Controversy | വിഎച്ച്പി പരിപാടിയില്‍ അലഹബാദ് ഹൈകോടതി ജഡ്‌ജ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് പ്രസംഗിച്ചതെന്തിന്?
● ഡി.വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതിയില്‍ നിന്ന് ഒഴിപ്പിച്ചെന്നാണ് കാരവന്‍ മാഗസിന്‍ എഴുതിയ കവര്‍സ്റ്റോറിയുടെ തലക്കെട്ട്.
● രാജ്യത്തെ വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ ജഡ്ജിക്ക് ഇത്തരത്തില്‍ പ്രസംഗം നടത്താമോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.
● 'വഖഫ് ബോര്‍ഡ് നിയമ ഭേദഗതി', 'മത പരിവര്‍ത്തനം കാരണങ്ങളും പ്രതിരോധവും' എന്നീ വിഷയങ്ങളാണ് പരിപാടി ചര്‍ച്ച ചെയ്തത്.
ആദിത്യൻ ആറന്മുള
(KVARTHA) വിരമിച്ച ഹൈകോടതി ജഡ്ജിമാരടക്കം ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) പരിപാടികളില്‍ പങ്കെടുക്കുകയും ഇവരില്‍ ചിലര്‍ മുമ്പ് പുറപ്പെടുവിച്ച ചില സുപ്രധാന വിധികള്‍ വീണ്ടും വിമര്‍ശനമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അലഹബാദ് ഹൈക്കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജുമാർ ഞായറാഴ്ച (ഡിസംബര്‍ എട്ട്) വിശ്വഹിന്ദു പരിഷത്, പ്രയാഗ്രാജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് ആരെയും ഞെട്ടിച്ചില്ല. കാരണം ഇതല്ല, ഇതിനപ്പുറവും നടക്കുന്ന കാലത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നാണ് പ്രതിപക്ഷ വിമർശനം.
ജഡ്ജിമാര്‍ക്ക് രാഷ്ട്രീയവും മതപരമായ വിശ്വാസവും ഉണ്ടെങ്കിലും അത് പൊതമണ്ഡലത്തില്‍ പരസ്യമാക്കാന്‍ പാടില്ല. ദൗര്‍ഭാഗ്യവശാല്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്നെ അത് തെറ്റിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. അദ്ദേഹം പല കേസുകളിലും കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ ശക്തികള്‍ക്കും കീഴടങ്ങിയെന്ന് മുന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ആരോപിക്കുന്നു. ഡി.വൈ ചന്ദ്രചൂഡിനെ സുപ്രീംകോടതിയില്‍ നിന്ന് ഒഴിപ്പിച്ചെന്നാണ് കാരവന്‍ മാഗസിന്‍ എഴുതിയ കവര്‍സ്റ്റോറിയുടെ തലക്കെട്ട്.
അലഹബാദ് ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ ഏകീകൃത സിവില്‍ കോഡിന്റെ (യുസിസി) ആവശ്യകതയെക്കുറിച്ച് പ്രഭാഷണവും നടത്തി. രാജ്യത്തെ വളരെ സെന്‍സിറ്റീവായ വിഷയത്തില്‍ ജഡ്ജിക്ക് ഇത്തരത്തില്‍ പ്രസംഗം നടത്താമോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. വിഎച്ച്പി പരിപാടിയില്‍ ജസ്റ്റിസ് യാദവ് പങ്കെടുത്തതിനെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് വിമര്‍ശിച്ചു. ഒരു ഹിന്ദു സംഘടനയുടെ രാഷ്ട്രീയ അജണ്ട മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ സിറ്റിംഗ് ജഡ്ജിക്ക് നാണമില്ലേ എന്ന് അവര്‍ എക്സില്‍ കുറിച്ചു.
ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി, വിഎച്ച്പിയുടെ വാരണാസി പ്രവിശ്യ, ഹൈക്കോടതി യൂണിറ്റ് എന്നിവയുടെ ലീഗല്‍ സെല്ലാണ് സംഘടിപ്പിച്ചത്. 'വഖഫ് ബോര്‍ഡ് നിയമ ഭേദഗതി', 'മത പരിവര്‍ത്തനം കാരണങ്ങളും പ്രതിരോധവും' എന്നീ വിഷയങ്ങളാണ് പരിപാടി ചര്‍ച്ച ചെയ്തത്. 2026ല്‍ വിരമിക്കുന്ന ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്, 'യൂണിഫോം സിവില്‍ കോഡ് - ഭരണഘടനാപരമായ അനിവാര്യത' എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്.
സമത്വവും നീതിവും ഉള്‍ക്കൊള്ളുന്നതാണ് യുസിസിയെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. വ്യത്യസ്ത മതങ്ങളെയും സമുദായങ്ങളെയും അടിസ്ഥാനമാക്കിയ, തുല്യതയില്ലാത്ത നിയമ വ്യവസ്ഥകള്‍ ഇല്ലാതാക്കി, സാമൂഹിക ഐക്യവും ലിംഗ സമത്വവും മതേതരത്വവും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുസിസിയുടെ പ്രധാന ലക്ഷ്യം. സമുദായങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ സമുദായങ്ങള്‍ക്കുള്ളിലും ഏകീകൃതത നിയമം ഉറപ്പാക്കാനാണ് സിവില്‍ കോഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹിന്ദു മതത്തില്‍ നിന്നും പുരാണങ്ങളില്‍ നിന്നുമുള്ള പരാമര്‍ശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് യാദവ് മുമ്പ് ശ്രദ്ധ നേടിയിട്ടുണ്ട്. പ്രത്യേകിച്ചും 2021ല്‍, പശുവിനെ മോഷ്ടിച്ച് കൂട്ടാളികളുമായി ചേര്‍ന്ന് കശാപ്പ് ചെയ്‌തെന്നാരോപിച്ച് സംഭാലില്‍ നിന്നുള്ള മുസ്ലീം യുവാവിന് ജാമ്യം നിഷേധിച്ചപ്പോള്‍, പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമായി ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് യാദവ് പറഞ്ഞിരുന്നു.
ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗം പശുവാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതെന്ന് ജസ്റ്റിസ് യാദവ് ഹിന്ദിയില്‍ എഴുതിയ 12 പേജുള്ള ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ഗോവധക്കേസില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും ഇതേ ഉത്തരവില്‍ വാദിച്ചു. വിശ്വാസത്തിനും സംസ്‌കാരത്തിനും ക്ഷതമേല്‍ക്കുമ്പോള്‍ രാജ്യം ദുര്‍ബലമാകുമെന്നും നിരീക്ഷിച്ചു.
മറ്റൊരു ഉത്തരവില്‍ വികാരനിര്‍ഭരമായ മറ്റൊരു നിരീക്ഷണം നടത്തി, രാമനും കൃഷ്ണനും അതുപോലെ ഹിന്ദു പുരാണ ഗ്രന്ഥങ്ങളായ രാമായണവും ഗീതയും അവയുടെ രചയിതാക്കളായ വാല്‍മീകിക്കും വേദവ്യാസിനും പാര്‍ലമെന്റ് നിയമം പാസാക്കി ദേശീയ ബഹുമതികള്‍ നല്‍കണമെന്ന് പറഞ്ഞു. ഫേസ്ബുക് പോസ്റ്റില്‍ രാമനെയും കൃഷ്ണനെയും അപമാനിച്ച ദളിത് യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് രാമന്‍, കൃഷ്ണന്‍, രാമായണം, ഗീത, വാല്മീകി, വേദവ്യാസ് ഇവ രാജ്യത്തിന്റെ 'സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും' ഭാഗമാണെന്ന് യാദവ് വാദിച്ചു.
ഹിന്ദു സമൂഹത്തിലും ലോകക്ഷേമത്തിലും ഈ ദൈവങ്ങളും പുരാണ ഇതിഹാസങ്ങളും വഹിച്ച പങ്കിനെ യാദവ് പ്രശംസിച്ചു. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇവ നിര്‍ബന്ധിത വിഷയമാക്കണമെന്നും ആവശ്യപ്പെട്ടു. രാമനും കൃഷ്ണനും ഭാരത മണ്ണില്‍ ജനിച്ച് ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ച് ജീവിതകാലം മുഴുവന്‍ എല്ലാ ജീവജാലങ്ങളുടെയും നന്മയ്ക്കായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ആ പ്രവൃത്തി ലോകക്ഷേമമായി മാറി, അതുകൊണ്ടാണ് ലോകത്തിലെ പല രാജ്യങ്ങളും രാമനിലും കൃഷ്ണനിലും അവരുടെ പ്രവൃത്തികളിലും ചിന്തകളിലും വിശ്വസിക്കുന്നത് എന്നായിരുന്നു നിരീക്ഷണം.
കോവിഡ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളും പൊതുയോഗങ്ങളും ഉടന്‍ നിരോധിക്കണമെന്ന് 2021 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു. 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് യാദവ് അഭ്യര്‍ത്ഥിച്ചു.
മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ദിനേശ് പഥകിനെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ജൗന്‍പൂര്‍, സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, അമേഠി, പ്രയാഗ്രാജ്, കൗശാമ്പി, ഭദോഹി, മിര്‍സാപൂര്‍, ചന്ദൗലി, സോന്‍ഭദ്ര, ഗാസിപൂര്‍, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള വിഎച്ച്പിയുടെ കാശിപ്രാന്ത് ലീഗല്‍ സെല്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ എ.കെ. സന്ത് അലഹബാദിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരിയും ചടങ്ങില്‍ സംസാരിച്ചു.
പ്രയാഗ്രാജില്‍ നടന്ന ചടങ്ങില്‍, വിഎച്ച്പിയുടെ ലീഗല്‍ സെല്ലിന്റെ ദേശീയ കോ-കണ്‍വീനര്‍ അഭിഷേക് ആത്രേ മുഖ്യാതിഥിയായിരുന്നു, വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് അദ്ദേഹം പ്രസംഗം നടത്തി. ബംഗ്ലാദേശില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെ പരാമര്‍ശിച്ച് ഒരു 'രണ്ടാം കശ്മീര്‍' എന്ന് അത്രെ വിശേഷിപ്പിച്ചു. വഖഫ് ബോര്‍ഡ് മറ്റ് വിവിധ സംഘടനകളുടെ ഭൂമി കൈപ്പറ്റിയതായി അധ്യക്ഷ പ്രസംഗം നടത്തിയ സര്‍ക്കാര്‍ അഭിഭാഷകന്‍ എകെ സന്ത് ആരോപിച്ചു.
#UniformCivilCode #VHP #JudiciaryEthics #ReligiousPolitics #IndianLaw #LegalControversy