● അംബേദ്കര്‍ക്ക് ഇസ്ലാം സ്വീകരിക്കാമായിരുന്നെങ്കിലും ഇന്ത്യന്‍ മതം തിരഞ്ഞെടുത്തുവെന്ന് സംഘപരിവാര്‍ ചൂണ്ടിക്കാണിക്കുന്നു.
● അംബേദ്കര്‍ ജീവിതകാലം മുഴുവന്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെയാണ് പോരാടിയത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
● കഴിഞ്ഞ ദശകത്തില്‍ അംബേദ്കറെ ആശ്ലേഷിക്കാന്‍ സംഘപരിവാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും സത്യമാണ്.
അർണവ് അനിത
(KVARTHA) കേന്ദ്രമന്ത്രി അമിത്ഷാ, ഭരണഘടനാ ശില്‍പി ഡോ.ബിആര്‍ അംബേദ്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരുകയാണ്. ഈ പശ്ചാത്തലത്തില്‍ ആര്‍എസ്എസിന് എക്കാലവും അംബേദ്കറോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും ഉള്ള സമീപനം എന്താണെന്നും വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നു. വിജയദശമി ദിനമാണല്ലോ ആര്‍എസ്എസിന്റെ സുപ്രധാന ദിവസം, അന്ന് നടക്കുന്ന രണ്ട് ആഘോഷങ്ങളെ കുറിച്ച് പറയാം. അന്നേദിവസം നാഗ്പൂരില്‍ സര്‍സംഘ്ചാലക് പ്രഭാഷണം നടത്തും. അന്ന് തന്നെയാണ് രാജ്യത്തുള്ള ആയിരക്കണക്കിന് ദളിതര്‍ ദീക്ഷാഭൂമിയില്‍ ഒത്തുകൂടുന്നതും 1956ല്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കുന്നതും.
അംബേദ്കര്‍ക്ക് ഇസ്ലാം സ്വീകരിക്കാമായിരുന്നെങ്കിലും ഇന്ത്യന്‍ മതം തിരഞ്ഞെടുത്തുവെന്ന് സംഘപരിവാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സംഘപരിവാര്‍ ഹിന്ദു സ്വത്വം സ്ഥാപിക്കുന്ന ദിവസം ഹിന്ദുമതത്തെ ഉപേക്ഷിക്കാന്‍ അംബേദ്കര്‍ തിരഞ്ഞെടുത്തുവെന്ന വസ്തുത അവര്‍ ബോധപൂര്‍വം അവഗണിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അതും ആര്‍എസ്എസ് ആസ്ഥാനത്തിന് ഏതാനും കിലോമീറ്റര്‍ അകലെ. രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനല്ല അംബേദ്കര്‍ വിജയദശമി തിരഞ്ഞെടുത്തത്, അശോകന്‍ ബുദ്ധമതം സ്വീകരിച്ചത് ആ ദിവസമായത് കൊണ്ടാണ്.
അംബേദ്കര്‍ ജീവിതകാലം മുഴുവന്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനെതിരെയാണ് പോരാടിയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. 'ഹിന്ദു സമൂഹം ഒരു മിഥ്യയാണ്... മുഹമ്മദീയന്‍ ക്രൂരനാണെങ്കില്‍ ഹിന്ദു നികൃഷ്ടനാണെന്നും നിന്ദ്യത ക്രൂരതയേക്കാള്‍ മോശമാണെന്നും പറയാന്‍ എനിക്ക് മടിയില്ല' എന്ന് വാദിച്ച അംബേദ്കറെ എന്ത് ധാര്‍മ്മിക അടിത്തറയിലാണ് സംഘപരിവാറിന് സ്വീകരിക്കാന്‍ കഴിയുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ദശകത്തില്‍ അംബേദ്കറെ ആശ്ലേഷിക്കാന്‍ സംഘപരിവാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും സത്യമാണ്.
ആര്‍എസ്എസ് പ്രചാരകനും മുഖപത്രമായ പാഞ്ചജന്യത്തിന്റെ പത്രാധിപരും ആയിരുന്ന ദേവേന്ദ്ര സ്വരൂപ് 2019ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മഹാത്മാ ഗാന്ധിയെയും അംബേദ്കറെയും സംഘപരിവാര്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്, 'അംബേദ്കറും അദ്ദേഹത്തിന്റെ അനുഭാവികളും ഹിന്ദു വിരുദ്ധരാണ്... എന്നാല്‍ നമ്മുടെ മുന്നിലുള്ള പ്രശ്‌നം ദളിത് പ്രസ്ഥാനം അംബേദ്കറെ ഒരു മാതൃകാ നേതാവായി സ്വീകരിച്ചതിനാല്‍ നമുക്ക് അദ്ദേഹത്തെ ഒഴിവാക്കാന്‍ കഴിയില്ല'.
മഹാരാഷ്ട്രയിലെയും ദേശീയ രാഷ്ട്രീയത്തിലെയും അംബേദ്കറുടെ ആവിര്‍ഭാവവും 1925-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് രൂപീകരണവും മറാത്തി സംസാരിക്കുന്ന പ്രദേശങ്ങളിലെ വളര്‍ച്ചയും ഒരേ കാലത്താണ്. എന്നിരുന്നാലും, പതിറ്റാണ്ടുകളായി, മഹാരാഷ്ട്രക്കാരനായ ദളിത് നേതാവ് അംബേദ്കറോട് മറാത്തി സംസാരിക്കുന്ന ഹിന്ദുത്വ നേതാക്കള്‍ക്ക് കാര്യമായ മതിപ്പില്ല. ക്രിസ്റ്റോഫ് ജാഫ്രലോട്ട് അടുത്തിടെ എഴുതിയതുപോലെ, സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഘട്ടങ്ങളിലും ബുദ്ധമതം സ്വീകരിക്കുന്ന സമയത്തും നിരവധി ഹിന്ദു ദേശീയ നേതാക്കള്‍ അംബേദ്കറിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും എതിര്‍ത്തിരുന്നു.
എന്നാല്‍ ദളിത് രാഷ്ട്രീയം ശക്തിപ്രാപിച്ചതോടെ അംബേദ്കറെ ഒഴിവാക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ആര്‍എസ്എസിന് മനസ്സിലായി. മോഹന്‍ ഭാഗവത് 2015ലെ വിജയദശമി പ്രസംഗം അംബേദ്കറിനെ കുറിച്ച് സംസാരിച്ചാണ് ആരംഭിച്ചത്, ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാറിനും മറ്റൊരു പ്രമുഖ നേതാവുമായ ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും മുമ്പായി അംബേദ്കറെ കുറിച്ച് പറയാന്‍ നിര്‍ബന്ധിതനായി.
'ആചാര്യ ശങ്കറിന്റെ മൂര്‍ച്ചയുള്ള ബുദ്ധിയുടെയും ശ്രീ ബുദ്ധന്റെ അതിരുകളില്ലാത്ത അനുകമ്പയുടെയും സംഗമം' എന്നാണ് ഭഗവത് അംബേദ്കറെ വിശേഷിപ്പിച്ചത്. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അംബേദ്കറിന്റെ പേരില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവ അദ്ദേഹത്തിന്റെ തത്ത്വചിന്തകളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് എന്നാണ് പറയുന്നത്. ഹിന്ദു ദേവതകളെ ഒരിക്കലും ആരാധിക്കില്ല എന്നതായിരുന്നു അംബേദ്കറുടെ പ്രശസ്തമായ പ്രതിജ്ഞകളില്‍ ഒന്ന്. ഈ പാതയിലൂടെ ബിജെപിക്ക് എന്നെങ്കിലും സഞ്ചരിക്കാനാകുമോ?
മായാവതി യുപി മുഖ്യമന്ത്രിയായിരിക്കെ അംബേദ്കര്‍ സ്മാരകങ്ങള്‍ പണിയുമ്പോള്‍ പലപ്പോഴും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, മോദി പ്രധാനമന്ത്രിയായതോടെ, ആര്‍എസ്എസും ബിജെപിയും മാപ്പ് പറയണമെന്ന് മായാവതി ആവശ്യപ്പെട്ടു. തങ്ങളുടെ പ്രത്യയശാസ്ത്രം മാറിയെന്ന് അവകാശപ്പെടാന്‍ സംഘപരിവാറിന് താല്‍പ്പര്യമുണ്ടെങ്കില്‍, അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥാപക ദിനത്തെ ആദരിച്ചും വിജയദശമിയുടെ അവകാശം ദളിതര്‍ക്ക് സമര്‍പ്പിച്ചും ഈ മാറ്റത്തിന്റെ യഥാര്‍ത്ഥത തെളിയിക്കട്ടെ എന്നും പറഞ്ഞു.
അടുത്തിടെ മഹാരാഷ്ട്രയില്‍ ഭരണഘടനയുടെ പകര്‍പ്പ് നശിപ്പിക്കുകയും അതില്‍ പ്രതിഷേധിച്ച ദളിത് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിയമവിദ്യാര്‍ത്ഥിയായ സോമനാഥ് കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക എതിര്‍പ്പാണ് ഉയര്‍ന്നുവരുന്നത്. ദളിതര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് അനധികൃത പരിശോധന നടത്തുകയും പലരെയും ആക്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. എന്നിട്ടും ബിജെപി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിയമവിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ പരിക്കുകളുടെ പാടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞത്.
#RSS #Ambedkar #DalitPolitics #AmitShah #Protests #Maharashtra