Analysis | തിരഞ്ഞെടുപ്പ് ഗോദയിൽ വെള്ളിടിയായി മാറുമോ വിനേഷ് ഫോഗട്ട്? ഹരിയാനയിൽ കൈപ്പത്തിക്കായി കൈക്കരുത്തോടെ പെൺപുലി
● ഗുസ്തി താരങ്ങളുടെ സമരത്തിൽ സജീവമായിരുന്നു.
● ജുലാന മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു.
● കോൺഗ്രസ് വിനേഷിന്റെ സ്ഥാനാർത്ഥിത്വത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഭാമനാവത്ത്
(KVARTHA) കർഷക സമരങ്ങളുടെ വിളഭൂമിയായ ഹരിയാനയുടെ മണ്ണിലെ രാഷ്ട്രീയഗോദയിൽ കൊടുങ്കാറ്റായി മാറുകയാണ് പാരീസ് ഒളിംപിക്സിൽ ഭാരക്കൂടുതൽ പറഞ്ഞ് മെഡൽ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വിനേഷ് ഫോഗട്ട്. ഗുസ്തി താരങ്ങൾക്കെതിരെ ബി.ജെ.പി എം.പി ലൈംഗിക ചൂഷണം നടത്തിയെന്ന ആരോപണവുമായി തെരുവിൽ പോരാടിയ വിനേഷിൻ്റെ മറ്റൊരു ഇന്നിങ്സ് കൂടിയാണ് ഹരിയാനയിലേത്. ഒളിംപിക്സിന് ശേഷം കായിക താരത്തിൻ്റെ ജഴ്സി അഴിച്ചു വെച്ചു രാഷ്ട്രീയത്തിലിറങ്ങിയ വിനേഷ് ഫോഗട്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് വ്യക്തമായ സന്ദേശം തന്നെയാണ് കോൺഗ്രസിൽ ചേർന്നതിലൂടെ നൽകുന്നത്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി ജയിച്ചാൽ വിനേഷ് ഫോഗട്ടിനെ പ്രധാന പദവികളിലൊന്നിൽ കാണാം. ഇതു ബി.ജെ.പിക്ക് വരുംകാലങ്ങളിലുണ്ടാക്കുന്ന തലവേദന ചെറുതൊന്നുമായിരിക്കില്ല. കർഷക സമരങ്ങളുടെ അലയൊലി നിലനിൽക്കുന്ന ഹരിയാനയിൽ ഇക്കുറിഭരണം പിടിക്കുന്നതിന് വേണ്ടി തന്നെയാണ് കോൺഗ്രസ് വിനേഷിനെ കളത്തിൽ ഇറക്കിയിരിക്കുന്നത്.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളു. കർഷകരുടെ പ്രിയ വാഹനമായ ട്രാക്ടറുകളിൽ പ്രചാരണം പൊടിപൊടിക്കുമ്പോൾ എല്ലാ കണ്ണുകളും ആകാംക്ഷയോടെ നോക്കുന്നത് വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാന മണ്ഡലത്തിലേക്കാണ്. ബിജെപിയെ മലർത്തിയടിക്കാൻ കോൺഗ്രസിനായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്ന വിനേഷ് ഫോഗട്ടിനാവുമോയെന്ന ചോദ്യമാണ് ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്നത്.
ഒളിംപിക്സ് വേദികളിൽ രാജ്യത്തിനായി അടരാടിയ പുലിക്കുട്ടിയെ ഒരുനോക്കു കാണുന്നതിനും അഭിവാദ്യം ചെയ്യുന്നതിനുമായി പ്രചാരണ വാഹനം കടന്നുപോകുന്ന വഴിയരികിൽ വിനേഷിനെ കാത്ത് വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്. എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്ന വിനേഷ്, സ്ത്രീകൾക്കരികിലെത്തി നേരിട്ട് കുശലാന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ജുലാനയിലെ ഗോതമ്പ് പാടങ്ങളിൽ കാറ്റ് വീശുന്നത് വിനേഷിന്റെ വിജയത്തിലേക്കാവുമോയെന്ന ചോദ്യമാണ് ഹരിയാനയിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് വിനേഷിന്റെ കായികജീവിതം മാറിമറിഞ്ഞത്.
ഓഗസ്റ്റ് ആറിന് പാരിസ് ഒളിമ്പിക്സിൽ സ്വർണമെഡലിന് തൊട്ടരികെയെത്തിയപ്പോൾ മുട്ടുകുത്തിയിരുന്ന് കൃതജ്ഞതയോടെ, അഭിമാനത്തോടെ സന്തോഷം പങ്കുവച്ച വിനേഷിനെ മണിക്കൂറുകൾക്കകം കാത്തിരുന്നത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. അയോഗ്യതയുടെ പേരിൽ പുറത്താക്കപ്പെട്ട് അപമാനിതയായ വിനേഷ് പിന്നാലെ വിരമിക്കലും പ്രഖ്യാപിച്ചു. പക്ഷേ, രാജ്യം ഒന്നടങ്കം പറഞ്ഞു നിങ്ങളാണ് ഞങ്ങളുടെ മനസിൽ യഥാർത്ഥ വിജയിയെന്ന്.. കായികരംഗത്തേക്ക് രാഷ്ട്രീയവും അധികാരവും കൈകടത്തൽ നടത്തിയതിന്റെ ബലിയാടാവുകയായിരുന്നു വിനേഷ് ഫോഗട്ട് എന്നത് പരസ്യമായ രഹസ്യമാണ്.
ഗുസ്തിതാരങ്ങൾക്ക് വേണ്ടി ലൈംഗിക ചുഷണത്തിൽ ആരോപണ വിധേയനായ ബി.ജെ.പി എംപിയായിരുന്ന ബ്രിജ്ഭൂഷണിനെതിരെ സമരരംഗത്ത് പോരാടിയ വിനേഷ് ബിജെപിക്ക് അന്നേ തലവേദനയായിരുന്നു. ഇപ്പോഴിതാ, അതേ വിനേഷിനെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നു കായികരംഗത്തെ അട്ടിമറിയും ചതിയുമൊക്കെ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിക്കെതിരെ പോലും ശബ്ലമുയർത്തിയ വിനേഷിന്റെ രാഷ്ട്രീയപ്രവേശം തന്നെ ചരിത്രപരമായ തീരുമാനമായിരുന്നു. ഗോദയിലെ പോരാട്ടം അവസാനിപ്പിച്ച്, സ്ത്രീകൾക്ക് വലിയ വിജയ ചരിത്രം ഇല്ലാത്ത ഹരിയാനയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഗോദയിൽ മത്സരത്തിനിറങ്ങുകയെന്നത് വിനേഷിന്റെ സാഹസികത നിറഞ്ഞ മറ്റൊരു പോരാട്ടം കൂടിയാണ്.
ഗോദയിലെ യോദ്ധാവിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യംവെക്കുന്നത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുക എന്നതുതന്നെയാണ്. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമകേസിൽ ബ്രിജ്ഭൂഷനെതിരെ ഡൽഹിയിൽസമരത്തിനിറങ്ങിയവരുടെ കൂട്ടത്തിൽ മുന്നിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്. ഈ സമരം ബിജെപിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഗുസ്തി താരം മത്സരരംഗത്തെത്തുന്നു എന്നതിനപ്പുറം വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ടാവുന്നതും. ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി പരിശോധിക്കുമ്പോൾ ബിജെപിക്ക് ആശങ്കപ്പെടാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.
ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ടിനെ നേരിടാൻ ആര് എന്നത് ബിജെപിയെ ആദ്യഘട്ടത്തിൽ കുഴക്കിയ ചോദ്യമായിരുന്നു. വിനേഷിന്റെ പിതൃസഹോദരപുത്രിയും ഗുസ്തിതാരവുമായ ബബിത ഫോഗട്ടിനെ രംഗത്തിറക്കുമെന്ന ചർച്ചകൾ ഉയർന്നെങ്കിലും ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത് ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ 10 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഇക്കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല, പകുതി സീറ്റുകൾ നഷ്ടമാവുകയും ചെയ്തു.
ജനസംഖ്യയുടെ 27 ശതമാനം വരുന്ന ജാട്ടുകൾക്കിടയിൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് കോൺഗ്രസ് ഹരിയാനയിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇത്തരം ശ്രമങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതും. ജാട്ട് വിഭാഗത്തിന്റെ വോട്ടുകൾ സമാഹരിക്കുകയെന്നത് തന്നെയാണ് പാർട്ടികളുടെ പ്രധാന കടമ്പ. ജാട്ടുവിഭാഗം ഇത്തവണ തങ്ങൾക്കൊപ്പമാണെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. അതിലാകട്ടെ അൽപം വസ്തുതയുണ്ട്.
കർഷക ബില്ലിനെ തുടർന്ന് ജാട്ട് വിഭാഗത്തിന് ബിജെപിയോടുണ്ടായ അകൽച്ചയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി എംപിമാരുടെ എണ്ണം പകുതിയാക്കി കുറച്ചത്.
8-10 ശതമാനം ബ്രാഹ്മണർ, 7-8 ശതമാനം ഘത്തരീസ്, 27 ശതമാനം ഒബിസി, 7 ശതമാനം മുസ്ലീങ്ങൾ എന്നിങ്ങനെയാണ് ഹരിയാനയുടെ സാമുദായിക ഘടന. ഇതിലാകട്ടെ മുസ്ലീം വോട്ടുകളിൽ മഹാ ഭൂരിപക്ഷവും കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുന്നവയാണ്. ജാട്ട് വിഭാഗത്തിന്റെ വോട്ടുകൾ കൂടി സമാഹരിക്കാനായാൽ ഭരണം നേടാനാകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. കർഷകസമരങ്ങളുടെ സ്വാധീനവും ഹരിയാനയുടെ മണ്ണിൽ നിർണ്ണായകമാണെന്നത് ബിജെപിയുടെ തലവേദന കൂട്ടുന്നു. കർഷക സമരങ്ങളുടെ തിരയിളക്കം ഇനിയും ഒടുങ്ങിയിട്ടില്ല. സമരത്തെ തടയുന്നതിനായി അടച്ചിട്ട ഡൽഹി അതിർത്തികൾ പൂർണ്ണമായും ഇനിയും തുറന്ന് നൽകിയിട്ടുമില്ല.
ഗുസ്തി താരങ്ങളുടെ സമരവും അഗ്നിപഥ് പദ്ധതിയുമെല്ലാം ഹരിയാനയിലെ ജനങ്ങളിൽ ബിജെപി വിരുദ്ധ മനോഭാവത്തിന് വഴിതെളിച്ചിട്ടുണ്ട്. അഗ്നിവീർ പദ്ധതിക്കെതിരായി സംസ്ഥാനത്ത് ആളിപ്പടർന്ന പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സേനയിൽ ജോലി എന്ന യുവജനങ്ങളുടെ സ്വപ്നത്തിന് മീതെ കരിനിഴൽ വീഴ്ത്തിയ സർക്കാർ എന്നതാണ് കേന്ദ്ര സർക്കാരിനോടുള്ള യുവാക്കളുടെ മനോഭാവം. അത് മനസിലാക്കി തന്നെയാകണം അഗ്നിപഥ് പദ്ധതിയിലൂടെ സേനയിലെത്തുന്ന അഗ്നിവീറുകളുടെ സേവന കാലാവധിയും ആനുകൂല്യങ്ങളും പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്.
എന്നാൽ വിനേഷ് ഫോഗട്ട് കോൺഗ്രസിനെ നയിക്കാൻ തുടങ്ങിയതോടെ ഹരിയാനയിൽ കോൺഗ്രസ് അനുകൂല തരംഗമെന്ന അടിയൊഴുക്കിന് സാദ്ധ്യതയേറിയിട്ടുണ്ട്. ഹരിയാനയിലെ തോൽവി ബി.ജെ.പിയെ സംബന്ധിച്ചിടുത്തോളം ഭരിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം നഷ്ടപ്പെടൽ മാത്രമല്ല ഞാണിൻമേൽ മുന്നണി ഭരണം നടത്തുന്ന മൂന്നാം മോദി സർക്കാരിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും . ഇപ്പോൾ തന്നെ പല കാര്യങ്ങളിലും അതൃപ്തിയുള്ള എൻ.ഡി.എ ഘടകകക്ഷികൾ ഭരണത്തിൽ പിടിമുറുക്കിയേക്കാം. ബി.ജെ.പി ദുർബലമാകുന്നുവെന്ന തോന്നൽ സ്ഥാനമോഹികളായ പ്രാദേശിക പാർട്ടി നേതാക്കളെ മറ്റു മേച്ചിൽപുറങ്ങൾ തേടാൻ നിർബന്ധിതമാക്കും.
#VineshPhogat #HaryanaElections #IndianPolitics #Wrestling #Congress #BJP