Analysis | യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എന്തുകൊണ്ട് ട്രംപിന് മുന്നേറ്റം? കമലയുടെ വീഴ്ചകളും
● ട്രംപ് കാലത്ത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വളർന്നു.
● ബൈഡൻ ഭരണകാലത്ത് പണപ്പെരുപ്പം രൂക്ഷമായി.
● കമല ഹാരിസ്, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.
അർണവ് അനിത
(KVARTHA) അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കേവലം അവിടുത്തെ പൗരന്മാരുടെ മാത്രം വിഷയമല്ല, ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം, ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം, അതില്‍ ഇറാനും ലെബനനും പാലസ്തീനൊപ്പം ചേര്‍ന്നതും അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍. പരിസ്ഥിതി, ഇന്ധനം, കാണ്‍ബണ്‍ ന്യൂട്രല്‍, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി ലോകം ആകെ നേരിടുന്ന വിഷയങ്ങള്‍ ഇതെല്ലാം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.
വോട്ടെടുപ്പ് നടന്ന ഔദ്യോഗിക തീയതി ചൊവ്വാഴ്ചയായിരുന്നെങ്കിലും 7.76 കോടി സമ്മതിദായകര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആ വോട്ടുകള്‍ കമലയ്‌ക്കൊപ്പം ആണെന്ന് പറയുമ്പോഴും അവസാനലാപ്പില്‍ ട്രംപ് വിജയിച്ചുകയറുമെന്ന് പലരും പ്രവചിക്കുന്നു. അതിന് തക്കതായ കാരണങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതില്‍ പ്രധാനം നയങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മിക്കവരും ട്രംപിനെ വെറുത്തിരുന്നു. അവര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങള്‍ പോലും അറിയില്ലായിരുന്നു. എന്നാല്‍ അവസാനഘട്ടമെത്തിയപ്പോഴേക്കും അവരൊക്കെ മാറി ചിന്തിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞതവണ ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ 70 ലക്ഷത്തോളം ജോലിയാണ് ഉറപ്പാക്കിയത്. മധ്യവര്‍ഗത്തിന്റെ വരുമാനം 6000 ഡോളര്‍ കൂടിയിരുന്നു. തൊഴിലില്ലായ്മ 50 ശതമാനം കുറഞ്ഞിരുന്നു. അത് അമേരിക്കയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കുറവായിരുന്നു. അതുപോലെ കുടിയേറ്റ പ്രശ്‌നത്തില്‍ ട്രംപിന്റെ നിലപാടിനെ കുറിച്ച് ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് വ്യക്തത വന്നിട്ടുണ്ട്. ട്രംപ് അനധികൃത കുടിയേറ്റത്തെയാണ് എതിര്‍ക്കുന്നതെന്നും ഇവര്‍ ഡ്രഗ്‌സും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണെന്നും ബോധ്യംവന്നിട്ടുണ്ട്.
ഡെമോക്രാറ്റ്‌സിന് അതിര്‍ത്തി വിഷയങ്ങളില്‍ വ്യക്തമായ നിലപാടില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ബൈഡന്‍ കമലാഹാരിസിനെയാണ് ചുമതലപ്പെടുത്തിയതെങ്കിലും അവരൊന്നും ചെയ്തിട്ടില്ല. മാത്രമല്ല ബൈഡന്‍ ഭരണകാലത്ത് പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ രൂക്ഷമാണ്. ഡെമോക്രാറ്റ്‌സിന് ആധിപത്യമുള്ള 15 സംസ്ഥാനങ്ങളില്‍ തിരിച്ചറിയില്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ ട്രംപ് ചോദ്യം ചെയ്തിട്ടുണ്ട്. ലോകത്തെവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇത്. അതുകൊണ്ട് അവരുടെ നിലപാടുകളില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്.
അക്രമിക്കപ്പെട്ടേക്കുമെന്ന് ട്രംപ്
മുന്‍കൂര്‍ വോട്ടുകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ എട്ട് ശതമാനത്തിന്റെ ലീഡാണ് കമലയ്ക്കുള്ളത്. ന്യൂയോര്‍ക്ക് ടൈംസ്, സിയാന കോളജ് സര്‍വേഫലങ്ങള്‍ പറയുന്നത്, മൂന്ന് സ്വിങ് സ്റ്റേറ്റുകളിലും കമലയ്ക്ക് മുന്‍തൂക്കം ഉണ്ടെന്നാണ്. ഒരിടത്തുമാത്രമാണ് ട്രംപിന് മുന്നേറ്റം. ശക്തമായ മത്സരം നടക്കുന്ന മറ്റു മൂന്നു സംസ്ഥാനങ്ങളില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമലാ ഹാരിസ് മിഷിഗണിലും ട്രംപ് പെനിസില്‍വാനിയയിലുമാണ് പ്രചാരണം അവസാനിപ്പിച്ചത്.
മിഷിഗണില്‍ രണ്ട് ലക്ഷം മുസ്ലിം വോട്ടുണ്ട്. അതെല്ലാം തനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് കമലഹാരിസ്. തന്റെ സുരക്ഷാ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വീണ്ടും അക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്രംപിന്റെ പ്രധാനവാദങ്ങളില്‍ ഒന്ന്. മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും ആരോപിച്ചു. എന്നെ ആര്‍ക്കെങ്കിലും തളര്‍ത്താന്‍ കഴിയുമെങ്കില്‍ അത് വ്യാജവാര്‍ത്തകളിലൂടെ മാത്രമായിരിക്കും, അത് ഞാന്‍ ഗൗരവമായി കാണുന്നില്ല,' ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അഴിമതിക്കാരെന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയ്ക്ക് ഗുണം ആര്?
ട്രംപാണോ, കമലാ ഹാരിസാണോ ഇന്ത്യയ്ക്ക് ഗുണം എന്ന ചര്‍ച്ചകള്‍ ആദ്യം മുതലേ നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുള്ളത്. 2020ലെ ഇന്ത്യാ-ചൈന പ്രശ്‌നത്തില്‍ ട്രംപ് ഇന്ത്യയ്ക്ക് അനുകൂലമായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബൈഡന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു പിന്തുണ കിട്ടിയില്ല. കമല ഇന്ത്യന്‍ വംശജയാണെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യയെ കുറിച്ച് എന്തെങ്കിലും സംസാരിച്ചത് കഴിഞ്ഞ ശനിയാഴ്ച മാത്രമാണ്. അടുത്തിടെ മോദി അമേരിക്കയില്‍ ചെന്നപ്പോഴും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു.
അതുപോലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപ് അധികാരത്തില്‍ വരുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് പലരും കരുതുന്നു. ഖാലിസ്ഥാന്‍ നേതാവും അമേരിക്കന്‍ പൗരനുമായ പന്നൂന്‍ വധശ്രമക്കേസില്‍ ഇന്ത്യന്‍ ദേശീയ സുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം നിന്ന് ചൈന പ്രതിരോധം തീര്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങളെല്ലാം മറുവശത്താണ്.
ഇക്കാര്യത്തില്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലാണ്, കാരണം ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണ് റഷ്യ. അവരെ തള്ളാനും അമേരിക്കയെ അകറ്റാനും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജോ ബൈഡനാകട്ടെ റഷ്യ-യുക്രൈന്‍, ഇസ്രയേല്‍-പാലസ്തീന്‍ വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ശക്തമായി സ്വീകരിച്ചിട്ടില്ല. വിദേശകാര്യ ഇടപെടലില്‍ ബൈഡന്‍ ദുര്‍ബലനാണെന്ന വാദം സാധൂകരിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടുമുണ്ട്.
മാത്രമല്ല ഭരണവിരുദ്ധവികാരം, കുടിയേറ്റം, ഗര്‍ഭഛിദ്രം എന്നിവ അമേരിക്കയിലെ പ്രധാന വിഷയമാണ്. ഇതില്‍ ട്രംപിന് അനുകൂലമായ സാഹചര്യമാണുള്ളത്. വീ വില്‍ ഫിക്‌സിറ്റ് എന്നാണ് ട്രംപ് അവസാനം പറഞ്ഞ മുദ്രാവാക്യം. അത് തന്നെയാണ് കേരളത്തില്‍ എല്ലാം ശരിയാകും എന്ന മുദ്രാവാക്യം. വിജയിച്ചില്ലെങ്കില്‍ 2020ല്‍ ട്രംപ് നടത്തിയ അധികാരം കൈമാറില്ലെന്നത് പോലെയുള്ള ചരിത്രം ആവര്‍ത്തിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ബൈഡന്റെ വീഴ്ച
51 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് അമേരിക്കയിലുള്ളത്. അത് കമലഹാരിസിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. 18 ശതമാനം കര്‍ത്തവര്‍ഗക്കാര്‍ ട്രംപിനെ പിന്തുണയ്ക്കുന്നു. 2016ല്‍ ഇത് ആറ് ശതമനമായിരുന്നെന്ന് പ്യൂപ് സര്‍വേ പറയുന്നു. ട്രംപിന്റെ കാലത്ത് പണപ്പെരുപ്പം 1.2 ആയിരുന്നത് ഇപ്പോള്‍ 3.6 ആയി വര്‍ദ്ധിച്ചു. ഗ്യാസിന്റെ വില 2.2 ഡോളറില്‍ നിന്ന് 3.6 ആയി കുതിച്ചു. പൊതുകടം മൂന്ന് ട്രില്ല്യണായിരുന്നത് മൂന്ന് കൊല്ലം കൊണ്ട് ബൈഡന്‍ 12 ട്രില്യണാക്കി. അനധികൃതകുടിയേറ്റം ഒന്നേകാല്‍ കോടിയായി. മാത്രമല്ല തൊഴിലില്ലായ്മ പരിഹരിക്കാനും അദ്ദേഹം വേണ്ടരീതിയില്‍ ഇടപെട്ടില്ല.
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു മിഷിഗണില്‍ കമലാ ഹാരിസിന്റെ പ്രഖ്യാപനം. അറബ് അമേരിക്കന്‍, മുസ്ലിം അമേരിക്കന്‍ വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗസ യുദ്ധമവസാനിപ്പിക്കുന്നതിനു മുന്‍കൈയെടുക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നു കമല പ്രഖ്യാപിച്ചത്. 2,40,000 മുസ്ലിം വോട്ടര്‍മാരുള്ള മേഖലയാണ് മിഷിഗണ്‍. അതില്‍ ഭൂരിഭാഗംപേരും 2020ല്‍ ബൈഡനാണ് വോട്ട് ചെയ്തത്. എന്നാല്‍ ഇസ്രയേല്‍ പശ്ചിമേഷ്യയില്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ അതിശക്തമായ പ്രതിഷേധം അമേരിക്കയിലെമ്പാടും ഉയര്‍ന്നിരുന്നു.
ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മിഷിഗണിലെ അവസാന പ്രചാരണത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് അവര്‍ സംസാരിച്ചത്. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ടെലിവിഷനില്‍ ലൈവ് ആയി പ്രത്യക്ഷപ്പെട്ട കമല ഹാരിസ് ടെലിവിഷനിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ പാലിക്കേണ്ട 'ഈക്വല്‍ ടൈം' നിയമം ലംഘിച്ചതായുള്ള പരാതിയും പലഭാഗത്തുനിന്നായി ഉയരുന്നുണ്ട്. ട്രംപ് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കളുടെ കാര്യം എടുത്ത് പറഞ്ഞ് പ്രചരണം നടത്തിയത് അദ്ദേഹത്തിന് അനുകൂലമാകും. ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
ബാലറ്റില്‍ ബംഗാളി
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറില്‍ ഇക്കുറി ബംഗാളി ഭഷയും! ന്യൂയോര്‍ക്ക് സിറ്റിയിലാണ് ബംഗാളി ഭാഷയില്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുക. സാധാരണ ഇംഗ്ലീഷിലാണ് ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതെങ്കിലും ചൈനീസ്, സ്പാനിഷ്, കൊറിയ, ബംഗാളി എന്നീ ഏഷ്യന്‍ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് സിറ്റി തെരഞ്ഞെടുപ്പ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഷേല്‍ ജെ റയാന്‍ അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 200 ലധികം ഭാഷകള്‍ സംസാരിക്കുന്നവരാണ് ജീവിക്കുന്നത്.
സിറ്റിയിലെ ടൈംസ് സ്വയറില്‍ ജോലി നോക്കുന്ന ബംഗാള്‍ വംശജനായ സുബ്‌ശേഷിനെ സംബന്ധിച്ച് ഇത് സന്തോഷമുള്ള വാര്‍ത്തയാണ്. കാരണം അയാളുടെ പിതാവിന് വോട്ട് ചെയ്യാന്‍ വലിയ സഹായകമാകും. സുബ്‌ശേഷിന് ഇംഗ്ലീഷ് ഇഷ്ടമാണെങ്കിലും പ്രാദേശിക ഭാഷകളില്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നത് ബംഗാളി സമൂഹത്തിലെ പലര്‍ക്കും ആശ്വാസമാണ്. പോളിംഗ് കേന്ദ്രത്തില്‍ പലര്‍ക്കും ഇത് സഹായകമാകുമെന്നും പറഞ്ഞു.
ബംഗാളി ബാലറ്റ് പേപ്പറില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായ അവകാശം കൂടിയാണ്. ചില വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ബംഗാളിയില്‍ വോട്ടിംഗ് സാമഗ്രികള്‍ നല്‍കാന്‍ ന്യൂയോര്‍ക്ക് നഗര അധികൃതര്‍ ബാധ്യസ്ഥരാണ്. ഈ ഉത്തരവ് ബാലറ്റ് പേപ്പറിനപ്പുറം മറ്റ് വോട്ടിംഗ് സാമഗ്രികളിലും ബംഗാളി ഭാഷ ഉള്‍പ്പെടുത്തുന്നതിന് ഉറപ്പ് നല്‍കുന്നു.
#uselections #trump #biden #politics #india #worldnews