Crisis | 2025 സംസ്ഥാന കോണ്‍ഗ്രസിന് നിര്‍ണായകമാകുന്നത് എന്തുകൊണ്ട്?
● കോൺഗ്രസിൽ അധ്യക്ഷനെ നീക്കണമെന്ന ആവശ്യം.
● പാർട്ടിയിൽ രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കം.
● തെരഞ്ഞെടുപ്പിന് മുന്നിൽ കോൺഗ്രസിന് വലിയ വെല്ലുവിളി.
തിരുവനന്തപുരം: (KVARTHA) സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം 15 മാസം കൂടി മാത്രമേ ഉള്ളൂ എന്നത് മാത്രമല്ല പുതുവര്‍ഷം കോണ്‍ഗ്രസിന് നിര്‍ണായകമാകുന്നത്. അടുത്തതവണ ഭരണം കിട്ടുമെന്ന അതിമ ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. പ്രത്യേകിച്ച് പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഇലക്ഷനിലും നേടിയ വിജയം നേതാക്കളെ അധികാരമോഹികളാക്കി മാറ്റിയിരിക്കുന്നു. 2011 മുതല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായ തളര്‍ച്ചയില്‍ നിന്ന് ഇതുവരെ കരകയറാന്‍ അവര്‍ക്കായിട്ടില്ല. അന്ന് കേവലം രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്. സിപിഎമ്മായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. വി.എസ്-പിണറായി പോരിലാണ് അന്ന് സിപിഎമ്മിന് അധികാരം നഷ്ടപ്പെട്ടത്. ചില സീറ്റുകളില്‍ പാര്‍ട്ടി യുഡിഎഫിനെ വിജയിപ്പിക്കുകയായിരുന്നു. ഇക്കാര്യം സിപിഎം, സിപിഐ സമ്മേളനങ്ങളില്‍ ചര്‍ച്ചയും വിമര്‍ശനവുമായതാണ്. ഉമ്മന്‍ചാണ്ടി പലവിധ തരികിടകളും കാണിച്ചാണ് ആ സര്‍ക്കാരിനെ അഞ്ച് കൊല്ലം മുന്നോട്ട് കൊണ്ടുപോയത്. 2016ലെ അസംബ്ലി ഇലക്ഷനില്‍ വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലെത്തി, വിഎസിനെ മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പിണറായി മുഖ്യമന്ത്രിയായി. വി.എസിന് പ്രായാധിക്യമായതും പിണറായിക്ക് അനുഗ്രഹമായി. അതിന് ശേഷം കോണ്‍ഗ്രസോ, യുഡിഎഫോ സ്വന്തം പോരാട്ടം കൊണ്ട് ഒരു തെരഞ്ഞെടുപ്പ് പോലും വിജയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയപ്പോഴാണ് അവര്‍ വലിയ വിജയങ്ങള്‍ നേടിയത്. ഏറ്റവും അവസാനം പാലക്കാട് ഉപതെരഞ്ഞെടുപ്പിലും അതാണ് കണ്ടത്. അവിടെ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ മുറിയില്‍ അര്‍ദ്ധരാത്രി നടത്തിയ പരിശോധനയും രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ട്രോളി ബാഗ് ആക്ഷേപവും വലിയ തിരിച്ചടിയായി. മാത്രമല്ല അന്ന് പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ മാത്രമല്ല, യുവമോര്‍ച്ചയും ഒരുമിച്ചെത്തി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും യുഡിഎഫ് വിജയിച്ചത് ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരില്‍ ബിജെപിയും ചില സമുദായ സംഘടനകളും നടത്തിയ സമരം കൊണ്ടുമാത്രമാണ്. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഫ് അമ്പേ പരാജയപ്പെട്ടു. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അത് തന്നെ ആവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്ന കാഴ്ചയാണുണ്ടായത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പിലെ എംഎല്‍എമാരോട് ആവശ്യപ്പെട്ടത് ആ ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിടി തോമസ്, ബെന്നിബഹന്നാന്‍ തുടങ്ങിയ നേതാക്കളെല്ലാം വിയോജിച്ചു. കെസി ജോസഫിനെ കെ.പി.സി.സി പ്രസിഡന്റാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. എന്നാല്‍ അതിനിടെ ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് നിശ്ചയിക്കുകയും പാര്‍ലമെന്ററി പാര്‍ട്ടിെേ യാഗത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ ക്രോസ് വോട്ട് ചെയ്യുകയും സതീശന്‍ വിജയിക്കുകയും ചെയ്തു. അതോടെ ആന്റണി തുടങ്ങിയ എ ഗ്രൂപ്പും കരുണാകരന്‍ തുടങ്ങിയ ഐ ഗ്രൂപ്പും ഇല്ലാതായി. ഇന്നിപ്പോ ഐ ഗ്രൂപ്പിനെ ചെന്നിത്തലയാണ് നയിക്കുന്നതെങ്കിലും അദ്ദേഹത്തിനൊപ്പം ആരുമില്ല. എ ഗ്രൂപ്പിലുള്ളവരും ഐ ഗ്രൂപ്പിലുള്ളവും സതീശന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഇതിലൊന്നും പെടാത്തചിലരുണ്ട്, അവര്‍ സതീശനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.സുധാകരനെ നീക്കണമെന്ന സതീശന്റെ ആവശ്യത്തെ ഇവര്‍ എതിര്‍ക്കുന്നതും അതുകൊണ്ടാണ്. അല്ലാതെ സുധാകരനോടുള്ള സ്നേഹം കൊണ്ടല്ല. 80 വയസ് അടുക്കുന്ന സുധാകരന് ആരോഗ്യപ്രശ്നങ്ങളുണ്ട്. പലപ്പോഴും പ്രസ്താവനകള്‍ വിവാദമാകുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇത് തുടര്‍ന്നാല്‍ പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള സതീശന്റെ ശ്രമമാണിതെന്നും എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും നേടിയ വിജയം സുധാകരന് കൂടി അവകാശപ്പെട്ടതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സുധാകരന്‍ വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ചുമതല മാത്രമാണുണ്ടായിരുന്നതെന്നും അവിടെ വലിയ പ്രയാസമില്ലായിരുന്നെന്നും പാലക്കാട്ട് വലിയ വെല്ലുവിളി നേരിട്ടാണ് സതീശന്‍ വിജയം ഉറപ്പിച്ചതെന്നും കൂടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
പിസി വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, അബിന്‍വര്‍ക്കി തുടങ്ങി പുതുതലമുറയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പോലുള്ള മുതിര്‍ന്ന നേതാക്കളെയും സതീശന്‍ കൂടെ നിര്‍ത്തിയിരിക്കുന്നു. അത് പൊളിക്കുകയാണ് ബെന്നിബഹന്നാന്‍, എംഎം ഹസന്‍ തുടങ്ങി വലിയൊരു വിഭാഗത്തിന്റെ ലക്ഷ്യം. എന്നാലിത് കോണ്‍ഗ്രസിന് തീരെ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. പരസ്പ്പരം തമ്മിലടിക്കാതെ ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫ് എന്ന സംവിധാനം തന്നെ ഇല്ലാതാകും. കോണ്‍ഗ്രസിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിക്കണം. അല്ലാതെ തമ്മില്‍ത്തല്ലി മുന്നോട്ട് പോകാനാണ് നീക്കമെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും. കോണ്‍ഗ്രസും യുഡിഎഫും നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ ജനാധിപത്യ സംവിധാനത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് അതിനനുസരിച്ചുള്ള നിലപാടുകളായിരിക്കണം നേതാക്കള്‍ സ്വീകരിക്കേണ്ടത്.
#KeralaPolitics, #CongressParty, #KeralaElections, #InternalRift, #IndianPolitics