Job Reservation | കർണാടകയിൽ ഇനി മലയാളികൾക്ക് ജോലി ചെയ്യാനാവില്ലേ? എന്താണ് സർക്കാരിന്റെ പുതിയ തൊഴിൽ സംവരണ ബിൽ, വിശദമായി അറിയാം
ബെംഗ്ളുറു: (KVARTHA) കർണാടകയിലെ (Karnataka) സിദ്ധരാമയ്യ (Siddaramaiah) സർക്കാർ കന്നഡിഗർക്ക് (Kannadigas) തൊഴിൽ ഉറപ്പാക്കാൻ ചരിത്രപരമായ തീരുമാനമെടുത്തു. അതിനുശേഷം വ്യവസായ മേഖലയിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുകയാണ്. സ്വകാര്യ മേഖലയിലെ ജോലികളിൽ തദ്ദേശീയർക്ക് 100 ശതമാനം സംവരണത്തിനുള്ള (Reservation) ബില്ലിനാണ് (Bill) കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ലിന് സര്‍ക്കാര്‍ (Govt) അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും എതിർപ്പുയർന്നതോടെ പിന്നീട് ഡിലീറ്റ് ചെയ്യുകയുണ്ടായി.
എന്താണ് ബില്ലിലെ വ്യവസ്ഥ?
ഈ ബിൽ ഇതുവരെ നിയമസഭയിൽ (Assembly) പാസാക്കിയിട്ടില്ല. അതിനാൽ നിയമമായിട്ടില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം ഏതെങ്കിലും സംസ്ഥാനത്ത് കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ മേഖലയിലെ ഗ്രൂപ്പ് സി, ഡി തസ്തികകളിൽ കന്നഡിഗർക്ക് 100% സംവരണം നിർബന്ധമാക്കും. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ളത്.
കൂടാതെ, മാനേജ്മെൻ്റ് (50%), നോൺ-മാനേജ്മെൻ്റ് (70%) തസ്തികകളിലേക്ക് പ്രാദേശിക ഉദ്യോഗാർത്ഥികൾ ആവശ്യമാണ്. അതായത് മാനേജർ അല്ലെങ്കിൽ മാനേജ്മെൻ്റ് തലത്തിലുള്ള തസ്തികകളിൽ 50% സംവരണം ഉണ്ടായിരിക്കും. അതായത് പകുതി കന്നഡക്കാരും ഈ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. അതേസമയം, മാനേജ്മെൻ്റ് ഇതര ജോലികളിൽ 70% സംവരണം ബാധകമായിരിക്കും.
മാനേജ്മെൻ്റ് ഇതര ജോലികളിൽ നാലിൽ മൂന്ന് പേരും കന്നഡക്കാർ ആയിരിക്കുമെന്ന് സാരം. കർണാടകയിൽ രജിസ്റ്റർ ചെയ്ത കച്ചവട സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാക്കാനാണ് നീക്കം. ഈ ഉത്തരവിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ അത് പാലിക്കാത്തതിന് ശിക്ഷിക്കപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.
മാനേജ്മെന്റ് വിഭാഗത്തിൽ ഡയറക്ടർമാരെ ഒഴികെ വിവിധ തരത്തിലുള്ള ഉയർന്ന റോളുകൾ ഉണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ സൂപ്പർവൈസർമാർ, മാനേജർമാർ, ടെക്നിക്കൽ വിദഗ്ധർ, ഓപ്പറേഷൻസ് മാനേജർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവയാണ്. മാനേജ്മെന്റ് ഇതര വിഭാഗം എന്നത് ഓഫീസുകളിലും സ്ഥാപനങ്ങളിലും മാനേജ്മെന്റ് അല്ലാത്ത ജോലികള്‍ ചെയ്യുന്നവരെ ഉൾക്കൊള്ളുന്നു. ഇതിൽ പ്രധാനമായും ക്ലർക്കുമാർ, പരിശീലനം ഇല്ലാത്തവർ, പരിശീലനം കുറച്ച് ലഭിച്ചവർ, പരിശീലനം ലഭിച്ചവർ, ഐടി/ഐടിഇസ് ജീവനക്കാർ, കരാർ അടിസ്ഥാനത്തിലോ താത്കാലികമായോ ജോലി ചെയ്യുന്നവർ എന്നിവർ ഉൾപ്പെടുന്നു.
ആർക്കാണ് സംവരണത്തിന് അർഹത?
കർണാടകയിൽ ജനിച്ച്, 15 വർഷമെങ്കിലും സംസ്ഥാനത്ത് താമസിക്കുന്ന, കന്നഡയിൽ പ്രാവീണ്യമുള്ള, നോഡൽ ഏജൻസി നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്ന വ്യക്തിയെയാണ് ബിൽ കന്നഡക്കാരനായി നിർവചിക്കുന്നത്
മലയാളികൾക്ക് ജോലി ചെയ്യനാവില്ലേ?
മലയാളികൾ ഏറെ ജോലി ചെയ്യുന്ന സംസ്ഥാനമാണ് കർണാടക. മലയാളികൾക്ക് ബെംഗളൂരു ഒരു പ്രധാന തൊഴിൽ കേന്ദ്രമാണ്. ഐടി, വ്യവസായ മേഖലകളിലെ അവസരങ്ങൾ കാരണം പതിനായിരക്കണക്കിന് മലയാളികൾ അവിടെ ജോലി ചെയ്യുന്നു. ഈ ബില്ല് നിയമമായാൽ മലയാളികൾ അടക്കമുള്ള അന്യസംസ്ഥാന ങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചടിയാകും. നിരവധി വ്യവസായ പ്രമുഖർ സർക്കാരിൻ്റെ നീക്കത്തെ വിമർശിക്കുകയും 'വിവേചനപരം' എന്ന് വിശേഷിപ്പിക്കുകയും സാങ്കേതിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർത്തുകയും ചെയ്തു.
ബിൽ ഫാസിസവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ സർവീസസ് ചെയർമാൻ മോഹൻദാസ് പൈ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയെന്നാണ് അസോചാം കര്‍ണാടകയുടെ സഹ ചെയര്‍മാനും യുലുവിന്റെ സഹസ്ഥാപകനുമായ ആര്.കെ മിശ്ര വിമർശിച്ചത്. ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാർഗെ വ്യക്തമാക്കി.
ബില്ലിന് നിയമസഭ അംഗീകാരം നൽകിയാലേ അത് നിയമമാകൂ. ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയാണെങ്കിൽ ചർച്ചകളും വോട്ടെടുപ്പും കഴിയുമ്പോൾ മാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.