Records | 400*, രാജീവ് ഗാന്ധിയുടെയും ബ്രയാൻ ലാറയുടെയും തകരാത്ത റെക്കോർഡ്
ന്യൂഡെൽഹി: (KVARTHA) 400 സീറ്റെന്ന ലക്ഷ്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പക്ഷേ തനിച്ചുള്ള ഭൂരിപക്ഷം പോലും നഷ്ടമാവുന്ന ജനവിധിയാണ് ഉണ്ടായത്. 2014-ല്‍ 282 സീറ്റുമായി അധികാരത്തിലേറിയ നരേന്ദ്രമോദി 2019-ല്‍ രണ്ടാമത് അധികാരത്തിലേറുമ്പോഴേക്കും സീറ്റുകളുടെ എണ്ണം 352 എന്ന സംഖ്യത്തിലെത്തിച്ചു. ഈ ആത്മവിശ്വാസവുമായാണ് 'അബ്കി ബാർ 400 പർ' പ്രചാരണത്തിന് മോദി നേതൃത്വം നൽകിയത്. അത് അമ്പേ പാളുകയും ചെയ്തു. ഒരുപാട് പേർ തകർക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ പോയ 400+ എന്ന സ്വപ്നതുല്യമായ രണ്ട് റെക്കോർഡുകളുണ്ട്. ഒന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലും മറ്റൊന്ന് ക്രിക്കറ്റിലുമാണ്.
ഒരേയൊരു രാജീവ് ഗാന്ധി
1984 ഒക്‌ടോബർ 31-ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം അപ്രതീക്ഷിതമായി പ്രധാനമന്ത്രി പദവിയിലെത്തിയ രാജീവ് ഗാന്ധിയാണ് ലോക്‌സഭയിൽ 400ലധികം സീറ്റുകൾ നേടിയ ഒരേയൊരു നേതാവ്. രാജ്യവ്യാപകമായി സഹതാപ തരംഗം ആഞ്ഞടിച്ചപ്പോൾ 1984ൽ നടന്ന എട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 541 സീറ്റുകളിൽ 414ഉം കോൺഗ്രസ് തൂത്തുവാരി.
ഏറ്റവും കൂടുതൽ സീറ്റുകൾക്കൊപ്പം, ഒരു പാർട്ടിക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന വോട്ട് വിഹിതവും കോൺഗ്രസിന്റെ പേരിലാണ്. അന്ന് കോൺഗ്രസിൻ്റെ വോട്ട് വിഹിതം 48.12 ശതമാനമായിരുന്നു. സിപിഎം ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്, 22 സീറ്റും 5.71 ശതമാനം വോട്ടും നേടി.
7.4 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് അന്ന് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജീവ് ഗാന്ധിയോടുള്ള സഹതാപ തരംഗമാണ് കോൺഗ്രസിൻ്റെ വൻ വിജയത്തിന് കാരണമായതെന്ന് രാഷ്ട്രീയ വിദഗ്ധർ പറയുന്നു.
ബ്രയാൻ ലാറ രചിച്ച ചരിത്രം
ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിംഗ്‌സിൽ 400 റൺസ് നേടിയ ഏക ക്രിക്കറ്റ് താരമാണ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. നാളിതുവരെ മറ്റൊരു ബാറ്റ്സ്മാനും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. 2004 ഏപ്രിൽ 12 ന് ഇംഗ്ലണ്ടിനെതിരെ 582 പന്തിൽ നിന്നാണ് അദ്ദേഹം ചരിത്രമെഴുതിയത്. 43 ഫോറും നാല് സിക്സും ലാറ പറത്തി.