White Guard | 'വൈറ്റ് ഗാർഡിൻ്റെ സേവനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മുമ്പും അവർ അങ്ങനെ തന്നെ ആയിരുന്നു'
ഇതുപോലെ നിസ്വാർത്ഥമായി സമൂഹത്തിൻ്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സംഘടനകളും വ്യക്തികളും ഉണ്ട്. അവരാകും എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ അവിടേയ്ക്ക് ആദ്യം ഓടിയെത്തുക
ഡോണൽ മുവാറ്റുപുഴ
(KVARTHA) രാഷ്ട്രീയ വിഷം കലർത്താൻ വരുന്നവരെ അകറ്റി നിർത്തുക, വയനാട് ദുരന്തമുഖത്ത് നിസ്വാർത്ഥമായി ഭക്ഷണം എത്തിച്ച വൈറ്റ് ഗാർഡിനെ അതിൽ നിന്നു തടഞ്ഞപ്പോൾ അവിടെ നിന്ന് കേട്ട നിലവിളി ഇങ്ങനെയായിരുന്നു. രക്ഷാ പ്രവർത്തകർക്ക് ഭക്ഷണമില്ല, ഇതുവരെ പ്രഭാത ഭക്ഷണം നൽകാനായില്ല, സന്നദ്ധ സംഘടനകളെ തടഞ്ഞത് പ്രതിസന്ധി, ബദൽ സംവിധാനം ഒരുക്കാൻ ആയി രാഷ്ട്രീയ വിഷം കലർത്താൻ വരുന്നവരെ അകറ്റി നിർത്തുക, വയനാട് ദുരന്തമുഖത്ത് നിസ്വാർത്ഥമായി ഭക്ഷണം എത്തിച്ച വൈറ്റ് ഗാർഡിനെ അതിൽ നിന്നു തടഞ്ഞപ്പോൾ അവിടെ നിന്ന് കേട്ട നിലവിളി ഇങ്ങനെയായിരുന്നു. രക്ഷാ പ്രവർത്തകർക്ക് ഭക്ഷണമില്ല, ഇതുവരെ പ്രഭാത ഭക്ഷണം നൽകാനായില്ല, സന്നദ്ധ സംഘടനകളെ തടഞ്ഞത് പ്രതിസന്ധി, ബദൽ സംവിധാനം ഒരുക്കാൻ ആയില്ല എന്നൊക്കെയായിരുന്നു പ്രതികരണങ്ങൾ.
വൈറ്റ് ഗാർഡ് കൊടുത്ത ഭക്ഷണം നാലഞ്ച് ദിവസം കഴിച്ചപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു, സംഘടനകൾക്കും മറ്റ് പാർട്ടികളിലേക്കും ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന് മനസ്സിലായപ്പോൾ ചിലർ കളിച്ച നാടകം ആണെന്നും ആക്ഷേപമുണ്ടായി. ജനരോഷം കടുത്തപ്പോൾ മന്ത്രിയ്ക്ക് തന്നെ ഇടപെട്ട് തൻ്റെ നിലപാട് തിരുത്തേണ്ടി വന്നു. ഈ ദുരന്തമുഖത്ത് തന്നെ വേണോ ഈ നാണംകെട്ട രാഷ്ട്രീയ കളിയെന്ന് എല്ലാ പാർട്ടികളും അവരുടെ നേതാക്കളും ഗൗരവത്തോടെ ചിന്തിച്ചാൽ നന്നായിരിക്കും. ഈ അവസരത്തിൽ വയനാട് ദുരന്തമുഖത്ത് ദിവസങ്ങളോളം മുടങ്ങാതെ ഭക്ഷണം എത്തിച്ച വൈറ്റ് ഗാർഡിനെയും അതിലെ ആളുകളെയും പറ്റി റഷീദ് സി പി എന്ന ഉപയോക്താവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
'റഫീക്കും, ഖമറും എനിക്ക് അറിയാവുന്നവർ ആണ്. എന്റെ നാട്ടുകാർ ആണ്. അവർ നാട്ടിലും പണ്ടേ അങ്ങിനെയാണ്. ആരെങ്കിലും മരിച്ചാൽ അവർ പള്ളി പറമ്പിൽ ആയിരിക്കും. ഖബർ കുഴി പോലെയുള്ള എളുപ്പം ആളുകൾ ഇടപെടാൻ മടിക്കുന്ന ഇടങ്ങളിൽ അവർ ഉണ്ടാവും. നാട്ടിൽ പ്രദേശികമായി എന്തെകിലും ദുരന്തം ഉണ്ടായാൽ അവർ മുന്നിൽ ഉണ്ടാവും. അവരോടൊപ്പം കുറേ ചെറുപ്പക്കാരും ഉണ്ടാവും.
അങ്ങിനെയാണ് നമ്മുടെ കേരളത്തിൽ പല തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളും സമീപ കാലത്തായി വർധിച്ചത്. അപ്പോൾ മനുഷ്യർ അതാത് ഇടങ്ങളിലേക്ക് ഓടി തുടങ്ങിയതും. കൂട്ടത്തിൽ ഇവരേയും കണ്ടു തുടങ്ങി.
ആദ്യ ഘട്ടങ്ങളിൽ ഇവരും റെസ്ക്യൂ ആവശ്യത്തിന് ആയിരുന്നു പോയിരുന്നത്. വെള്ള പൊക്കത്തിൽ പറവൂരും മറ്റും പോയ അനുഭവങ്ങൾ നേരിട്ടു കേട്ടിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിലും പോയപ്പോൾ അവർക്ക് മനസിലാക്കാൻ കഴിഞ്ഞത് റെസ്ക്യുവിനു നമ്മുടെ നാട്ടിൽ ആളുകൾ ഏറെയുണ്ട്. അവിടെങ്ങളിൽ എത്തുന്ന മനുഷ്യരുടെ വിശപ്പ് അടക്കാൻ ആണ് പ്രശ്നം. അവർ അങ്ങനെ ഭക്ഷണം പാചകം ചെയ്തു ഇത്തരം ഉദ്യമങ്ങളുടെ കൂടെ കൂടണം എന്ന് തീരുമാനിച്ചു. അതിനു കാരണവുമുണ്ട്. ഇവരിൽ തന്നെ വാടക സ്റ്റോർകാരും, ഭക്ഷണം പാചകം ചെയ്യുന്ന കാറ്ററിംഗ് ഗ്രുപ്പിൽ പെട്ടവരും ഉണ്ട്.
അവർ അങ്ങിനെ കവളപാറയിൽ ഉൾപ്പെടെ ആ തരത്തിൽ ഇടപെട്ട് തുടങ്ങി. ഇതൊക്കെ അവർ കോഴിക്കോട് ജില്ലയിലെ ചീക്കോന്നു എന്ന പ്രദേശത്തെ ഒരു കൂട്ടായ്മ എന്ന നിലയ്ക്കാണ് മുന്നോട്ട് നീക്കിയിരുന്നത്. ഇവരിൽ ഭൂരിപക്ഷവും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകർ ആയിരുന്നു. അത് കൊണ്ടു ആവാം, പിന്നീട് എപ്പോഴ അതിന്റെ വളന്റിയറിങ് വിംഗ് ആയ വൈറ്റ് ഗാർഡിന്റെ പേരിലേക്ക് ഈ കൂട്ടായ്മ മാറി. അത് ഒരു തരത്തിലുള്ള സ്വഭാവികതയുമാണ്.
ഇവർ ഓരോ ദുരന്ത മേഖലയിൽ സേവന പ്രവർത്തനത്തിന് പോയാലും തിരിച്ചു വന്നാൽ ഇവരോട് ആളുകൾ അനുഭവം ചോദിക്കും. ഇവർ പറയുന്ന അനുഭവം കേട്ടിട്ട് കണ്ണീർ വാർക്കുന്ന മനുഷ്യരെ നേരിട്ടു കണ്ടിട്ടുണ്ട്. ഇവരിലുള്ള വിശ്വാസം കൊണ്ടു ആണ് ആളുകൾ ഇതിലേക്ക് പൈസ കൊടുക്കുന്നതും. അതിൽ തന്നെ ഇവരുടെ അടുത്ത സുഹൃത്തുക്കൾ ആണ്, വലിയ രീതിയിൽ സഹകരിക്കുന്നത്. നമ്മുടെ നാടിന്റെ കണ്ണീർ ആയ വയനാട്ടിലേക്ക് വിവരമറിഞ്ഞ ആദ്യ മണിക്കൂറിൽ തന്നെ ഒന്ന് രണ്ട് ടിപ്പറിൽ പല ചരക്കുമായി അവർ ചുരം കയറിയത്. നാട്ടിലെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് വേണ്ട സാധങ്ങൾ വാങ്ങിച്ചത്.
അവർ അപ്പോൾ അവിടെ പേ ചെയ്യില്ല. അതിന്റെ ആവശ്യവും ഇല്ല. അവർക്കും, സാധനം കൊടുക്കുന്ന സൂപ്പർ മാർക്കറ്റുകാർക്കും അറിയാം അവർ തിരിച്ചു എത്തും മുൻപ് അതിന്റ പൈസ അവിടെ എത്തിയിരിക്കും എന്ന്. അത് എത്ര രൂപ ആയാലും. അവരോട് ആണ് പെട്ടെന്ന്, പാചകം ചെയ്ത ഭക്ഷണം പോലും വിതരണം ചെയ്യാനുള്ള അനുമതി ഇന്നലെ രാത്രി നിഷേധിക്കപ്പെടുന്നത്. അവർ ഇന്നലെ പോലും വയനാട്ടിലേക്ക് കയറ്റി പോയ സാധനങ്ങൾ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരേണ്ടി വന്നത്. ആരെയും കുറ്റപ്പെടുത്താൻ വേണ്ടി അല്ല ഇതൊക്കെ ഇവിടെ കുറിച്ചത്.
ഇത് പോലുള്ള മഹാ ദുരന്തങ്ങളിൽ ആദ്യം ഓടിയെത്തുന്ന വളണ്ടിയർമാരെ നമ്മൾ പരിഗണിക്കണം. അത് ഏത് രാഷ്ട്രീയ പാർട്ടികളുടെ ബാനറിൽ ആയാലും. മറ്റു ഏത് ഏത് ദുരിത പൂർണ സാഹചര്യത്തിലും അവർ തന്നെയാണ് നമുക്ക് ആദ്യം തുണയായി എത്തുക. അത് കൊണ്ടു ഒരു തരത്തിലുള്ള രാഷ്ട്രീയ താത്പര്യത്തിന്റെ പുറത്തും അത്തരക്കാരെ നമ്മൾ മാറ്റി നിർത്തരുത്. സ്വ ജീവൻ പോലും പരിഗണിക്കാതെ ഇറങ്ങുന്നവർ എന്നത് ഈ നാടിന്റെ കരുത്തു തന്നെയാണ്. വയനാട്ടിലെ ദുരന്ത ഭൂമിയിൽ ഇനി, സർക്കാർ ഏത് വിധേനയും ഭക്ഷണ വിതരണം പരാതികൾ ഇല്ലാതെ മനുഷ്യരെ ചേർത്ത് പിടിച്ചു നടത്തണം'.
വിശ്വാസത്തേക്കാൾ വലുതല്ല ഒരു ലാബും
ഇതാണ് കുറിപ്പിലെ വരികൾ. ഇതുപോലെ നിസ്വാർത്ഥമായി സമൂഹത്തിൻ്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സംഘടനകളും വ്യക്തികളും ഉണ്ട്. അവരാകും എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാൽ അവിടേയ്ക്ക് ആദ്യം ഓടിയെത്തുക. അങ്ങനെയുള്ളവരെ അഭിനന്ദിച്ചില്ലെങ്കിലും മനസ്സിനെ വേദനിപ്പിക്കരുത്. ചേർത്ത് പിടിച്ചില്ലെങ്കിലും ആക്ഷേപിച്ച് ഒറ്റപ്പെടുത്തരുതെന്ന് അപേക്ഷിക്കുന്നു. ഒരു പക്ഷെ ദൈവം പോലും എത്ര വലിയവരാണെങ്കിലും അവരോട് ക്ഷമിച്ചെന്ന് വരില്ല.
ഒരു ദുരന്തപ്പെയ്ത്തിൽ മനുഷ്യർ വിറങ്ങലിച്ച് നിൽക്കുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിലെ കിച്ചൺ സുരക്ഷയിൽ ഭക്ഷണം തയാറാക്കാൻ പറ്റുമോ? ഏറ്റവും സുരക്ഷ ആവശ്യമുള്ള ആശുപത്രിയിലെ രോഗികൾക്ക് ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്ന പൊതിച്ചോറ് പരിശോധനക്ക് വിധേയമാക്കിയാണോ?. അത് സാധ്യവുമല്ലല്ലോ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് നൽകുന്ന സ്നേഹപ്പൊതിയുടെ സുരക്ഷ അളക്കാൻ പോന്ന ഒരു ലാബും ഇന്നില്ല. ആ വിശ്വാസത്തേക്കാൾ വലുതല്ല ഒരു ലാബും.