GST|  കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ഇപ്പോൾ ജി എസ് ടി കണക്കുകള്‍ പുറത്തുവിടുന്നില്ല?

 
GST
GST

Representational Image by Meta AI

പരാജയങ്ങളെയും പോരായ്മകളെയും കുറിച്ച് ചര്‍ച്ച ചെയ്യാതെ നേട്ടങ്ങള്‍ മാത്രം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വിദഗ്ധർ 

ആദിത്യന്‍ ആറന്മുള

 

ന്യൂഡല്‍ഹി: (KVARTHA) ചരക്ക് സേവന നികുതി (GST) 2017 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. നികുതിയുടെ (Tax) എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ ശൃംഖല വഴിയാണ് നടത്തുന്നത്. അതനുസരിച്ച് എല്ലാമാസവും ഒന്നാം തീയതി മുന്‍പത്തെ മാസത്തെ രാജ്യവ്യാപകമായ, മുഴുവന്‍ ജിഎസ്ടി കണക്കുകളും കേന്ദ്ര ധനമന്ത്രാലയം (Ministry of Finance) പുറത്തുവിട്ടിരുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കണക്ക് ഇനംതിരിച്ച് നല്‍കുന്നതിലും വകുപ്പ് ശ്രദ്ധചെലുത്തി. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ കണക്കുകള്‍ പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. ബിസിനസ് ലോകവും മാധ്യമങ്ങളും ഇതറിഞ്ഞ് അമ്പരന്നു. ഇത് എന്താണെന്നുള്ളത് ഇപ്പോഴും ദുരൂഹമായി തുടരുന്നുവെന്നാണ് ആക്ഷേപം.

Central Government GST

എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്? രാജ്യത്തെ ജിഎസ്ടി റവന്യൂ വരുമാനം അത്രമെച്ചമല്ലായിരുന്നോ? സര്‍ക്കാരിന് ഈ വിവരങ്ങള്‍ എത്രകാലം മറച്ചുവെക്കാന്‍ കഴിയും? തുടങ്ങിയ ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയർത്തുന്നു. പ്രതിമാസ ജിഎസ്ടി കണക്ക് പുറത്തുവിടുമ്പോള്‍ കേന്ദ്ര ജിഎസ്ടി (CGST), സംസ്ഥാന ജിഎസ്ടി (SGST) വഴിയുള്ള സംസ്ഥാനങ്ങളുടെ രസീതുകള്‍, ഇറക്കുമതിയിലെ ഐജിഎസ്ടി സമാഹരണ ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന ജിഎസ്ടി (IGST), അതിന്റെ റീഫണ്ടുകളില്‍ ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് എന്നിവയുടെ വിശദാംശങ്ങളും നല്‍കുന്നു. കൂടാതെ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഐജിഎസ്ടിയുടെ വിതരണവും സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങളും ഇതിലുണ്ടാകും.

കഴിഞ്ഞ ഏഴ് വര്‍ഷമായി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) 2024 ജൂണ്‍ ഒന്ന് വരെ എല്ലാ മാസവും ജിഎസ്ടി   ഡാറ്റ പുറത്തുവിടുന്നു. ഈമാസം അതുണ്ടായില്ല. പകരം, ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചില മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു, ഔദ്യോഗിക കുറിപ്പോ വാർത്താകുറിപ്പോ ഇല്ലാതെ, 2024 ജൂണിലെ ജിഎസ്ടി വരുമാനം 1.74 ലക്ഷം കോടി രൂപയാണെന്ന് അവരെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലഭിച്ച ജിഎസ്ടി വരുമാനത്തേക്കാള്‍ കൂടുതലാണിതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  സര്‍ക്കാര്‍ വലിയതോതില്‍ നികുതി പിരിക്കുന്നെന്ന് ജനങ്ങള്‍ക്ക് തോന്നുന്നതിനാല്‍ അവര്‍ അതൃപ്തരാണെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായം.

2024 ജൂണിലെ 1.74 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനം വ്യക്തമാക്കുന്നത്, വാര്‍ഷികാടിസ്ഥാനത്തിലുള്ള ജിഎസ്ടി വളര്‍ച്ച  7.74 ശതമാനം കൂടുതലാണെന്നാണ്. 2023 ജൂണിലെ 1.61 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.  2022 ജൂണിനു ശേഷമുള്ള ജിഎസ്ടി കളക്ഷനിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. ജിഎസ്ടി പിരിവുകള്‍ കഴിഞ്ഞ വര്‍ഷം വളരെ ശക്തമായിരുന്നു. യഥാര്‍ത്ഥത്തില്‍ ജിഎസ്ടി   കുതിച്ചുയരുന്നുണ്ടോ? വളര്‍ച്ച വ്യാപിച്ചോ? ഇതിനിയും കുറയുമോ? 2024 മെയ് ഏഴിന് ജിഎസ്ടിയുടെ കുറഞ്ഞ വളര്‍ച്ചയും ഐജിഎസ്ടിയിൽ 2023-24-ല്‍ കുത്തനെയുള്ള ഇടിവും ഉണ്ടായി. 2024 ഏപ്രിലില്‍ ഇത് വീണ്ടും കുറഞ്ഞു. ഇതോടെ ജാഗ്രത പുലര്‍ത്തണമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചു.  

2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനം സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെന്ന് ആക്ഷേപമുണ്ട്. കൂടുതല്‍ കൃത്യമായ കണക്കുകള്‍ തേടി പലരും സര്‍ക്കാരിനെ സമീപിച്ചിരുന്നു. 2024 മെയ് ഒന്നിനാണ് ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ലഭിച്ച വിവരം സര്‍ക്കാര്‍ പുറത്തുവിട്ടത്. 2.10 ലക്ഷം കോടി രൂപയായിരുന്നു, 12.42 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. സര്‍ക്കാരത് മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ജിഎസ്ടി വളര്‍ച്ച 11.75 ശതമാനമായി കുറഞ്ഞു, 2021-22 ല്‍ 30.48 ശതമാനവും 2022-23 ല്‍ 21.76 ശതമാനവും ആയിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വരുമാനം കുറയുന്ന പ്രവണത ശക്തമായി.

2024 മെയിലെ ജിഎസ്ടി വരുമാനം 1.73 ലക്ഷം കോടി രൂപയായിരുന്നു, അതായത് 2022 ജൂണിനു ശേഷം ആദ്യമായി ജിഎസ്ടി വളര്‍ച്ച 10 ശതമാനത്തില്‍ താഴെയായി (9.96 ശതമാനം). ഇതേ പ്രധാനമന്ത്രിയുടെയും ഇതേ ധനമന്ത്രിയുടെയും നേതൃത്വത്തില്‍ ജൂണ്‍ 9 ന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം, ജൂണില്‍ ജിഎസ്ടി വളര്‍ച്ച 7.74 ശതമാനമായി എന്നത് സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും പെട്ടന്നത്ര ദഹിച്ചിട്ടില്ല. ഇനി കണക്കുകള്‍ പുറത്തുവിടേണ്ട എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണെന്ന് ഇതില്‍ നിന്ന് മനസിലാക്കാമെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന് അനുകൂലവും പ്രതികൂലവുമായ വാര്‍ത്തകള്‍ പങ്കിടുന്നതിന് മോദി സര്‍ക്കാരിന് പ്രത്യക രീതികളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്താറുണ്ട്. സമ്പദ് വ്യവസ്ഥയോ വ്യവസായം ഉള്‍പ്പെടെയുള്ള ഒരു പ്രത്യേക മേഖലയോ നന്നായി വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുമ്പോള്‍, അതിന്റെ അവകാശം ആദ്യം കവര്‍ന്നെടുക്കുന്നത് സര്‍ക്കാരായിരിക്കും. 2020-21, 2021-22 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന വിദേശ നിക്ഷേപം (FDI) ലഭിച്ചപ്പോള്‍, സര്‍ക്കാര്‍ തങ്ങളുടെ നേട്ടമായി ആഘോഷിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് 2023-24ല്‍, വിദേശനിക്ഷേപം കുത്തനെ കുറഞ്ഞപ്പോള്‍, സര്‍ക്കാര്‍ ഈ വിഷയം പാടെ അവഗണിച്ചുവെന്നാണ് വിമർശനം.

അതുപോലെ, പല സ്റ്റാര്‍ട്ടപ്പുകള്‍ (Startup) യൂണികോണ്‍ (Unicorn) ആയി മാറുകയും കോടിക്കണക്കിന് ഡോളര്‍ (Dollar) ഫണ്ടിംഗ് (Funding) ഉണ്ടാവുകയും ചെയ്തപ്പോള്‍, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി, അതെല്ലാം സര്‍ക്കാരിന്റെ നേട്ടമായാണ് ചിത്രീകരിച്ചത്. ഫണ്ടിംഗ് കുറഞ്ഞപ്പോള്‍  ഇന്ത്യ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് മേഖലയാണെന്ന പഴകിയ പല്ലവി ആവര്‍ത്തിക്കുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടായി.

രാജ്യത്ത് 2021-22, 2022-23 വര്‍ഷങ്ങളില്‍ കയറ്റുമതി (Export) ശക്തമായപ്പോള്‍  ഇന്ത്യയുടെ തിളങ്ങുന്ന പ്രകടനമായി ഉയര്‍ത്തിക്കാട്ടി. 2023-24ല്‍ കയറ്റുമതി കുറഞ്ഞപ്പോള്‍, സേവന കയറ്റുമതിയിലെ വളര്‍ച്ചയാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തത്.  സാമ്പത്തിക മേഖലയില്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി വ്യക്തിഗത ആദായനികുതി മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നു. കോര്‍പ്പറേറ്റ് നികുതികള്‍ (Corporate tax) ശക്തമായി പിരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  നേരിട്ടുള്ള നികുതികള്‍ വളരെ നന്നായി പിരിക്കുന്നുണ്ട്. പ്രത്യക്ഷ നികുതി പിരിവ് സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ആഴ്ചയും പുറത്തുവിടുന്നതില്‍ സര്‍ക്കാരിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ഒരു മടിയുമില്ല. എന്നാല്‍, ഇതേ ഉദ്യോഗസ്ഥര്‍ തന്നെ ജിഎസ്ടി വരുമാനം മോശമായപ്പോള്‍ പുറത്തുവിടാതിരിക്കുകയാണെന്നാണ് വിമർശനം.

ഒരു സര്‍ക്കാരിനും എല്ലാ വിവരങ്ങളും ശാശ്വതമായി മറച്ചുവെയ്ക്കാനൊക്കില്ല.  പൊതുജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. പരാജയങ്ങളെയും പോരായ്മകളെയും കുറിച്ച് ചര്‍ച്ച ചെയ്യാതെ നേട്ടങ്ങള്‍ മാത്രം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ച സർക്കാർ  അതിനോട് നീതിയും കൂറും പുലര്‍ത്തുന്നെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കണമെന്നും  അതിന്റെ ഭാഗമായി ജിഎസ്ടി കണക്കുകള്‍ പുറത്തുവിടണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia