Election | വട്ടിയൂർക്കാവിൽ വരുന്നത് വമ്പന്മാരുടെ മത്സരം? രാജീവ് ചന്ദ്രശേഖർ, കെ മുരളീധരൻ, വി കെ പ്രശാന്ത് നേർക്കുനേർ!


● മുന്ന് മുന്നണികളും വിജയത്തിനായി ശക്തമായ സ്ഥാനാർത്ഥികളെ ഇറക്കുന്നു.
● ആദ്യ തിരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു.
● എൽ.ഡി.എഫ് സിറ്റിംഗ് എം.എൽ.എ ആയ വി.കെ പ്രശാന്തിൽ വിശ്വാസം അർപ്പിക്കുന്നു.
● മുൻ തിരഞ്ഞെടുപ്പുകളിൽ മുരളീധരനും വി.കെ. പ്രശാന്തും വിജയിച്ചിട്ടുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടാൻ പോകുന്ന മണ്ഡലമായിരിക്കും തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്. ഈ സീറ്റ് മൂന്ന് മുന്നണികളുടെയും പ്രസ്റ്റീജ് സീറ്റായി മാറും. ഇവിടെ മത്സരിക്കാൻ പോകുന്നത് മുന്ന് മുന്നണികളിലെയും വമ്പന്മാർ തന്നെ ആയിരിക്കും. എൻ.ഡി.എയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കാനാണ് ഏറ്റവും സാധ്യതയുള്ളത്. യു.ഡി.എഫിൽ മുൻ വട്ടിയൂർക്കാവ് എം.എൽ.എ യും മുൻ കെ.പി.സി.സി പ്രസിഡൻ്റുമായ കെ.മുരളീധരൻ ഉറപ്പായും ഇവിടെ നിന്ന് മത്സരിക്കുമെന്നാണ് അറിയുന്നത്.
എൽ.ഡി.എഫിൽ നിലവിലെ എം.എൽ.എ വി.കെ.പ്രശാന്തും ആയിരിക്കും സ്ഥാനാർത്ഥി. അതിന് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകാൻ ഇടയില്ല. തിരുവനന്തപുരത്ത് പുതിയതായി രൂപം കൊണ്ട നിയോജകമണ്ഡലം ആയിരുന്നു വട്ടിയൂർക്കാവ്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ മുരളീധരനായിരുന്നു ഇവിടെ വിജയിച്ചത്. പിന്നീട് കെ മുരളീധരൻ വടകര പാർലമെൻ്റ് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നത് വരെ തുടർച്ചയായ വിജയം ഈ മണ്ഡലം സമ്മാനിക്കുന്നതാണ് കണ്ടത്.
മുരളീധരൻ വിജയിക്കുന്ന ഘട്ടത്തിൽ എല്ലാം ബി.ജെ.പി ഈ മണ്ഡലത്തിൽ നല്ലൊരു രീതിയിൽ വോട്ട് വർദ്ധിപ്പിക്കുന്നതും കാണാൻ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായിരുന്ന കുമ്മനം രാജശേഖരൻ ഒരിക്കൽ ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. നിസ്സാര വോട്ടുകൾക്കാണ് അന്ന് കുമ്മനം കെ മുരളീധരനോട് ഇവിടെ പരാജയപ്പെടുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ബി.ജെ.പിയ്ക്ക് വലിയൊരു വേരോട്ടം ഈ മണ്ഡലത്തിൽ ഉണ്ടെന്ന് മനസ്സിലാക്കാം.
കെ മുരളീധരൻ വടകര പാർലമെൻ്റ് സീറ്റിൽ പോയി മത്സരിച്ച് എം.പി ആയി പോയതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ വി.കെ പ്രശാന്ത് ആണ് വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണയും അദ്ദേഹം തന്നെ ആയിരുന്നു വട്ടിയൂർക്കാവിലെ വിജയി. പ്രശാന്ത് എം.എൽ.എ ആയി വരുന്നതിന് മുൻപ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ കൂടി ആയിരുന്നു. മേയർ സ്ഥാനം രാജിവെച്ചാണ് പ്രശാന്ത് വട്ടിയൂർക്കാവ് എം.എൽ.എ ആയി വരുന്നത്. എങ്ങനെ നോക്കിയാലും ഇപ്പോൾ മുന്ന് മുന്നണികൾക്കും വേണമെന്ന് വിചാരിച്ചാൽ വിജയിക്കാൻ പറ്റുന്ന മണ്ഡലങ്ങളിൽ ഒന്ന് തന്നെയാണ് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽപ്പെടുന്ന വട്ടിയൂർക്കാവ്.
കോൺഗ്രസിൻ്റെ സീനിയർ നേതാവും ഇവിടുത്തെ മുൻ എം.എൽ.എയുമായ കെ .മുരളീധരൻ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് തൻ്റെ പ്രവർത്തനം ഇപ്പോഴെ തുടങ്ങി എന്നാണ് അറിയുന്നത്. തങ്ങളുടെ കയ്യിലിരുന്ന വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചു പിടിക്കാൻ മുരളീധരനെ അല്ലാതെ മറ്റാരെയും സങ്കല്പിക്കാൻ കൂടി കോൺഗ്രസിന് ആകുമെന്ന് തോന്നുന്നില്ല. മുരളീധരൻ ഇറങ്ങിയാൽ വട്ടിയൂർക്കാവ് തിരിച്ചു കിട്ടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മറ്റാരെയും അവിടെ സ്ഥാനാർത്ഥിയാക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല യു.ഡി.എഫിന്.
ഒരിക്കലും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം എൽ.ഡി,എഫിനായി പിടിച്ചെടുത്തത് നിലവിലെ എം.എൽ.എ ആയ വി.കെ പ്രശാന്ത് ആയിരുന്നു. സി.പി.എമ്മിലെ ജനകീയ മുഖമായിട്ടാണ് പ്രശാന്ത് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം തന്നെയാകും ഇക്കുറിയും വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായി എത്തിയിരിക്കുകയാണ്. അദ്ദേഹം എന്തായാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നത് വട്ടിയൂർക്കാവ് ആണെന്നാണ് അറിയുന്നത്.
കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായിരുന്നപ്പോൾ മത്സരിക്കാൻ തെരഞ്ഞെടുത്ത് വട്ടിയൂർക്കാവ് നിയമസഭാ നിയോജകമണ്ഡലം ആയിരുന്നു. അന്ന് അദ്ദേഹം അവിടെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. കുമ്മനത്തിൻ്റെ പാത തെരഞ്ഞെടുക്കാനാണ് രാജീവ് ചന്ദ്രശേഖറും ഉദ്ദേശിക്കുന്നതെന്നാണ് വിവരം. തലസ്ഥാനത്ത് ബി.ജെ.പി യുടെ മത്സരം വീറുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവിൽ ഇറങ്ങുമെന്നാണ് അറിയുന്നത്. രാജീവ് ചന്ദ്രശേഖർ വട്ടിയൂർക്കാവുകാർക്കെല്ലാം സുപരിചിതനുമാണ്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് മത്സരിച്ച പരിചയം അദേഹത്തിനുണ്ട്. വീറുറ്റ പോരാട്ടത്തിനൊടുവിൽ നിസാരവോട്ടുകൾക്കാണ് അന്ന് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്. ഇക്കുറി ഒരു ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. അങ്ങനെ വന്നാൽ രാജീവ് ചന്ദ്രശേഖറിന് തന്നെ നറുക്ക് വീഴുമെന്നാണ് അറിയുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാൽ വട്ടിയൂർക്കാവിൽ നടക്കാൻ പോകുന്നത് വമ്പന്മാരുടെ മത്സരമാകും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Vattiyurkavu in Thiruvananthapuram will witness a fierce election battle between BJP’s Rajeev Chandrashekhar, UDF’s K. Muraleedharan, and LDF’s V.K. Prashanth.
#VattiyurkavuElection, #KeralaElections, #RajeevChandrashekhar, #KMuraleedharan, #VKPrashanth, #KeralaPolitics