Protests | മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം ശക്തം; പൊലീസിലും നിരവധി പരാതികൾ


● വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ 'പ്രത്യേക രാജ്യം' എന്ന് വിശേഷിപ്പിച്ചു.
● പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നൽകപ്പെട്ടു.
● രാഷ്ട്രീയ പാർട്ടികളും പൊതുപ്രതിനിധികളും പ്രക്ഷോഭമുണ്ടാക്കി.
● പ്രതിഷേധങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു.
തിരുവനന്തപുരം: (KVARTHA) മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിവിധ സംഘടനകളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. മലപ്പുറം ഒരു 'പ്രത്യേക രാജ്യം' ആണെന്നും 'പ്രത്യേക വിഭാഗക്കാരുടെ സംസ്ഥാനം' ആണെന്നും വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എസ്എൻഡിപി യൂണിയൻ നിലമ്പൂർ താലൂക്ക് കൺവൻഷൻ ഉദ്ഘാടനംചെയ്യുന്നതിനിടെയാണ് വിവാദ പരാമർശം.
'നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻപോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിൻ്റെ ഗുണഫലങ്ങൾ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ. പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്‌കൂളോ ഉണ്ടോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
ഈ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും നേതാക്കളും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ അപലപിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. വെള്ളാപ്പള്ളി പറഞ്ഞത് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി പി അനിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ സ്പർധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും അതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു. സാമുദായിക സൗഹൃദം നിലനിർത്തുന്നതിനു വേണ്ടിയാണ് സാമുദായിക നേതാക്കൾ ശ്രമിക്കേണ്ടത്. എൻഡിഎ സംസ്ഥാന കൺവീനറായ മകന്റെ പ്രവർത്തിയാണ് നിർഭാഗ്യവശാൽ വെള്ളാപ്പള്ളിയിൽ നിന്നുണ്ടാകുന്നത്. ബിജെപിയെ പ്രീണിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വെള്ളാപ്പള്ളി നിരന്തരമായി നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ സർക്കാർ നിയമപരമായ നടപടി എടുക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.
മതേതരത്വത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട മലപ്പുറത്തുവന്ന് സംഘപരിവാറിനേക്കാൾ വലിയ മേലാളന്മാരായി ഒരു ജില്ലയെയും സമൂഹത്തെയും തള്ളിപ്പറയുന്ന ആളായി വെള്ളാപ്പള്ളി നടേശൻ മാറേണ്ടതില്ലെന്ന് പി.കെ. ബഷീർ എംഎൽഎ പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു സർട്ടിഫിക്കറ്റും മലപ്പുറത്തിന് ആവശ്യമില്ല. ഓന്തിനെപ്പോലെ നിറം മാറുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയുടെ പ്രസ്താവന ജില്ലയെ അപകീർത്തിപ്പെടുത്തുന്നതും മതേതര സങ്കൽപ്പങ്ങൾക്ക് എതിരുമാണെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തിന്റെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മതസ്പർധ വളർത്താനുള്ള ശ്രമത്തെ ചെറുക്കാൻ പൊതുസമൂഹം രംഗത്തിറങ്ങണമെന്നും ജില്ലാ പ്രസിഡന്റ് ഇ.വി. അനീഷ്, സെക്രട്ടറി അഡ്വ. ഷഫീര് കിഴിശ്ശേരി എന്നിവർ ആവശ്യപ്പെട്ടു. എഐവൈഎഫ് നിലമ്പൂർ മണ്ഡലം കമ്മിറ്റി എടക്കര പൊലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി.
വിവിധ മത ജനവിഭാഗങ്ങൾ സാഹോദര്യത്തോടെ ജീവിക്കുന്ന മലപ്പുറത്തിന് വെള്ളാപ്പള്ളിയുടെ 'ഗുഡ് സർട്ടിഫിക്കറ്റ്' ആവശ്യമില്ലെന്ന് ഐഎൻഎൽ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. നല്ലവരായ ശ്രീനാരായണീയർക്ക് അദ്ദേഹം ബാധ്യതയായി മാറി. സംഘപരിവാറിന് പലപ്പോഴും വാടകയ്ക്ക് നൽകുന്ന നാവാണ് വെള്ളാപ്പള്ളിക്കുള്ളതെന്നും ഐഎൻഎൽ ആരോപിച്ചു.
വെള്ളാപ്പള്ളിയുടെ പ്രസ്താവന അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള കുത്സിത നീക്കം എല്ലാ മതക്കാരും ഒറ്റക്കെട്ടായി ചെറുക്കും. താൻ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമായിട്ടേ ജനം ഇതിനെ കണക്കാക്കൂവെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്ന് എസ്കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിലകുറഞ്ഞ ഇത്തരം പ്രസ്താവനകൾ അവജ്ഞയോടെ ജനം തള്ളിക്കളയുമെന്നും ഈസ്റ്റ്, വെസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റ് സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ സംഘപരിവാറിന്റെ മെഗാഫോണായി പ്രവർത്തിക്കുകയാണെന്നും ഇത്തരം ഇസ്ലാമോഫോബിയ പ്രചാരകർക്കെതിരെ സർക്കാരിന്റെ മൗനം പ്രതിഷേധാർഹമാണെന്നും സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥിന് പരാതി നൽകി. മലപ്പുറത്തെ ഈഴവ സമുദായങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന പ്രസ്താവന പിൻവലിക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് പിഡിപി അടിയന്തരയോഗം ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.എസ്. മുജീബ് ഹസൻ ഡിജിപിക്ക് പരാതി നൽകി. വെള്ളാപ്പള്ളിയിൽ നിന്നുണ്ടാവാൻ പാടില്ലാത്തതാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹത്തിന് പിന്നിൽ ബാഹ്യ ഇടപെടലുകൾ സംശയിക്കേണ്ടതുണ്ടെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വെള്ളാപ്പള്ളി നിലമ്പൂരിൽ നടത്തിയ പ്രസംഗം വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണെന്നും പ്രസംഗത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Vellapally Natesan’s remarks about Malappuram have sparked widespread protests and police complaints from political and social organizations, condemning them as divisive and inflammatory.
#VellapallyNatesan #Malappuram #Protests #HateSpeech #KeralaPolitics #CommunalHarmony