Request | ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രടറി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിനയന്റ കത്ത്

 
Vinayan Seeks Unnikrishnan's Removal from Film Policy Committee, Malayalam cinema, FEFKA, B Unnikrishnan.
Vinayan Seeks Unnikrishnan's Removal from Film Policy Committee, Malayalam cinema, FEFKA, B Unnikrishnan.

Photo Credit: Facebook/Vinayan

സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കമിറ്റിയെ നിയോഗിച്ച സര്‍കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു.

എറണാകുളം: (KVARTHA) ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക (FEFKA) ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ (B Unnikrishnan) ഒഴിവാക്കണമെനാനവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ (Vinayan) കത്തയച്ചു. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉണ്ണികൃഷ്ണനെതിരെ നടപടി എടുത്തത് ചൂണ്ടികാട്ടിയാണ് വിനയന്റെ കത്ത്. 

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:

'മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്.

റിപ്പോര്‍ട്ട് വന്നതിനു ശേഷം അത് പ്രസിദ്ധീകരിക്കുവാന്‍ വലിയ കാലതാമസം ഉണ്ടായെങ്കിലും, ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച അങ്ങയുടെ സര്‍ക്കാരിന്റെ തീരുമാനത്തെ ആദ്യമേ അഭിനന്ദിച്ചുകൊള്ളട്ടെ.

ഈ റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാണ് (CCI Case No. 98 of 2014). 2017 മാര്‍ച്ചില്‍ CCI പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. CCI - യുടെ വെബ്‌സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. ഈ വിധി അനുസരിച്ച് കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 (നാല് ലക്ഷത്തി അറുപത്തഞ്ച്) രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 (എണ്‍പത്തി അയ്യായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി നാല്) രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. CCI ആക്ടിന്റെ സെക്ഷന്‍ 48 പ്രകാരം അന്നത്തെ 'അമ്മ' പ്രസിഡന്റ് ശ്രീ. ഇന്നസെന്റിന് 51,478 രൂപയും അമ്മ സെക്രട്ടറി ശ്രീ. ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്കയുടെ പ്രസിഡന്റ് ശ്രീ. സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജെനറല്‍ സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. ഇതിനെതിരെ ഈ സംഘടനകളും വ്യക്തികളും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും ബഹുമാനപ്പെട്ട ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 സെപ്തംബര്‍ 28-ന് അപ്പീല്‍ തള്ളിക്കൊണ്ട് പെനാല്‍റ്റി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീം കോടതി വിധിയുടെ പകര്‍പ്പും ഇതിനോടൊപ്പം വയ്ക്കുന്നു.

സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാല്‍ ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ ശ്രീ. ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് 10-08-2023-ല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി 15-ആം നിയമസഭയില്‍ ശ്രീ. ഐ. സി. ബാലകൃഷ്ണന് കൊടുത്ത മറുപടിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു (നിയമസഭയില്‍ കൊടുത്ത മറുപടിയുടെ കോപ്പി ഞാന്‍ ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്).

അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

#MalayalamCinema #KeralaPolitics #FilmPolicy #CCIRuling #FEFKA #Vinayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia