Conflicts | രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മത്സരിച്ചാൽ ആറന്മുളയിൽ പിന്നെയാര്?
● രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് വാദം.
● ഡോ. പി സരിനെ മത്സരിപ്പിക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതാക്കളുടെ ആവശ്യം.
● രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലയിൽ പെടുന്ന ആളാണ്
കെ ആർ ജോസഫ്
(KVARTHA) തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഒരു മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാൻ കഴിയണം. അതില്ലാതെ പോകുന്നതാണ് കോൺഗ്രസിൻ്റെ പരാജയം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ ഗ്രൂപ്പ് ആയി. ഗ്രൂപ്പ് നേതാക്കളും രംഗത്ത് എത്തും. പിന്നെ ഓരോരുത്തരും ഒറ്റവർക്ക് വേണ്ടി സീറ്റിനായി ചരട് വലിയാണ്. തോൽക്കുന്ന സീറ്റാണെങ്കിൽ ഒരാൾക്കും വേണ്ട. അങ്ങനെയുള്ളപ്പോൾ കെ മുരളീധരനെപ്പോലെയുള്ള സീനിയർ നേതാക്കൾ തന്നെ ഇറങ്ങേണ്ടി വരും. ഇതാണ് കോൺഗ്രസിൻ്റെ കുഴപ്പവും. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് എം.പി ആയി പോയതു കൊണ്ട് അദ്ദേഹം എം.എൽ.എ ആയി പ്രതിനിധാനം ചെയ്ത പാലക്കാട് നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്.
അതിനാൽ തന്നെ കോൺഗ്രസിൽ സീറ്റിനായി തർക്കവും തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരുകൂട്ടം കോൺഗ്രസ് നേതാക്കൾ വാദിക്കുമ്പോൾ പാലക്കാടുമായി അടുത്ത ബന്ധമുള്ള ഡോ. പി സരിനെ മത്സരിപ്പിക്കണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കളും പറയുന്നു. ഇതോടെ ഈ തർക്കം ചൂടുപിടിച്ചിരിക്കുകയാണ്. ഇതിനകം സരിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പിൽ രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഡോ. പി സരിൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുമെന്നും റിപ്പോർട്ടുണ്ട്. സ്ഥാനാർത്ഥിത്വം പിന്തുടർച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം. ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി എടുക്കണമെന്നും സരിന് വേണ്ടി വാദിക്കുന്നവർ പറയുന്നു. അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.
പാലക്കാട് പോലെയുള്ള ത്രികോണ മത്സരമുള്ള മണ്ഡലത്തിൽ കൂടുതൽ ജനകീയ നേതാക്കളെ മത്സരത്തിന് കൊണ്ടു വരുന്നതാവും കോൺഗ്രസിന് ഗുണകരമാവുക. ഡോ. പി സരിനും രാഹുലും ജനകീയ നേതാക്കൾ തന്നെ. പക്ഷേ, രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലയിൽ പെടുന്ന ആളാണ്. മാത്രമല്ല, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലുള്ള കോൺഗ്രസിൻ്റെ ഉറച്ച മണ്ഡത്തിൽ ഒരു മികച്ച സ്ഥാനാർത്ഥി വരേണ്ടതുണ്ട്. അടുത്ത തവണയും ആറന്മുളയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വീണാ ജോർജ് തന്നെയാകും എന്നതിൽ സംശയമില്ല. അപ്പോൾ വീണയെ എതിർക്കാൻ രാഹുൽ മാങ്കൂട്ടത്തിനെപ്പോലെയുള്ള മണ്ഡലത്തെ അറിയാവുന്ന ഒരു ജനകീയ നേതാവ് ആറന്മുളയിൽ ആവശ്യമാണെന്ന് ജില്ലയിലെ നേതാക്കൾ പറയുന്നു.
കഴിഞ്ഞ തവണയും ആറന്മുള മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൻ്റെ പേർ ഉയർന്നു വന്നതാണ്. രാഹുലും പ്രതിക്ഷിച്ചിരുന്നതാണ് അവിടുത്തെ സ്ഥാനാർത്ഥിത്വം എന്നാണ് അറിയുന്നത്. ആ നിലയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഇക്കുറി പാലക്കാട് സ്ഥാനാർത്ഥിയാകാൻ നോക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിരുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ മത്സരിക്കുന്നത് അല്ലേ ഉത്തമം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഇവർ ഓർമപ്പെടുത്തുന്നു . ഇക്കുറി പാലക്കാട് രാഹുൽ മത്സരിച്ച് പരാജയപ്പെട്ടാൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജിനെയാകും ബാധിക്കുക. അതുകൊണ്ട് പാലക്കാടിനെ കൂടുതൽ അറിയുന്നവർ പാലക്കാട് മത്സരിച്ചാൽ അത് കോൺഗ്രസിന് ഗുണകരമാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ പോലും നേരിയ ഭൂരിപക്ഷത്തിനാണ് പാലക്കാട് നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചതെന്ന് ഓർക്കണം. അന്ന് ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ ആയിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. അതിനാൽ ഇക്കുറിയും ബിജെപി അവിടെ വിജയപ്രതീക്ഷ വെയ്ക്കുന്നു എന്ന് ഉറപ്പിച്ചു പറയാം. അങ്ങനെയുള്ള സാഹചര്യത്തിൽ കോൺസിലെ സീനിയർ നേതാവ് കെ മുരളീധരനെപ്പോലെയുള്ള ആളോ അല്ലെങ്കിൽ പാലക്കാട് ജില്ലയെ കൂടുതൽ അറിയുന്ന ഡോ. സരിനോ സ്ഥാനാർത്ഥിയാകുന്നത് ആകും കോൺഗ്രസിന് ഗുണകരമാവുക.
പാർട്ടി വോട്ടും, നിഷ്പക്ഷ വോട്ടും, മറ്റു പാർട്ടികളുടെ അഴിമതിയിലും വർഗീയതയിലും മനസ് മടുത്ത ഇതര പാർട്ടി അനുയായികളുടെയും വോട്ട് നേടാൻ കഴിയുന്ന ആളെ സ്ഥാനാർഥി ആക്കുക, അതിന് പറ്റില്ലെങ്കിൽ എൽഡിഎഫിനോ ബിജെപിക്കോ ആവും വിജയിക്കാൻ വിട്ടു കൊടുക്കുന്നത്.
#KeralaElections, #RahulMankoottil, #Congress, #PalakkadPolitics, #Election2024, #PoliticalConflict