LDF Success | ചേലക്കരയില്‍ യു ആര്‍ പ്രദീപിന് മിന്നും വിജയം; ഭൂരിപക്ഷം 12,000ന് മുകളില്‍
● 12,122 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
● നിലവില്‍ സിപിഎം വള്ളത്തോള്‍ നഗര്‍ ഏരിയ കമിറ്റി അംഗം.
● എല്‍ഡിഎഫിന്റെ കുത്തകയാണ് ചേലക്കര മണ്ഡലം.
ചേലക്കര: (KVARTHA) ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപിന് മിന്നും വിജയം. 12,122 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ചലനം സൃഷ്ടിക്കാനായില്ല.
1996ല്‍ കെ രാധാകൃഷ്ണന്‍ ജയിച്ച ശേഷം എല്‍ഡിഎഫിന്റെ കുത്തകയാണ് ചേലക്കര മണ്ഡലം. 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം ചേലക്കരയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു യു ആര്‍ പ്രദീപ്. 2000-2005 കാലയളവില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം വള്ളത്തോള്‍ നഗര്‍ ഏരിയ കമിറ്റി അംഗമാണ് യു ആര്‍ പ്രദീപ്.
ചേലക്കരയില്‍ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ ആഘോഷം തുടരുകയാണ്. 2016ലെ 10,200 എന്ന തന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു ആര്‍ പ്രദീപ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
13 റൗണ്ടും പൂര്‍ത്തിയായപ്പോള്‍ നേടിയ വോട്ട് നില:
യു ആര്‍ പ്രദീപ് (സിപിഎം) - 64259
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 52137
കെ ബാലകൃഷ്ണന്‍ (ബിജെപി) - 33354
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍) - 230
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍) - 3909
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) - 165
നോട്ട - 1027
#ChelakkaraElection, #URPradeep, #LDFVictory, #KeralaElections, #Congress, #Politics