Criticism | കൊൽക്കത്തയിലെ ബലാത്സംഗക്കൊല: ഈ ചോദ്യങ്ങള്‍ക്ക് മമതയ്ക്ക് മറുപടിയുണ്ടോ?
സംസ്ഥാന ആഭ്യന്തരമന്ത്രി കസേരയിലിരുന്ന് ക്രമസമാധാനം ഉറപ്പാക്കേണ്ടതും ആരോഗ്യമന്ത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളജിന്റെ മേല്‍നോട്ടും വഹിക്കുന്നതും മുഖ്യമന്ത്രി തന്നെയാണ്
അർണവ് അനിത
(KVARTHA) ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമ്പോള്‍, കൊല്ലപ്പെട്ട ഡോക്ടര്‍ക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച റാലി നടന്നു എന്നത് വിരോധാഭാസമായി തോന്നാം. കാരണം, സംസ്ഥാന ആഭ്യന്തരമന്ത്രി കസേരയിലിരുന്ന് ക്രമസമാധാനം ഉറപ്പാക്കേണ്ടതും ആരോഗ്യമന്ത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളജിന്റെ മേല്‍നോട്ടും വഹിക്കുന്നതും മുഖ്യമന്ത്രി തന്നെയാണ്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരും പൗരസംഘടനകളും അടക്കം ഇതിനെ സര്‍വനാശമായി കാണുമെങ്കിലും പശ്ചിമ ബംഗാളിലെ നിലവിലെ അവസ്ഥ ഇങ്ങിനെയാണെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എങ്ങനെയാണ് ഇത്രയും ഹീനമായ കുറ്റകൃത്യം സംഭവിക്കുകയെന്നും കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഭാവം രാവിലെ വരെ ആരും ശ്രദ്ധിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും മുഖ്യമമന്ത്രി മമതാ ബാനര്‍ജി ചോദിച്ചു. സംഭവം നടന്ന ദിവസം മുതല്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ചോദിക്കുന്ന അതേ ചോദ്യമാണിത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരോട് നിരവധി ചോദ്യങ്ങളാണ് പൊതുസമൂഹം ഉന്നയിക്കുന്നത്. ഇതിനെല്ലാം മറുപടി നല്‍കേണ്ടത് വകുപ്പുകളുടെ മേധാവിയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ്.
* കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തില്‍ പതിനൊന്ന് മുറിവുകള്‍ ഉണ്ടായിരുന്നു, അരയ്ക്ക് താഴെ ശരീരം നഗ്നമായിരുന്നു. എന്നിട്ടും ജീവനൊടുക്കിയതാണെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കളോട് പറഞ്ഞത് എന്തുകൊണ്ടാണ്?
എല്ലാവരേയും ആശയക്കുഴപ്പത്തിലാക്കുന്നതും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതുമായ ചോദ്യമാണിത്. കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കളോടൊപ്പം ആശുപത്രിയിലെത്തിയ ഒരു ബന്ധു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ഡോക്ടറുടെ കാലുകള്‍ 90 ഡിഗ്രി അകലത്തിലാണ് കണ്ടതെന്ന് അവകാശപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ഫോട്ടോകള്‍ ഈ അവകാശവാദം ശരിവയ്ക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. ആര്‍ജി കാര്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സൂപ്രണ്ട് രണ്ട് തവണ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു. ആദ്യ കോളില്‍, മകള്‍ക്ക് പെട്ടെന്ന് സുഖമില്ലാതായെന്നും ഉടനെ കോളജിലേക്ക് എത്തണമെന്നും നിര്‍ദ്ദേശിച്ചു. പിന്നീടാണ് ജീവനൊടുക്കിയതാണെന്ന് പറഞ്ഞത്.
* മൃതദേഹം കാണാന്‍ അനുവദിക്കണമെന്ന് കുടുംബത്തിന് പോലീസിനോട് യാചിക്കേണ്ടി വന്നതെന്തുകൊണ്ടാണ്?
കൊല്ലപ്പെട്ട മകളുടെ മൃതദേഹം കാണാന്‍ പൊലീസിനോട് അപേക്ഷിക്കേണ്ടി വന്നെന്ന് വനിതാ ഡോക്ടറുടെ അമ്മ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പോലീസ് ഇത് നിഷേധിച്ചെങ്കിലും, മൃതദേഹം കാണാനായി മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തുനിന്നിരുന്നതായി അമ്മയും ബന്ധുവും പറഞ്ഞു. നെഞ്ച് രോഗ ഡിപ്പാര്‍ട്ട്‌മെന്റില്‍ തങ്ങള്‍ കാത്തിരുന്നെങ്കിലും ആശുപത്രിയിലെ ഉന്നതരാരും തങ്ങളെ സന്ദര്‍ശിച്ചില്ലെന്ന് ഡോക്ടറുടെ അമ്മ ആരോപിച്ചു.
ഇതിനോട് പൊലീസ് പ്രതികരിച്ചിട്ടില്ല. ഡോക്ടര്‍ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഇരയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചെന്ന് അവകാശപ്പെട്ട് പോസ്റ്റിട്ട നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെ കൊല്‍ക്കത്ത പോലീസ് നടപടി എടുത്തു. മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കാര്‍ മാറ്റണമെന്ന് നിര്‍ബന്ധിച്ചെന്നും കാര്‍ നശിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെന്നും ഡോക്ടറുടെ അമ്മ എബിപി ആനന്ദ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പൊലീസ് പ്രതികരിച്ചിട്ടില്ല.
* കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേര് വാർത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ പൊലീസ് എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ?
ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും ആര്‍ജി കാര്‍ മെഡിക്കല്‍കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ ഒന്‍പത് തവണയാണ് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേര് പരാമര്‍ശിച്ചത്. ഇതിനെതിരെ പൊലീസ് എന്തെങ്കിലും നടപടി എടുത്തതായി അവര്‍ അറിയിച്ചിട്ടില്ല. അതേസമയം ഡോക്ടറുടെ കാറ് നശിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 200ലധികം പേര്‍ക്ക് നോട്ടീസ് അയയ്ക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
* ജോലിസ്ഥലത്ത് അക്രമങ്ങളുണ്ടായിട്ടും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, സംസ്ഥാന സര്‍ക്കാര്‍ ഡോ സന്ദീപ് ഘോഷിന് പകരം നിയമനം നല്‍കിയത് എന്തുകൊണ്ടാണ്?
കൊല്‍ക്കത്ത ഹൈക്കോടതിയെപ്പോലും അമ്പരപ്പിച്ച ചോദ്യമാണിത്. വ്യാപകമായ അഴിമതി, മോശം പെരുമാറ്റം, മോശമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഡോക്ടര്‍ ഘോഷിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) അടുത്ത ബന്ധമുള്ളതിനാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകള്‍ സംബന്ധിച്ച് മുന്‍ സഹപ്രവര്‍ത്തകന്‍ സംസ്ഥാന വിജിലന്‍സിന് വിശദമായി പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല. പകരം, പരാതിക്കാരനായ അക്തര്‍ അലിയെ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റി.
ഘോഷിനെ 'മാഫിയ ഡോണ്‍' എന്നാണ് അലി വിശേഷിപ്പിച്ചത്. ഘോഷ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്നും ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചെന്നും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുമെന്നും അലി ആരോപിച്ചു. ഘോഷിനെ മുമ്പ് രണ്ട് തവണ സ്ഥലം മാറ്റിയിരുന്നു, എന്നിട്ടും അയാള്‍ ആര്‍ജി കാര്‍ ആശുപത്രിയുടെ പ്രിന്‍സിപ്പലായി പുനര്‍നിയമിക്കപ്പെട്ടു. വിവാദമായതിനെ തുടര്‍ന്ന് ഈ സ്ഥാനം രാജിവെച്ചെങ്കിലും നാഷണല്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി ഒരു പുതിയ നിയമനം നല്‍കി മമതാ സര്‍ക്കാര്‍.
എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി അത് തടഞ്ഞു. ഘോഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരസ്യമായി വിമര്‍ശിച്ചു, 'നിങ്ങളുടെ കക്ഷി ശക്തനാണ്. സംസ്ഥാനം അയാള്‍ക്കൊപ്പമാണ്. പൊലീസ് എപ്പോള്‍ വേണമെങ്കിലും സംരക്ഷണം നല്‍കും. 500 പേരടങ്ങുന്ന സേനയെ വേണമെങ്കില്‍ അവര്‍ സംരക്ഷണത്തിനായി വസതിയിലെത്തും. അതിനാല്‍, പോലീസ് സംരക്ഷണം തേടാന്‍ അയാളോട് പറയണമെന്നും കോടതി പരിഹസിച്ചു.
* അന്വേഷണം നടക്കുമ്പോഴും ആശുപത്രിയിലെ നെഞ്ച് രോഗ വിഭാഗത്തില്‍ നവീകരണം ആരംഭിച്ചത് എന്തുകൊണ്ട്?
ബുധനാഴ്ചയാണ് സിബിഐ കേസ് ഏറ്റെടുത്തത്, യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ അതേ വകുപ്പില്‍ അപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു മുറിയും അടുത്തുള്ള സ്ത്രീകളുടെ വിശ്രമമുറിയും പൊളിച്ചു. സംഭവം നടന്ന് കഷ്ടിച്ച് രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് മുറിയും ടോയ്ലറ്റും പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണിതെന്ന് ആശുപത്രി അവകാശപ്പെടുമ്പോള്‍, ഇത് വളരെ സംശയാസ്പദമായ നീക്കമാണ്.
ആര്‍ജി കാര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആരെന്നതും ദുരൂഹമായി തുടരുന്നു. നശീകരണത്തിന് ഭാരതീയ ജനതാ പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യെയും മമത ബാനര്‍ജി കുറ്റപ്പെടുത്തിയപ്പോള്‍, സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ ചില അക്രമികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി ബന്ധമുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആര്‍ജി കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ തെളിവുകളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും കൊല്‍ക്കത്ത പോലീസ് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. അക്രമികള്‍ നെഞ്ച് രോഗ ഡിപ്പാര്‍ട്ട്മെന്റ് ഉള്‍ക്കൊള്ളുന്ന കെട്ടിടത്തെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ മീം ആശയക്കുഴപ്പത്തിന് കാരണമായെന്നും അക്രമികള്‍ മൂന്നാം നിലയിലെ സെമിനാര്‍ ഹാള്‍ മൂന്ന് നില കെട്ടിടമാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാകാമെന്നും സൂചിപ്പിക്കുന്നു.
ആക്രമണസമയത്ത് പോലീസോ ആശുപത്രി അധികൃതരോ യാതൊരു സഹായവും നല്‍കിയില്ലെന്ന് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി അവിടെയും അവസാനിക്കുന്നില്ല. സിബിഐ കേസ് ഏറ്റെടുത്ത് അഞ്ച് ദിവസത്തിന് ശേഷം, അന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റവാളിക്ക് ഞായറാഴ്ചയ്ക്കകം വധശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച, സംസ്ഥാനത്തെ ഡോക്ടര്‍മാരുടെയും പൗരന്മാരുടെയും ശക്തമായ പ്രതിഷേധം നടത്തിയപ്പോള്‍, മമത ബാനര്‍ജി സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു.
തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന സെലിബ്രിറ്റി എംഎല്‍എമാരും എംപിമാരും ചുറ്റും കൂടി, ഓരോ മണിക്കൂറിലും ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍ പ്രസംഗത്തില്‍ സദസ്സിനെ ഓര്‍മ്മിപ്പിച്ചു. 36 മണിക്കൂര്‍ ഷിഫ്റ്റിന് ശേഷം വിശ്രമിച്ച വനിതാ ഡോക്ടറുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിക്കുകയായിരുന്നോ അതോ രോഗികളെ പതിവായി നിരീക്ഷിക്കുന്നതില്‍ ആശുപത്രി ജീവനക്കാര്‍ പരാജയപ്പെട്ടെന്നാണോ അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
#WestBengal #RGKarMedicalCollege #JusticeForDoctor #MamataBanerjee #Protest #Investigation #CrimeAgainstWomen