Criticism | ജനങ്ങളെ ദുരിതത്തിലാക്കിയ ഈ പ്രതിസന്ധികൾക്ക് ഉത്തരവാദി ആര്? സർക്കാരിനോട് ചോദ്യങ്ങളുമായി സന്നദ്ധപ്രവര്‍ത്തകരും പ്രതിപക്ഷവും

 
Who is Responsible for the Crisis that is Causing Public Hardship?
Who is Responsible for the Crisis that is Causing Public Hardship?

Photo Credit: X/ Narendra Modi

● നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയായി തുടരുമ്പോഴും അദ്ദേഹം വാർത്താസമ്മേളനങ്ങള്‍ നടത്താറില്ല. 
● ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് തൊഴിലില്ലായ്മയാണ്. 
● 2017-ല്‍ 1.4 ദശലക്ഷം ജോലികള്‍ മാത്രം സൃഷ്ടിച്ചതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആദിത്യൻ ആറന്മുള 

(KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 56 ഇഞ്ച് നെഞ്ചാണെന്നാണ് സംഘപരിവാര്‍-ബിജെപി അനുകൂലികള്‍ പറയുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങളെ നേരിടാനുള്ള ശക്തിപോലുമില്ലാത്തയാളാണ് താനെന്ന് മോദി ഇതിനകം തെളിയിച്ചു കഴിഞ്ഞുവെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം വാർത്താസമ്മേളനങ്ങള്‍ വിളിച്ചിട്ടേയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ 'മൗനിബാബ' എന്നാണ് പരിഹസിച്ചിരുന്നതെങ്കിലും അദ്ദേഹം മാധ്യമങ്ങളെ തുടര്‍ച്ചയായി കാണുമായിരുന്നു.  

വിദേശയാത്രകള്‍ നടത്തുമ്പോള്‍ വിമാനത്തില്‍ വെച്ചോ, അല്ലെങ്കില്‍ വിമാനത്താവളത്തില്‍ വെച്ചോ വാര്‍ത്താസമ്മേളനം നടത്തുമായിരുന്നു. നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയായി തുടരുമ്പോഴും അദ്ദേഹം വാർത്താസമ്മേളനങ്ങള്‍ നടത്താറില്ല. എന്നാല്‍ സംഘപരിവാർ അനുകൂലികളായ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പ്രത്യേക അഭിമുഖങ്ങള്‍ നല്‍കും. അതിലൊക്കെ മോദി സ്തുതി മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നതെന്നാണ് ആക്ഷേപം.

രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതിനുള്ള പി.ആര്‍ സ്റ്റണ്ട് മാത്രമാണത് എന്ന് രാഹുൽ ഗാന്ധി അടക്കം നിരന്തരം പറയുന്നു. വസ്തുതകള്‍ നിരത്തിയുള്ള വിമര്‍ശനാത്മക ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും ഇനി ആരെങ്കിലും അത്തരത്തിലുള്ളൊരു ചോദ്യം ചോദിച്ചാല്‍ ഒഴിഞ്ഞുമാറുകയും ചെയ്യുമെന്നും അവർ വിമർശിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് അമേരിക്കയില്‍ വെച്ച് ചോദ്യം ചോദിച്ച വിദേശ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുകയാണ് സംഘപരിവാര്‍ സഹയാത്രികര്‍ ചെയ്തതെന്നും ആക്ഷേപമുണ്ട്.

രാജ്യത്തെ ചില സുപ്രധാന കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടിയുണ്ടോ എന്നാണ് സന്നദ്ധപ്രവര്‍ത്തകരും പ്രതിപക്ഷവും പൗരസംഘടനകളും ചോദിക്കുന്നത്. അവ ഇതാണ്:

'തൊഴിലില്ലായ്മ

ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് തൊഴിലില്ലായ്മയാണ്.  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍, ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് നരേന്ദ്രമോദി പരിഹസിച്ചിരുന്നു. ഇപ്പോള്‍, നാല് വര്‍ഷത്തിന് ശേഷം, ഒന്നിലധികം സ്വതന്ത്ര സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച ബിജെപി സര്‍ക്കാരിന്റെ  റെക്കോര്‍ഡ് മോശമാണെന്നാണ്. ഉദാഹരണത്തിന്, 2017-ല്‍ 1.4 ദശലക്ഷം ജോലികള്‍ മാത്രം സൃഷ്ടിച്ചതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തൊഴില്‍ വളര്‍ച്ച മികച്ചതാണെന്നതിന് തെളിവായി കേന്ദ്രസര്‍ക്കാര്‍ ഇപിഎഫ്ഒ ഡാറ്റയാണ് ഉയര്‍ത്തി കാട്ടുമ്പോഴും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതല്ല, സമ്പദ്വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമാണ് ഡാറ്റാ പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രത്തിലെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവ അടക്കം നിരവധി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നെന്ന് കേന്ദ്ര മന്ത്രിമാര്‍ അവകാശപ്പെടുന്ന മുദ്രാ പദ്ധതിക്ക് കീഴിലുള്ള വായ്പകളുടെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാക്കുന്നത് മിക്ക വായ്പകളും വളരെ ചെറുതാണ്, അതിനാല്‍ ഒരു ചായതട്ട് ഇടുന്നവര്‍ക്ക് പോലും ഒരു തൊഴിലും സൃഷ്ടിക്കാന്‍ കഴിയില്ല. 2014ല്‍ അധികാരത്തിലേറും മുമ്പ് മോദി വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതെന്ത്?

ഗ്രാമീണ ദുരിതം

2022-ഓടെ ഗ്രാമീണ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനവും ഇപ്പോഴും ഒരു സ്വപ്‌നമായി അവശേഷിക്കുന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, കാര്‍ഷിക വരുമാനം കഴിഞ്ഞ നാല് വര്‍ഷമായി അഞ്ച് ശതമാനം അല്ലെങ്കില്‍ അതില്‍ താഴെ മാത്രമാണ് വളര്‍ന്നത്. ഈ നിരക്കില്‍, കാര്‍ഷിക വരുമാനം ഇരട്ടിയാക്കാന്‍ 14 വര്‍ഷത്തിലേറെ സമയമെടുക്കും.

കര്‍ഷകര്‍ക്ക് 50 ശതമാനത്തിലധികം താങ്ങുവില എന്ന പ്രചാരണ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് അവകാശപ്പെടാന്‍ പോലും മോദിക്ക് നാല് വര്‍ഷമെടുത്തു. എന്നാല്‍ രാജ്യത്തുടനീളം കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.  പ്രധാനമന്ത്രി പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി വലിയ തട്ടിപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു. അവര്‍ പ്രീമിയം അടച്ചെങ്കിലും ആനുകൂല്യം ലഭിക്കുന്നില്ല. കാര്‍ഷിക മേഖലയോടുള്ള മോദി സര്‍ക്കാരിന്റെ മനോഭാവം സമീപ വര്‍ഷങ്ങളില്‍ ഏറ്റവും വലിയ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ നിരന്തരം അവഗണിക്കുന്നത്?

ധനകാര്യം

യുപിഎ ഗവണ്‍മെന്റ് ധൂര്‍ത്താണ് നടത്തിയതെന്ന് രണ്ടാം മോദി സര്‍ക്കാര്‍ ആരോപിച്ചിരുന്നുു. എന്നിട്ടും മോദി സര്‍ക്കാര്‍ സബ്സിഡി തുക നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നു, അധിക ബജറ്റ് വിഭവങ്ങളെ വളരെയധികം ആശ്രയിക്കുന്നു, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നു.  നിരവധി ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളി. ഇത് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണ്.

ബാങ്ക് കുടിശ്ശികയും തട്ടിപ്പുകാരും

ശതകോടീശ്വരന്‍മാര്‍ വരുത്തിയ ബാങ്ക് കുടിശ്ശികയുടെ കണക്കും പേരും സംബന്ധിച്ച പട്ടിക മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ 2015 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. തട്ടിപ്പ് നടത്തിയിട്ടുള്ളവരെ  പ്രോസിക്യൂട്ട് ചെയ്യേണ്ടതാണ്. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും പ്രധാനമന്ത്രി എന്ത് നടപടിയാണ് സ്വീകരിച്ചത്? എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് ആ പട്ടികയിലുള്ളവര്‍ക്കെതിരെ എടുത്ത നടപടി പരസ്യമാക്കാന്‍ മടിക്കുന്നത്? ഇത് സംബന്ധിച്ച് നിരവധി വിവരാവകാശ അപേക്ഷകള്‍ ലഭിച്ചതിനാല്‍  ഒരു പാര്‍ലമെന്ററി കമ്മിറ്റി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഈ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു, പക്ഷേ  വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് എന്തുകൊണ്ട്?

രണ്ടാമതായി, യുപിഎ കാലത്ത് ആരംഭിച്ച നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ് (എന്‍പിഎ) അഥവാ നിഷ്‌ക്രിയ ആസ്തി പ്രതിസന്ധിയോടുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രതികരണമാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി) എന്ന് കേന്ദ്ര മന്ത്രിമാര്‍ പറയുന്നു. എന്നാല്‍ സമീപകാല നടപടികള്‍ ( സെന്‍ട്രല്‍ ബാങ്കിന്റെ ഫെബ്രുവരി 12 ലെ സര്‍ക്കുലറിനെച്ചൊല്ലി ആര്‍ബിഐയുമായി വഴക്കുണ്ടാക്കുകയോ, പൊതുമേഖലാ ബാങ്കുകളോട് പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടില്‍ നിന്ന് പുറത്തുവരാന്‍ ആവശ്യപ്പെടുകയോ ചെയ്തത് പോലെ)  ബാങ്കിംഗ് സംവിധാനം ശരിയാക്കാനുള്ള അജണ്ടയെ ദുര്‍ബലപ്പെടുത്തുന്നു. ഇതിനെ പ്രധാനമന്ത്രി എങ്ങനെ ന്യായീകരിക്കും?

നോട്ട് നിരോധനം

2016 നവംബര്‍ 14-ന്, നടപ്പാക്കിയ നോട്ട് നിരോധനം  തെറ്റാണെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതിനും (അസാധുവാക്കിയ പണത്തിന്റെ 99 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി), കള്ളനോട്ടുകള്‍ തടയുന്നതിലും, കറന്‍സി കുറയ്ക്കുന്നതിലും, സമ്പദ്വ്യവസ്ഥയിലെ ഉയര്‍ന്ന നോട്ടുകളുടെ അനുപാതം എന്നിവയില്‍ നോട്ട് നിരോധനം ചെറിയതോതില്‍ സ്വാധീനം ചെലുത്തിയെന്ന് അടുത്തിടെ ആര്‍ബിഐ പറഞ്ഞിരുന്നു.  പ്രത്യക്ഷ നികുതി പിരിവില്‍ ചില കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെങ്കിലും മുമ്പും ഇത് സംഭവിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിലെ പണം സംബന്ധിച്ച് നികുതി അധികൃതര്‍ അന്വേഷിക്കുമെന്നും എന്നാല്‍ ആദായനികുതി വകുപ്പ് അന്വേഷിക്കുന്നതിന് വര്‍ഷങ്ങളെടുക്കുമെന്നും കേന്ദ്രമന്ത്രിമാര്‍ പറയുന്നു.

അപ്പോള്‍ നോട്ട് അസാധുവാക്കല്‍ കൊണ്ട് എന്ത് പ്രയോജനമാണ് ലഭിച്ചത്, നോട്ട് അസാധുവാക്കലിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതം മനസ്സിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അടുത്തിടെ ഒരു കാബിനറ്റ് മന്ത്രി ലോക്‌സഭയെ അറിയിച്ചിരുന്നു. അടുത്തിടെ നടന്ന ഒരു പ്രചാരണ പ്രസംഗത്തില്‍ നോട്ട്‌നിരോധനം സൃഷ്ടിച്ച പ്രതിസന്ധി കാരണം സംഭവിച്ച മരണങ്ങളെ പോലും പ്രധാനമന്ത്രി നിസ്സാരമാക്കി.  നോട്ട് അസാധുവാക്കല്‍ കാരണം ത്രൈമാസ ജിഡിപി വളര്‍ച്ച കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും ഇടിഞ്ഞെന്ന് പുതിയ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് വിലയിരുത്തി. ആഘാതത്തെക്കുറിച്ച് ഒരു പഠനത്തിന് ഉത്തരവിടേണ്ടതായിരുന്നെന്ന് പ്രധാനമന്ത്രി എന്ന നിലയില്‍ മോദി കരുതുന്നില്ലേ? ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ആരുടെ ഉപദേശമാണ് സ്വീകരിച്ചത്?  തുടര്‍ന്നുണ്ടാകുന്ന വിപണി തടസ്സത്തെക്കുറിച്ച് പ്രധാനമന്ത്രി അറിഞ്ഞിരുന്നില്ലേ?'

 #Modi #Crisis #Unemployment #RuralDistress #NoteBan #Opposition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia