Criticism | പ്രധാനമന്ത്രി വന്നു, കണ്ടു, പോയി; വയനാടിന് നയാപൈസ ഇതുവരെ കേന്ദ്രസർക്കാർ നൽകിയില്ലെന്ന് ആരോപണം; മൗനം അവഗണനയോ?

 
Damaged houses in Wayanad after the landslide
Damaged houses in Wayanad after the landslide

Photo Credit: Facebook/ BJP Keralam

വയനാട് ദുരന്തത്തിൽ 300-ലധികം പേർ മരിച്ചു.
ത്രിപുരയിലെ ദുരന്തത്തിന് കേന്ദ്രം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് ആരോപണം

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) വയനാട് ദുരന്തബാധിതരെ കൈവെടിയില്ലെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അഞ്ച് നയാ പെസ പോലും നൽകിയില്ലെന്ന ആരോപണം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ വയനാട് ദുരന്തബാധിത പ്രദേശത്ത് സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും റീബിൽഡ് വയനാട് പദ്ധതിക്കായി പ്രായോഗിക നടപടികൾ ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിമാരോ പ്രതികരിക്കില്ലെന്നാണ് ആരോപണം.

Damaged houses in Wayanad after the landslide

കേരളത്തെ മാത്രമല്ല രാജ്യത്തെ ആകെ നടുക്കിയ പ്രകൃതിദുരന്തമായിരുന്നു വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ. അതിൽ നിന്ന് കേരളം പതിയെ കരകയറി വരുന്നതേ ഉള്ളു. ദുരന്തം നടന്ന് 12 ദിവസമായപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിച്ചത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി എല്ലാം കണ്ട് തിരികെ പോയിട്ട് രണ്ടാഴ്ച തികയുന്നുവെങ്കിലും അനുകൂല നടപടിയൊന്നുമുണ്ടായില്ല. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും അനുഗമിച്ചിരുന്നു. ദുരന്തത്തിന്റെ ഭീകരത ചീഫ് സെക്രട്ടറി വീഡിയോ അവതരണത്തിലൂടെ കൃത്യമായി വിവരിച്ച് നൽകിയിട്ടുണ്ട്.

Damaged houses in Wayanad after the landslide

ദുരന്തത്തിന്റെ ആഘാതം നേരിട്ട് മനസിലാക്കി തന്നെയാണ് നരേന്ദ്ര മോദി ഇവിടെനിന്ന് മടങ്ങിയത്. എന്നാൽ ഈ സമയം വരെയും വയനാടിനെ കുറിച്ച് ഒരക്ഷരം മിണ്ടാനോ, ഒരു രൂപ പോലും ധനസഹായമായി പ്രഖ്യാപിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ലെന്നാണ് വിമർശനം. അതേസമയം, ബിജെപി ഭരിക്കുന്ന ത്രിപുരയിൽ പ്രളയം ഉണ്ടായി മണിക്കൂറുകൾക്കകം അടിയന്തര ധനസഹായമായി 40 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ത്രിപുരയിലെ പ്രളയത്തില്‍ 12 പേരോളമാണ് മരിച്ചത്. 

Damaged houses in Wayanad after the landslide

അരുണാചലിലും അസമിലുമുള്ള ദേശീയദുരന്തപ്രതികരണ സേനയുടെ സംഘങ്ങളെ കേന്ദ്രം അവിടേക്ക് അയച്ചു. ഗോമതി നദി കടന്നുപോകുന്ന ബംഗ്ലാദേശിലെ കിഴക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. എന്നാൽ, അതിനേക്കാളും അതിതീവ്ര ദുരന്തമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. 300ന് മുകളില്‍ ആളുകളാണ് വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളാണ് ഒറ്റ രാത്രികൊണ്ട് ഒലിച്ചുപോയത്. എന്നിട്ടാണ് ഇതൊന്നും കാണാതെ, കേൾക്കാതെ കേന്ദ്രസർക്കാർ ത്രിപുരയ്ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കാലങ്ങളായി കേരളത്തോട് കേന്ദ്രം തുടരുന്ന കടുത്ത അവഗണനയുടെ ബാക്കി പത്രമാകുകയാണ് ഈ സംഭവവുമെന്ന ആരോപണം പ്രതിപക്ഷ പാർട്ടികളിൽ ശക്തമായിട്ടുണ്ട്. ദുരന്തമുഖത്തും കേന്ദ്രം ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചയാകുകയാണ്. കേരളത്തിന് സഹായം അനുവദിക്കുന്നതിനെക്കുറിച്ച് ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇതുവരെ ഒരക്ഷരം ഉരിയാടാത്തതാണ് സൈബർ ഇടങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നത്.

#WayanadLandslide #Kerala #India #naturaldisaster #centralgovernment #neglect #NarendraModi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia