Disaster | വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ? വാദങ്ങൾക്ക് കാരണം!

 
Understanding National Disaster Declaration: The Case of Wayanad Landslide
Understanding National Disaster Declaration: The Case of Wayanad Landslide

Photo Credit: PRD Wayanad

വയനാട് ദുരന്തം ഉണ്ടായി ഇത്രയും ദിവസങ്ങൾക്കുള്ളിൽ പലരും പ്രത്യേകിച്ച് പല നേതാക്കളും ഉച്ചരിക്കുന്ന കാര്യമാണ് ഇത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്

 മിന്റാ മരിയ തോമസ് 


(KVARTHA) വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് ആളുകൾക്കാണ് ജീവഹാനി സംഭവിച്ചത്. ധാരാളം പേർക്ക് ഭവനങ്ങളും കൂടപ്പിറപ്പുകളെയും ഒക്കെ നഷ്ടപ്പെട്ടു. ഈ ദുരന്തം സ്വന്തം കുടുംബത്തിൽ സംഭവിച്ച ദുരന്തം പോലെയാണ് ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തത്. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള സഹായങ്ങൾ വയനാട് എത്തിക്കാൻ ഇപ്പോഴും ഇല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോഴും ആ ദുരന്തം വരുത്തിവെച്ച ആഘാതത്തിൽ നിന്ന് ഓരോരുത്തരും മുക്തമായിട്ടില്ലെന്ന് വേണം പറയാൻ. 

വയനാട് ദുരന്തം ഉണ്ടായി ഇത്രയും ദിവസങ്ങൾക്കുള്ളിൽ പലരും പ്രത്യേകിച്ച് പല നേതാക്കളും ഉച്ചരിക്കുന്ന കാര്യമാണ് ഇത് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്. കഴിഞ്ഞ ദിവസം ലോക് സഭയിലെ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപി യുമായ രാഹുൽ ഗാന്ധിയും ഈ വിഷയം ലോക് സഭയിൽ ഉന്നയിച്ചിരുന്നു. ശരിക്കും എന്താണ് ഈ ദേശീയ ദുരന്തം. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുന്നത് അല്ലെങ്കിൽ പരിഗണിക്കുന്നത്. 

അങ്ങനെ പ്രഖ്യാപിച്ചാൽ അതുകൊണ്ട് ഉണ്ടാകുന്ന ഫലങ്ങൾ എന്തൊക്കെ എന്നത് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നവർ ഒഴിച്ച് സാധാരണക്കാരായ പലർക്കും വലിയ പിടിപാടൊന്നും കാണില്ല. അവരൊക്കെ അതിൽ എന്തോ ഉണ്ടെന്നുള്ളത് അല്ലാതെ കാര്യമായ ഒരു പിടിയും കിട്ടിയിട്ടുണ്ടാവില്ല. ഈയവസരത്തിൽ എന്താണ് ദേശീയ ദുരന്തം എന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള ഈ കുറിപ്പ് വളരെ ശ്രദ്ധിക്കപ്പെടുയാണ്. ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമ്പോൾ ആ പ്രദേശത്ത് വരാനിരിക്കുന്ന സാധ്യതകൾ ആണ് ഇതിൽ വ്യക്തമാക്കുന്നത്.

കുറിപ്പിൽ പറയുന്നത്:

'ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുകയോ, സ്വത്തുവകകൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയോ ചെയ്യണം. ദുരന്ത ബാധിത പ്രദേശത്തെ സമൂഹത്തിന് അപകടം നേരിടാനുള്ള ശേഷിക്കപ്പുറമുള്ള സ്വഭാവമോ വ്യാപ്തിയോ ഉണ്ടായിരിക്കണം. 

ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം, ഉഷ്ണ തരംഗം മുതലായവയാണ് സാധാരണയായി ദുരന്തത്തിൽ ഉൾപ്പെടുന്നത്. ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിർമിത ദുരന്തവും ഇതിൽ ഉൾപ്പെടും. ദേശീയ ദുരന്തത്തെ നിർവചിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ, പ്രകൃതിദുരന്ത ത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേകമായ എക്സിക്യൂട്ടീവ് സംവിധാനങ്ങളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിത മാനദണ്ഡവുമില്ല. 

ഇതുമായി ബന്ധപ്പെട്ട്, പത്താം ധനകാര്യ കമ്മീഷൻ (1995 - 2000) നിർദേശങ്ങൾ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ ദുരന്തത്തെ 'അപൂർവമായ തീവ്രതയുള്ള ദേശീയ ദുരന്തം' എന്ന് വിളിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, 'അപൂർവ തീവ്രതയുടെ ദുരന്തം' എന്താണെന്ന് പ്രത്യേകമായി നിർവചിച്ചിട്ടില്ല. 'അപൂർവമായ തീവ്രതയുള്ള ദുരന്തം' എന്നത് സംഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനി ക്കേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു. ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിൻ്റെ ശേഷി, ആശ്വാസ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ ശേഷി എന്നിവയാണ് പ്രധാനമായ അടിസ്ഥാനം. 

2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്. ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സർക്കാരിന് പിന്തുണ നൽകേണ്ടി വരും. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായവും കേന്ദ്രം പരിഗണിക്കേണ്ടി വരും. 

കേന്ദ്രവും സംസ്ഥാനവും തമ്മിൽ 3:1 അനുപാതത്തിൽ പങ്കിട്ടാണ് ദുരന്ത നിവാരണ ഫണ്ട് (CRF) രൂപീകരിക്കുക. സംസ്ഥാനത്തിന് വിഭവങ്ങൾ അപര്യാപ്തമാകുമ്പോൾ, ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ (NCCF) നിന്ന് അധിക സഹായം പരിഗണിക്കും. എൻസിസിഎഫിന്  100% ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാറാണ്.  വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും'.

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ?

നമുക്കും തോന്നാം വയനാട് ഉരുൾപൊട്ടൽ എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്. അതുവരെ നിസാരമായി കണ്ട പലർക്കും ഉണ്ടാകാനിടയുള്ള വികാരമായിരിക്കും ഇത്. ഇവിടത്തെ പല പ്രമുഖ നേതാക്കളും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വാശിപിടിക്കുന്നത് ഇതുകൊണ്ടാണ്. അത് എത്രയും പെട്ടെന്ന് സാധ്യമാകേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വേഗത്തിൽ സാധ്യമാകണമെങ്കിൽ ഇതിനായി രംഗത്തിറങ്ങിയിരിക്കുന്ന നമ്മുടെ നേതാക്കൾക്ക് പൊതുസമൂഹവും പിന്തുണ  കൊടുക്കുകയാണ് വേണ്ടത്. അതിനായും ഇനി നമുക്ക് ഒരുമിക്കാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia