Veena George | വീണ ജോർജ് എന്നും സൗഭാഗ്യവതി; സിന്ധു ജോയിക്ക് ഒന്നുമില്ലാത്ത എന്ത് പ്രത്യേകതയാണുള്ളത്?


● വീണാ ജോർജിൻ്റെ രാഷ്ട്രീയ വളർച്ച വളരെ പെട്ടെന്നായിരുന്നു.
● സിന്ധു ജോയിക്ക് ലഭിക്കേണ്ട അവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു.
● പല നേതാക്കളും വീണാ ജോർജിന്റെ വളർച്ചയിൽ അത്ഭുതപ്പെടുന്നു.
മിൻ്റാ മരിയാ തോമസ്
(KVARTHA) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ വർക്കർമാർ നടത്തുന്ന സമരം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുൻപിൽ പൊടിപൊടിക്കുകയാണ് . ഈ സമരം ദേശീയ തലത്തിൽ പോലും ശ്രദ്ധയാകർഷിച്ചു വരുകയാണ്. സമരം ഇത്ര ദിവസത്തോളം വലിച്ചു നീട്ടിയതിന് പ്രധാന ഉത്തരവാദി നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പിടിപ്പുകേടാണെന്ന് വിലയിരുത്തന്നവരാണ് പലരും. മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറെ പോലുള്ളവരായിരുന്നെങ്കിൽ ഈ സമരം ഇത്രയും രൂക്ഷമാകില്ലായിരുന്നുവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും.
സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഏറ്റവും വലിയ രോഷം മന്ത്രി വീണാ ജോർജിനെതിരെയാണെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്നിട്ടും സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമൊക്കെ വീണാ ജോർജിന് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുന്നത് കാണുതാണ് വിരോധാഭാസം. ശരിക്കും ആരാണ് ഈ വീണാ ജോർജ്. മുൻ എസ്.എഫ്.ഐ നേതാവും വിപ്ലവകാരിയുമൊക്കെ ആയിരുന്ന സിന്ധു ജോയിക്ക് ഒന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഈ വീണാ ജോർജിനുള്ളതെന്ന് ഇടത് സഖാക്കന്മാരിൽ ആരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും.
എസ്.എഫ്.ഐ രാഷ്ട്രീയം കളിച്ച് പരിചയമുണ്ടെന്നും പറയപ്പെടുന്നില്ല. ഇടത് പാർട്ടിയ്ക്ക് വേണ്ടി അടിയും മർദ്ദനവും ഒന്നും ഏറ്റതായി അറിവില്ല. സി.പി.എമ്മിൽ വളരെ പെട്ടെന്നൊന്നും ഒരാൾക്ക് വളർന്ന് വരാൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. മറിച്ച്, കോൺഗ്രസ് പാർട്ടി ആയിരുന്നെങ്കിൽ ഇതൊക്കെ ആകുമായിരുന്നു. അങ്ങനെയൊരു പാർട്ടിയിൽ വളരെ പെട്ടെന്ന് വന്ന് ചെറുപ്രായത്തിൽ തന്നെ മന്ത്രിയും എം.എൽ.എയും ഒക്കെ ആകാൻ സാധിച്ച വീണാ ജോർജ് ശരിക്കും ഒരു സൗഭാഗ്യവതി തന്നെയാണെന്ന് പറയേണ്ടി വരും. 50 ഉം 55 ഉം വർഷം പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച പല സഖാക്കന്മാരും ഇപ്പോഴും ഒന്നും അല്ലാതായി നിൽക്കുമ്പോഴാണ് വളരെ വേഗത്തിൽ വീണാ ജോർജിൽ ഉണ്ടായ വളർച്ച എന്നോർക്കണം.
പാർട്ടി മെമ്പർഷിപ്പ് കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള പാർട്ടിയാണ് സി.പി.എം. അവരുടെ പിന്തുണയിൽ 2016 ൽ ആറന്മുളയിൽ കോൺഗ്രസ്സിന്റെ കരുത്തനായാ കെ കെ ശിവദാസൻ നായരെ നേരിടാനാണ് വീണാ ജോർജ് എത്തുന്നത്. അന്ന് വീണാ ജോർജ് അവിടെ മത്സരിക്കുന്നത് ഇടതു മുന്നണി സ്വതന്ത്രയായാണ്. ഒട്ടും ജനകീയയല്ലാത്ത വീണാ ജോർജിന് അന്ന് ശിവദാസൻ നായരെ തറപറ്റിക്കാൻ സാധിച്ചു എന്നത് സത്യമാണ്. പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ പാർട്ടി സഖാവായി തന്നെ മത്സരിക്കാൻ വീണാ ജോർജിന് സാധിച്ചു എന്നത് വിസ്മരിക്കാനാവുന്നതല്ല. എം.എൽ.എ ആയിരിക്കുമ്പോൾ തന്നെ ലോക് സഭാ തെരഞ്ഞെടുപ്പിൽ പത്തനം തിട്ടയിൽ നിന്ന് ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാനും അവസരം ലഭിച്ചു.
അന്ന് പലരും കേട്ട പേരുകൾ മുൻ റാന്നി എം.എൽ.എ രാജു എബ്രഹാമിനെപ്പോലുള്ളവരുടേതായിരുന്നു. അവരെ പോലെയുള്ളവരെ വെട്ടിമാറ്റിയാണ് വീണയ്ക്ക് പത്തനം തിട്ട ലോക് സഭാ സീറ്റിൽ നറുക്ക് വീഴുന്നത്. അവിടെ അന്ന് പരാജയപ്പെട്ട വീണാ ജോർജിന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്നാണ് പലരും കരുതിയത്. എന്നാൽ സീറ്റ് കിട്ടുക മാത്രമല്ല, ആരോഗ്യമന്ത്രിയാവുകയും ചെയ്തു. അതും കെ.കെ. ഷൈലജ ടീച്ചറെപ്പോലുള്ള മുതിർന്ന ഇടത് സഖാക്കൾ ഇരുന്ന സ്ഥാനത്ത്. ഇതാണ് ഭാഗ്യം എന്ന് പറയുന്നത്. ഇത്രയും സ്ഥാനങ്ങൾ അലങ്കരിച്ച വീണാ ജോർജിന് ഇതുവരെ 50 വയസ് കഴിഞ്ഞിട്ടില്ലെന്നതും ഓർക്കണം. ഒരു മാധ്യമ പ്രവർത്തകയായും അധ്യാപികയായും അറിയപ്പെട്ട വീണാ ജോർജാണ് വളരെപെട്ടെന്ന് ഇത്രയും മുന്തിയ സ്ഥാനങ്ങൾ അലങ്കരിക്കാൻ വിധിക്കപ്പെട്ടത്.
അതിന് മുൻപ് വീണാ ജോർജ് റാങ്ക് ഹോൾഡറും പത്തനംതിട്ട കാത്തലിക് കോളേജിലെ ഫിസിക്സ് അദ്ധ്യാപികയും ആയിരുന്നു. അതുപേക്ഷിച്ച് ആണ് അവർ മാധ്യമപ്രവർത്തനത്തിലേയ്ക്ക് കടക്കുന്നത്. പിന്നീട് രാഷ്ട്രീയത്തിലേയ്ക്കും. പിന്നീട് അടിവെച്ചടിവെച്ച് കയറ്റമായി. മുൻപ് പാർട്ടിയ്ക്ക് വേണ്ടി പടവെട്ടി മർദനമേറ്റ സിന്ധു ജോയിയെപ്പോലുള്ളവർ തനിക്ക് അവസരം നിക്ഷേധിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്ന കാഴ്ച നാം കണ്ടതാണ്. അവരെ ഉമ്മൻ ചാണ്ടിയ്ക്കെതിരെയും എറണാകുളത്ത് കെ.വി തോമസിനെതിരെയും ഒക്കെ മത്സരിക്കാനാണ് പാർട്ടി നിയോഗിച്ചത്. വലിയ മത്സരം ഇവിടെയൊക്കെ നടത്തിയെങ്കിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു സിന്ധുവിൻ്റെ വിധി.
ഒരു സുരക്ഷിത സീറ്റിൽ പോലും പാർട്ടി സിന്ധുവിനെ പരിഗണിച്ചില്ല എന്നതാണ് സത്യം. മുഖ്യമന്ത്രിയാകാൻ യോഗ്യത ഉണ്ടായിട്ടും അതിന് അനുവദിക്കാത്ത പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ഗൗരിയമ്മയ്ക്കും പാർട്ടി വിടേണ്ടി വന്നു. അപ്പോഴാണ് ഒന്നുമില്ലാതെ കയറി വന്ന വീണാ ജോർജിന് ചെറുപ്രായത്തിൽ തന്നെ ഇത്രയും വലിയ സൗഭാഗ്യങ്ങൾ സി.പി.എമ്മിൽ നിന്നും തന്നെ അനുഭവിക്കാൻ സാധിച്ചത്. ഇനിയും വലിയ വലിയ സ്ഥാനമാനങ്ങൾ വീണാ ജോർജിനെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും മനുഷ്യരായാൽ ഇങ്ങനെ ജനിക്കണം. വീണാ ജോർജ് എന്നും ശരിക്കും ഒരു ഭാഗ്യവതി തന്നെ!
The article critically compares Veena George's rapid rise in CPI(M) and government positions to Sindhu Joy's struggles despite her earlier activism, questioning the reasons behind Veena George's perceived "fortunate" political journey.
#VeenaGeorge, #SindhuJoy, #CPIM, #KeralaPolitics, #PoliticalAnalysis, #Nepotism