Discontent | എല്‍ഡിഎഫിലെ 3 പാര്‍ട്ടികള്‍ അതൃപ്തിയില്‍? മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസ് അണിയറ നീക്കം തുടങ്ങി
● എല്‍ഡിഎഫില്‍ അസ്വസ്ഥരായ കേരള കോണ്‍ഗ്രസ് (എം), ആര്‍.ജെ.ഡി, എന്‍.സി.പി പാര്‍ട്ടികള്‍
● മുന്‍ ഘടകകക്ഷികള്‍ യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാവുന്നുണ്ടെന്ന് സൂചന
● കെ പി മോഹനന് മന്ത്രി സ്ഥാനം നല്‍കാത്തത് ആര്‍ജെഡിയില്‍ അതൃപ്തി
കണ്ണൂര്‍: (KVARTHA) എല്‍ഡിഎഫില്‍ അസ്വസ്ഥരായി കഴിയുന്ന കേരള കോണ്‍ഗ്രസ് (എം), ആര്‍.ജെ.ഡി, എന്‍.സി.പി പാര്‍ട്ടികളെ റാഞ്ചാന്‍ കോണ്‍ഗ്രസ് വട്ടമിട്ടു പറക്കുന്നു. യു.ഡി എഫിലേക്ക് ഈ പാര്‍ട്ടികളെ കൊണ്ടുവന്ന് ശക്തിപ്പെടാനാണ് നീക്കം. ആര്‍ജെഡിയും കേരളാ കോണ്‍ഗ്രസ് എമ്മും നേരത്തെ യുഡിഎഫ് ഘടകകക്ഷികളായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാത്തതും പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ പി മോഹനന് മന്ത്രി സ്ഥാനം നല്‍കാത്തതും ആര്‍ജെഡിയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഇതുകൂടാതെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പാര്‍ട്ടി ചെയര്‍മാന്‍ എം വി ശ്രേയസ് കുമാറിനെ വീണ്ടും രാജ്യസഭാ സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കാതെ സിപിഎം സീറ്റ് കയ്യടക്കുകയും ചെയ്തു. വന ഭേദഗതിനിയമം നടപ്പിലാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കമാണ് കേരള കോണ്‍ഗ്രസിനെ പ്രകോപിക്കുന്നത്. കര്‍ഷക പാര്‍ട്ടിയായ മാണി കോണ്‍ഗ്രസിന്റെ അടിവേര് തോണ്ടുന്ന നിയമമാണിതെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ വന നിയമത്തിനെതിരെയാണെന്ന് മാണി കോണ്‍ഗ്രസ് ഇടതു നേതാക്കളെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
കര്‍ഷക സംഘടനയായ മാണി കോണ്‍ഗ്രസിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍ മാണി കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇതിനിടെ മന്ത്രിയെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തത് എന്‍സിപിയെയും അതൃപ്തിയിലാക്കിയിട്ടുണ്ട്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോട് വ്യക്തമാക്കിയിരുന്നു.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മന്ത്രിയെ മാറ്റാനാകാതെ നാണം കെട്ട് പിന്‍വാങ്ങിയിരിക്കുകയാണ് എന്‍സിപി സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വവും ബഹുഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനൊപ്പമായിട്ടും നടക്കാതെ പോയതിന് കാരണം മുഖ്യമന്ത്രിയുടെ കടുംപിടിത്തമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലെ കൂടിക്കാഴ്ചയിലും തോമസ് പറ്റില്ലെന്ന് പിണറായി വിജയന്‍ ചാക്കോയോട് തീര്‍ത്തുപറഞ്ഞിരുന്നു. ഇതിനൊപ്പം കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന ഉറപ്പ് കൂടി തോമസ് കെ തോമസിന് ലഭിച്ചതായും വിവരമുണ്ട്. എന്തു തന്നെയായാലും എല്‍ഡിഎഫില്‍ നിന്നും മറുകണ്ടം ചാടാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്‍സിപിയെന്നാണ് സൂചന.
#LDF #Congress #UDF #KeralaPolitics #RJD #NCP