Leadership | ആരാകും സിപിഎമ്മിന്റെ അടുത്ത ജനറൽ സെക്രട്ടറി? ദേശീയ രാഷ്ട്രീയത്തിൽ നിന്നും ചോദ്യമുയരുന്നു; ബേബിക്കും ബൃന്ദയ്ക്കും സാധ്യതയേറി
● അടിയന്തിര പി.ബി യോഗത്തിൽ തീരുമാനമുണ്ടായേക്കും.
● കേരളാ ഘടകത്തിൻ്റെ പിൻതുണ കൂടി ഇതിൽ നിർണായകമാണ്.
● മണിക് സർക്കാരിനെയും സ്ഥാനത്ത് അവരോധിക്കാൻ സാധ്യതയുണ്ട്.
കണ്ണൂർ: (KVARTHA) അടുത്ത വർഷം ഏപ്രിൽ രണ്ടു മുതൽ ആറു വരെ സി.പി.എം പാർട്ടി കോൺഗ്രസിൽ മൂന്ന് ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും മുൻപെ സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാലവിയോഗം സി.പി.എം അഖിലേന്ത്യ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. സീതാറാം യെച്ചൂരിയുടെയുടെ പിൻഗാമിയായി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. പി.ബി അംഗങ്ങളിൽ ആർക്കെങ്കിലും താൽകാലിക ചുമതല നൽകുമോ? അതോ പിബി കൂട്ടായ പ്രവർത്തനത്തിലുടെ മുൻപോട്ടു പോകുമോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
പാർട്ടി കോൺഗ്രസ് വരെ പിബിയിലെ പാർട്ടി സെന്റർ മറ്റു പി.ബി അംഗങ്ങളുമായി ആശയവിനിമയം നടത്തി കൂട്ടായ തീരുമാനങ്ങളുമായി മുൻപോട്ടു പോകുമെന്നാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്. യെച്ചൂരിയുടെ അന്തിമോപചാര ചടങ്ങുകൾക്കു ശേഷം ചേരുന്ന അടിയന്തിര പി.ബി യോഗത്തിൽ ഈ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. കേന്ദ്ര കമ്മിറ്റി പിന്നീടത് അംഗീകരിച്ചാൽ മതിയാകും. 17 അംഗ സി.പി.എം പി.ബിയിൽ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ 75 വയസ് എന്ന പാർട്ടി പ്രായപരിധി കഴിഞ്ഞവരാണ്.
അതേ സമയം പശ്ചിമ ബംഗാളിൽ നിന്നുള്ള സി.ഐ.ടി.യു നേതാവ് തപൻസെൻ, ആന്ധ്രയിൽനിന്നുള്ള പി.വി രാഘവലു, കേരളത്തിൽ നിന്നുള്ള എം.എ ബേബി എന്നിവരാണ് പി.ബിയിൽ പ്രായപരിധി കടക്കാത്ത മുതിർന്ന നേതാക്കൾ. ഇതിൽ ബേബിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. നാൽപതു വർഷം മുൻപ് എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പകരം ആ സ്ഥാനത്തേക്ക് വന്നത് സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ യെച്ചൂരിയുടെ വിയോഗത്തോടെ സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബി വരാനും സാധ്യത കൂടുതലാണ്.
കേരളാ ഘടകത്തിൻ്റെ പിൻതുണ കൂടി ഇതിൽ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ പി.ബിയിലുള്ളത്. തപൻ സെൻ ട്രേഡ് യൂനിയൻ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ പരിഗണിക്കാൻ സാധ്യത കുറവാണ്. മുതിർന്ന നേതാവെന്ന നിലയിൽ രാഘവലുവിനെ പരിഗണിച്ചേക്കാം. ബംഗാളിൽ നിന്നുള്ള നീലോൽപ്പൽ ബസു, മുഹമ്മദ് സലീം എന്നിവരാണ് പി.ബിയിൽ ഉള്ളത്. ഇതിൽ നീലോൽപൽ ബസു പി.ബിയിൽ ജൂനിയറാണെങ്കിലും ദേശീയ തലത്തിൽ സി.പി.എമ്മിൻ്റെ മുഖങ്ങളിൽ ഒന്നാണ്.
എന്നാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെ വനിതയെ ആക്ടിങ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചാൽ ബൃന്ദാ കാരാട്ടിന് നറുക്ക് വീണേക്കാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ്. അവർക്ക് സാധ്യത കുറവാണ്. പ്രായപരിധി പരിഗണിക്കാതെ ചുമതല ഏൽപിക്കാൻ തീരുമാനിച്ചാൽ ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കാൻ സാധ്യതയുണ്ട്. എന്തു തന്നെയായാലും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വിഷയങ്ങളിലൊന്നായി സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സ്ഥാനത്തേക്ക് ആരെത്തുമെന്നത് മാറി കഴിഞ്ഞു.
#CPI(M), #GeneralSecretary, #PoliticalLeadership, #SitaramYechury, #LeadershipChange, #IndianPolitics