Suresh Gopi | സുരേഷ് ഗോപി ആ പറഞ്ഞതിൽ എന്താണ് തെറ്റ്? അമിതാഭ് ബച്ചനൊക്കെ പറ്റുമെങ്കിൽ കേരളത്തിലെ തൊഴിലുള്ള ഏക എംപിക്കും കഴിയും!
മിന്റാ മരിയ ജോസഫ്
(KVARTHA) കേന്ദ്രമന്ത്രിക്കും പണം പിരിച്ചിട്ട് വേണോ 'അർഹിക്കുന്നവരെ' സേവിക്കാൻ?, പിന്നല്ലാതെ കിരീടവും ചെങ്കോലും ഒക്കെ വാങ്ങികൊടുത്തതിന്റ തുക കണ്ടെത്തണം, ഇനിയും ആളെ മനസ്സിൽ ആയില്ലേ കുറച്ചു കഷായം വാങ്ങി കഴിച്ചാൽ മതി, ഒരു സ്വർണം പൂശുന്ന കട ഉദ്ഘാടനം ചെയ്യാനുണ്ടായിരുന്നു, ഇപ്പോൾ കേന്ദ്ര സഹമന്ത്രി (Minister of State) സുരേഷ് ഗോപിക്കെതിരെ (Suresh Gopi) അദ്ദേഹത്തിൻ്റെ എതിരാളികൾ സോഷ്യൽമീഡിയയിലും (Social Media) മറ്റും വിമർശനവും ട്രോളുകളും (Troll) ഒക്കെ നിരത്തുന്നത് ഇങ്ങനെയാണ്. എം പി (MP) എന്ന നിലയിൽ ഉദ്ഘാടനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളെപ്പിടിച്ചാണ് എതിരാളികൾ സുരേഷ് ഗോപിക്കെതിരെ വിമർശന ശരം തൊടുത്തുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഇതിൽ എന്തെങ്കിലും തെറ്റ് പറഞ്ഞോ എന്ന് പരിശോധിക്കാം.
തൃശൂരിലെ ഏങ്ങണ്ടിയൂരിലെ ഒരു സ്വീകരണയോഗത്തിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: 'എം.പി എന്നല്ല സിനിമാ നടൻ എന്ന നിലയ്ക്ക് ഉദ്ഘാടനത്തിന് വിളിച്ചാൽ മതി, ഉദ്ഘാടനങ്ങൾക്ക് പ്രതിഫലം വേണം. ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ, എം.പിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എൻ്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അത് എൻ്റെ ട്രസ്റ്റിലേയ്ക്ക് പോകും, സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിൻ്റെ 5 - 8 ശതമാനം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേയ്ക്ക് കൊടുക്കും'.
രാഷ്ട്രീയ തൊഴിലാളി അല്ല
ഇതിൽ എന്താണ് അപാകതയുള്ളത്? സുരേഷ് ഗോപി എന്ന മനുഷ്യൻ ഇന്നോ ഇന്നലെയോ ആയിട്ട് തുടങ്ങിയതല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ. അദ്ദേഹം ഇതുവരെ ഒരുപാട് പേരെ വ്യക്തിപരമായി സഹായിച്ചിരിക്കുന്നുവെന്ന കാര്യം കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും നല്ല അറിവുള്ള കാര്യവുമാണ്. ഇദ്ദേഹം രാഷ്ട്രീയ തൊഴിലാളി അല്ല, രാഷ്ട്രീയം വരുമാനമാർഗവും അല്ല, അദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കണമെങ്കിൽ തൊഴിൽ അയാൾ ചെയ്യണം, ശരിക്കും ഇതല്ലേ ശരി?. നിലവിലെ കേരളത്തിലെ എം.പി മാരിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഏക എം.പി സുരേഷ് ഗോപി മാത്രമാകും. ആ തൊഴിലിൽ നിന്ന് കിട്ടുന്ന വേതനത്തിൽ നിന്നാണ് അദ്ദേഹം ഇതുവരെ പാവങ്ങളെ സഹായിച്ചിരുന്നത്.
മറച്ചുവെക്കുന്ന വാക്കുകൾ
ആ പറഞ്ഞതിന്റെ കൂടെ ഒന്ന് കൂടി കേന്ദ്രമന്ത്രി പറഞ്ഞു. അത് ഇവിടെ വ്യക്തമാക്കാൻ പലരും മടിക്കുന്നു. കാരണം, അദ്ദേഹം തൃശൂരിൽ (Thrissur) വിജയിച്ചത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല എന്നർത്ഥം. അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ കൂടി ശ്രദ്ധിക്കുക: 'മന്ത്രി എന്ന നിലക്ക് ഒരു രൂപ എടുക്കില്ല, കൂടാതെ സിനിമയിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും 5 - 8 ശതമാനം പാവങ്ങൾക്ക് അല്ലെങ്കിൽ കഷ്ടത അനുഭവിക്കുന്ന ഒരു സമൂഹത്തിന് കൊടുക്കും, പിന്നെ എന്റെ പേരിൽ പണപ്പിരിവ് നടത്തില്ല. പക്ഷേ എംപി എന്ന നിലയ്ക്ക് ഉദ്ഘാടനങ്ങൾ ചെയ്യില്ല. ഒരു സിനിമ നടൻ എന്ന നിലയിൽ മാത്രം കടകൾ, ഷോറൂമുകൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. ആ പൈസയും മകളുടെ പേരിലുള്ള ട്രസ്റ്റിൽ ചേർക്കും. ജനങ്ങളിലേക്ക് എത്തിക്കും'.
ഇതും അദ്ദേഹം പറഞ്ഞതാണ്. പലരും ഇത് സ്വകാര്യപൂർവം മറക്കുന്നു എന്നതാണ് സത്യം. സൗകര്യം ഉണ്ടങ്കിൽ മാത്രം ഈ പറഞ്ഞ സുരേഷ് ഗോപിയെ കടകളോ ഷോറൂമുകളോ ഉദ്‌ഘാടനം ചെയ്യാൻ വിളിച്ചാൽ പോരെ. അദ്ദേഹത്തെ ഒരു ചടങ്ങിന് തിരി തെളിക്കാൻ വിളിച്ചാൽ അതിനു കൂലി വാങ്ങും. അത് പാവങ്ങൾക്ക് കൊടുക്കും എന്നാണ് പറയുന്നത്. അതിൽ എന്താണ് തെറ്റ്. നമ്മുടെയൊക്കെ മനോഭാവം ആദ്യം മാറ്റുകയാണ് വേണ്ടത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാൽ, പട്ടി പുല്ല് തിന്നില്ല, പശൂനെ തീറ്റിക്കുകയും ഇല്ലാ എന്നതു തന്നെ. വളരെ നല്ല കാര്യം തന്നെയാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലെ ഒരാൾ ആകുമ്പോൾ.
പ്രതിഫലം ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല
കടകളുടെയോ ഷോറൂമുകളുടെയോ ഉദ്ഘാടനങ്ങൾ നടത്തുന്നവർ അതിസമ്പന്നരാണ്. ഉദ്ഘാടനങ്ങളിൽ നിന്ന് ലഭിക്കുന്ന പണം പാവങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ ഉപകാരപ്രദമാകും എന്നല്ലേ ചിന്തിക്കേണ്ടത്. ഇതിനെ വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമാക്കുന്ന ഇടുങ്ങിയ മനസാണ് മനസിലാകാത്തത്. കടയും ഷോപ്പിംഗ് മാളുമൊക്കെ ഉൽഘാടനം ചെയ്യുക എന്നത് എം.പി യുടെ ഉത്തരവാദിത്വമല്ല. സർക്കാർ പരിപാടികളിൽ മാത്രമേ പ്രോട്ടോക്കോൾ അനുസരിച്ച് എം.പി പങ്കെടുക്കേണ്ടതുള്ളൂ. മറിച്ച് സെലിബ്രിറ്റി എന്ന നിലക്ക് ഏതെങ്കിലും സ്ഥാപനം അദ്ദേഹത്തെക്കൊണ്ട് ഉൽഘാടനം ചെയ്യിച്ചാൽ പ്രതിഫലം ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല.
അമിതാഭ് ബച്ചനൊക്കെ (Amitabh Bachchan) എംപി യായിരിക്കുമ്പോൾ ചെയ്തു കൊണ്ടിരുന്ന ഉദ്ഘാടനങ്ങൾക്കും ചാനൽ പരിപാടികൾക്കുമൊക്കെ പ്രതിഫലം വാങ്ങിയിട്ടുണ്ട്. ആർക്കും ഒരു പരാതിയും ഉണ്ടായിട്ടില്ലല്ലോ. മലയാളത്തിലെ നടന്മാരായ ഇന്നസെൻ്റും (Innocent) മുകേഷുമൊക്കെ (Mukesh) എം.പിയും യും എം.എൽ.എയുമൊക്കെ ആയിരിക്കുമ്പോൾ അനൗദ്യോഗികമായ ഇത്തരം പരിപാടികൾക്ക് പ്രതിഫലം പറ്റിയിട്ടുണ്ടെന്നാണ് വിവരം. സുരേഷ് ഗോപിക്ക് എന്തെങ്കിലും പ്രതിഫലം ലഭിച്ചാൽ അത് മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിലേക്ക് (Charitable Trust) നൽകുകയും നിരവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ഉപകരിക്കുകയും ചെയ്യും. അതാണ് സത്യവും. അതിന് ആർക്കും വിഷമം ഉണ്ടാകേണ്ട കാര്യമില്ല.
സിനിമയിൽ അഭിനയം തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ അനുസരിച്ചു പൈസ വാങ്ങണം, അതിൽ ഒരു തെറ്റും ഉണ്ടെന്ന് തോന്നുന്നുമില്ല. സുരേഷ് ഗോപിയുടെത് വളരെ ശരിയായ തീരുമാനമാണ്. അദേഹം ബുദ്ധിപരമായ രീതിയിൽ കാര്യം പറഞ്ഞു, ബുദ്ധിയില്ലാത്തവർ ഇവിടെ കിടന്നു മോങ്ങുന്നുവെന്നാണ് വിമർശനം. എം.പി ഫണ്ട് (M P Fund) നാടിൻ്റെ വികസനത്തിനു വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്, ഉദ്ഘാടനത്തിൽ നിന്ന് കിട്ടുന്ന ഫണ്ട് പാവങ്ങൾക്കുള്ളതും. അത്രയേ ഉള്ളൂ. അല്ലെങ്കിൽ തന്നെ മുൻപും നിരവധി കേന്ദ്രമന്ത്രിമാർ കേരളത്തിൽ ഉണ്ടായിരുന്നു. അവരൊക്കെ കൊട്ടക്കണക്കിന് പാവങ്ങൾക്ക് കൊടുക്കുമായിരുന്നുവോ എന്നും ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. സുരേഷ് ഗോപി എന്ന വ്യക്തി കിട്ടുന്ന പണം, അത് വീട്ടിൽ കൊണ്ട് പോകാറില്ല. പാവങ്ങൾക്ക് ഉപകരിക്കും . അതാണ് അദ്ദേഹത്തിന്റെ വിജയവും.