്. സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ മടിച്ചിരുന്ന കാലത്താണ് അഞ്ജലൈ അമ്മാൾ പൊതുരംഗത്തേയ്ക്ക് വന്നതെന്നാണ് മഹാകവി സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാടിൻ്റെ നവോത്ഥാന ചരിത്രത്തിൽ അഞ്ജലൈ അമ്മാൾ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ അടയാളപ്പെടുത്തൽ തന്നെ ധാരാളമാണ്.
തമിഴ്നാട്ടിലെ പ്രധാന നേതാക്കളായ രാജാജി, കാമരാജ് തുടങ്ങിയവരും ഏറെ ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അഞ്ജലൈ അമ്മാൾ. ഇങ്ങനെ ദ്രാവിഡ രാഷ്ട്രീയത്തെയും ഇന്ത്യൻ ദേശീയതയെയും ഒരേപോലെ കോർത്തിണക്കി കൊണ്ടാണ് വിജയി തൻ്റെ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എംജിആർ-കരുണാനിധി, ജയലളിത - കരുണാനിധി എന്നിങ്ങനെ ഇരു നേതാക്കൾ നേതൃത്വം ദ്രാവിഡ പാർട്ടികൾ തമ്മിൽ ഏകദേശം അരനൂറ്റാണ്ടുകാലം കണ്ട രാഷ്ട്രീയ പോര് വിജയ് - ഉദയനിധി ദ്വന്ദത്തിലേക്ക് മാറിയിരിക്കുകയാണ്.
ഇതിൽ സ്റ്റാലിൻ വിരുദ്ധരായ അണ്ണാ ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളിലെ നേതാക്കളും ടി.വി.കെ യിലെക്ക് വരും നാളുകളിൽ ഒഴുകാൻ സാദ്ധ്യതയുണ്ട്. മാമന്നനും തലൈവനും തമ്മിലുള്ള പോരിൽ ആരു ജയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി തമിഴ് രാഷ്ട്രീയവും സിനിമയുംമാത്രമല്ല ദേശീയ രാഷ്ട്രീയവും കാത്തു നിൽക്കുന്നുണ്ട്.
#TamilNaduPolitics, #UdhayanidhiStalin, #JosephVijay, #PowerStruggle, #DMK, #Election2026