V Sivankutty | സുരേഷ് ഗോപി ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് വി ശിവൻകുട്ടി; 'ഇപ്പോഴും കമ്മീഷണർ സിനിമയിലെ പൊലീസ് ഓഫീസർ ആണെന്ന ധാരണ'
കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒളിമ്പിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു വിവാദ സംഭവം
തിരുവനന്തപുരം: (KVARTHA) കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഒളിമ്പിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു വിവാദ സംഭവം.
പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടീസിൽ സുരേഷ്ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടീസിലാണ് സുരേഷ്‌ഗോപിയുടെ പേര് ഇടം പിടിച്ചത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി വേദിയിൽ നിന്നിറങ്ങി ബഹിഷ്കരണ മാതൃകയിൽ വിദ്യാർത്ഥികൾക്കിടയിൽ ചെന്ന് നിന്നതായി വി ശിവൻകുട്ടി ആരോപിച്ചു.
ഇതോടെ വിദ്യാർഥികൾക്കിടയിൽ ബഹളമായി. ഗവർണറുടെ പ്രസംഗത്തിന് മുമ്പായി ദേശീയ ഗാനാലാപനം ഉണ്ടായി. ഇതിനുശേഷമായിരുന്നു ഒളിമ്പിക് റണ്ണിന്റെ ഫ്ലാഗ് ഓഫ് ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ സുരേഷ് ഗോപി കുട്ടികൾക്കിടയിൽ നിന്ന് ഫ്ലാഗ് ഓഫ് നടത്തി. ഗവർണർ, വിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് സുരേഷ്ഗോപിയുടെ വിക്രിയ.
ഗവർണറേയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ്ഗോപി കൈക്കൊണ്ടത്. ഇത് പ്രോട്ടോകോൾ ലംഘനമാണ്. കമ്മീഷണർ സിനിമയിലെ പൊലീസ് ഓഫീസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാണെന്ന തോന്നൽ ഇപ്പോഴും സുരേഷ് ഗോപിക്ക് ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.