Agni path Scheme | അഗ്‌നിപഥ് പദ്ധതി: പെന്‍ഷനും വീരമൃത്യുവുമില്ലെന്ന് രാഹുല്‍; ഒരു കോടി നഷ്ടപരിഹാരമെന്ന് രാജ് നാഥ് സിംഗ്; ആര് പറയുന്നതാണ് സത്യം?
അര്‍ണവ് അനിത
ന്യൂഡെല്‍ഹി: (KVARTHA) രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടിയായുള്ള നന്ദിപ്രമേയ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി തൊടുത്തുവിട്ട അസ്ത്രങ്ങള്‍ കേന്ദ്രസര്‍കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞിട്ടും അഗ്‌നിപഥ് പദ്ധതിയെ കുറിച്ച് രാഹുല്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ രാജ്യം ചര്‍ച ചെയ്യുന്നു.
അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ സ്വപ്നമാണ് തകര്‍ത്തതെന്ന വ്യാപക ആരോപണം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉണ്ടായിരുന്നു. അഗ്‌നിവീര്‍ ആയ ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ യുവതികള്‍ തയാറാകുന്നില്ല എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ് നല്‍കിയത്. അതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ലമെന്റില്‍ പദ്ധതി എടുത്ത് അലക്കിയത്.
അഗ്‌നിവീറുകാര്‍ക്ക് പെന്‍ഷന്‍ നല്‍കില്ല, മരണപ്പെട്ടാല്‍ വീരമൃത്യുവില്ല, ഇക്കാര്യം രാഹുല്‍ മാത്രമല്ല, 2015ല്‍ പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു തന്നെ വ്യക്തമാക്കിയിരുന്നു. പട്ടാളക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും മരണപ്പെട്ടാല്‍ വീരമൃത്യു എന്ന വാക്ക് ഉപയോഗിക്കില്ലെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്. ഇതിന് വിരുദ്ധമായ നിലപാടാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പാര്‍ലമെന്റില്‍ സ്വീകരിച്ചത്. മരണപ്പെടുന്ന അഗ്‌നിവീറുകള്‍ക്ക് ഒരു കോടി നഷ്ടപരിഹാരവും വീരവൃത്യുവും നല്‍കുമെന്നാണ് പ്രതിരോധമന്ത്രി പറഞ്ഞത്.
കുഴിബോംബ് പൊട്ടി മരിച്ച ഒരു അഗ്‌നിവീറിന്റെ വീട്ടില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ പോയിരുന്നു. വളരെ ചെറിയ വീടാണെന്നാണ് അദ്ദേഹം പറഞ്ഞത്. പഞ്ചാബ് സ്വദേശിയായ ആ സൈനികന്‍ രക്ഷസാക്ഷിയാണ്. എന്നാല്‍ ഇന്‍ഡ്യാ ഗവണ്‍മെന്റോ പ്രധാനമന്ത്രിയോ അദ്ദേഹത്തെ വീരരക്തസാക്ഷിയെന്ന് വിളിക്കുന്നില്ല.
ആ സൈനികന്റെ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കില്ല, അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല, രക്തസാക്ഷി പദവി ലഭിക്കില്ല. പാവങ്ങളായ മൂന്ന് സഹോദരിമാര്‍ ഒരുമിച്ച് കരയുന്നു. സാധാരണ പട്ടാളക്കാരന് പെന്‍ഷന്‍ ലഭിക്കും, അഗ്‌നിവീറുകാര്‍ക്ക് കിട്ടില്ല. അതില്‍ ഓരോ അഗ്‌നിവീറുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സങ്കടമുണ്ടാകും- എന്നാണ് രാഹുല്‍ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചത്.
അഗ്നിവീറുകാരനെ പട്ടാളക്കാരന്‍ എന്ന് വിളിക്കാനാവില്ല, 'ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന' തൊഴിലാളികളെപ്പോലെയാണവര്‍. അവര്‍ക്ക് ആറ് മാസമാണ് പലരിശീലനം. എന്നാലൊരു ചൈനീസ് പട്ടാളക്കാരന് അഞ്ച് വര്‍ഷം പരിശീലനം നല്‍കുന്നു. അഗ്നിവീറിന് സൈന്യം നല്‍കുന്ന ഒരു റൈഫിളുമായാണ് ചൈനീസ് സൈനികരുടെ മുന്നിലെത്തുക. അപ്പോള്‍ രാജ്യം ഓരോ അഗ്‌നിവീറിന്റെയും ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുന്നു, മാത്രമല്ല ഒരു സൈനികനും അഗ്‌നിവീറും തമ്മില്‍ സര്‍കാര്‍ ഭിന്നത സൃഷ്ടിക്കുന്നു, ഒരാള്‍ക്ക് പെന്‍ഷന്‍ ലഭിക്കും, മറ്റൊരാള്‍ക്ക് കിട്ടില്ല എന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ പ്രതിപക്ഷനേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. അഗ്നിവീര്‍ പദ്ധതി പ്രകാരം ആരെങ്കിലും രക്തസാക്ഷിത്തം വരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ അനുവദിക്കും. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇത്തരം തെറ്റായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതോടെ ആകെ ആശയക്കുഴപ്പമായി. രണ്ട് പേരില്‍ ആര് പറഞ്ഞതാണ് ശരിയെന്ന് പരിശോധിക്കാം.
അഗ്‌നിപഥ് പദ്ധതി പ്രകാരം മരണപ്പെടുന്ന സൈനികര്‍ക്ക് വീരമൃത്യു പദവി ലഭിക്കുമെന്ന് സര്‍കാര്‍ രേഖകളിലൊന്നും പറയുന്നില്ല. എന്നാല്‍, നാലുവര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാകുന്നതോടെ വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി, ആരോഗ്യപദ്ധതികള്‍, കാന്റീനുകള്‍, തുടങ്ങിയ സൗകര്യങ്ങളൊന്നും അഗ്‌നിവീറിന് ലഭിക്കില്ലെന്ന് അഗ്നിപഥ് പദ്ധതിയുടെ ചട്ടങ്ങളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
2023 ഒക്ടോബറില്‍, പഞ്ചാബ് സ്വദേശിയായ അഗ്നിവീര്‍ അമൃത് പാല്‍ സിംഗിന്റെ ശവസംസ്‌കാര ചടങ്ങിനിടെ, അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല. സിംഗിന്റെ മൃതദേഹം സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്. സംഭവം വിവാദമായതോടെ അമൃത് പാല്‍ സിംഗ് സ്വയം മുറിവേല്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിട്ടില്ലെന്ന് ഇന്‍ഡ്യന്‍ സൈന്യം വ്യക്തമാക്കി.
നിയമപ്രകാരം ഡ്യൂടിക്കിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീര്‍ സൈനികന് 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും 44 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിക്കും. ഇതുകൂടാതെ, ജവാന്റെ ശേഷിക്കുന്ന നാല് വര്‍ഷത്തെ സേവന കാലയളവിലെ ശമ്പളവും കുടുംബത്തിന് ലഭിക്കും. സര്‍കാര്‍ നല്‍കുന്ന സംഭാവനയും അതുവരെയുള്ള തുകയുടെ പലിശയും സൈനികന്റെ സേവാനിധി ഫണ്ടിലേക്ക് മാറ്റും.
ഒരു അഗ്നിവീരന്‍ സര്‍വീസിലുണ്ടെങ്കിലും ഡ്യൂടിക്കിടെ മരിച്ചാല്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും സേവന ഫണ്ടിലേക്കുള്ള സര്‍കാരിന്റെ വിഹിതവും പലിശ സഹിതം മാത്രമേ അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കൂ. അതേസമയം, ജോലിയിലിരിക്കെ അംഗവൈകല്യം സംഭവിക്കുന്ന അഗ്നിവീറിന് 15 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ വൈകല്യത്തിന്റെ ബുദ്ധിമുട്ട് അനുസരിച്ച് നഷ്ടപരിഹാരം നല്‍കും.
ഇതോടൊപ്പം അംഗവൈകല്യമുള്ള അഗ്നിവീറിന് സേവാനിധി ഫണ്ടില്‍ നിക്ഷേപിച്ച തുകയും അതിന്റെ പലിശയും അതിനുള്ള സര്‍കാര്‍ വിഹിതവും അടങ്ങുന്ന തുകയും ലഭിക്കും. ശേഷിക്കുന്ന സേവന കാലയളവിലെ മുഴുവന്‍ ശമ്പളവും കിട്ടും. മരണമോ അംഗവൈകല്യമോ ഉണ്ടായാല്‍ നല്‍കുന്ന നഷ്ടപരിഹാരം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുമെന്ന് ഉത്തരവില്‍ വ്യക്തമാണ്. രാജ് നാഥ് സിംഗ് അവകാശപ്പെട്ടതുപോലെ രക്തസാക്ഷിയായ ഓരോ അഗ്നിവീറിനും ഒരു കോടി രൂപ ലഭിക്കുന്നില്ല. അഗ്നിവീറിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദവും പൂര്‍ണമായും ശരിയല്ല.
കഴിഞ്ഞ വര്‍ഷം ജോലിക്കിടെ അഗ്നിവീര്‍ അക്ഷയ് ഗൗട്ടെയുടെ ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാന സര്‍കാരില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരം ഉള്‍പെടെ 1.08 കോടി രൂപ കുടുംബത്തിന് ലഭിച്ചതായി പിതാവ് പറയുന്നു. 20,000 അടി ഉയരമുള്ള സിയാച്ചിന്‍ മേഖലയില്‍ വിന്യസിക്കുന്നതിനിടെയാണ് ഗൗട്ടെ മരിച്ചത്.
പ്രാഥമിക റിപോര്‍ടുകളില്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡ്യൂടിക്കിടെ ഹൃദയാഘാതം മൂലമാണ് മകന്‍ മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പിതാവ് പറഞ്ഞു. കുടുംബത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയായി 48 ലക്ഷം രൂപയും കേന്ദ്ര സര്‍കാരില്‍ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സര്‍കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
അക്ഷയ്യുടെ സഹോദരിക്ക് ജോലി നല്‍കണമെന്നും ഗൗട്ടെ ആവശ്യപ്പെട്ടിരുന്നു. രാജ് നാഥ് സിംഗ് അവകാശപ്പെട്ടത് പോലെ കേന്ദ്രസര്‍കാര്‍ ഒരു കോടി രൂപ നല്‍കുന്നുവെന്ന കാര്യം വസ്തുതയല്ലെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്‍ഡ്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ് സേനകളിലെ റിക്രൂട് മെന്റുകള്‍ക്കായി 2022 ജൂണ്‍ 16-ന് കേന്ദ്ര സര്‍കാര്‍ അഗ്നിപഥ് പദ്ധതി ആരംഭിച്ചു. 17. 5 നും 23 നും ഇടയില്‍ പ്രായമുള്ള സൈനികരെ നാല് വര്‍ഷത്തേക്ക് സേനയില്‍ റിക്രൂട് ചെയ്യുന്നതിനാണിത്.