● തൃശൂര്‍ പൂരം സംബന്ധിച്ച വിവാദങ്ങളിൽ വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് ആരോപണം.
● തക്ക സമയത്ത് സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെന്ന് ആക്ഷേപം.
● തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂരിൽ സ്ഥിതി കൂടുതൽ സങ്കീർണമായി.
ദക്ഷ മനു
(KVARTHA) കേരളത്തിലെ ആര്‍എസ്എസുകാരില്‍ പ്രസിദ്ധനാണ് വത്സന്‍ തില്ലങ്കേരി. കൊലക്കേസില്‍ വിചാരണ നേരിടുന്നയാളാണ് ഇയാള്‍. സിപിഎം പ്രവര്‍ത്തകനായ കോട്ടക്കൂന്നേല്‍ യാക്കൂബ് വധക്കേസിലെ പ്രതിയാണ്. 2004ല്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ പുന്നാട്ട് മുഹമ്മദ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം വത്സന്‍തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഇതോടെ മുങ്ങി. പിന്നീട് തിരിച്ചെത്തിയപ്പോഴേക്കും ഒന്നാം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ശബരിമല അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ജാമ്യത്തിലാണ്. ഇരട്ടിയില്‍ പാരലല്‍ കോളജ്, കാരുണ്യ ആശുപത്രി എന്നിവ നടത്തുന്നു. കണ്ണൂര്‍ തില്ലങ്കേരിയില്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലാണ് ജനനം.
തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് സര്‍ക്കാരിന് നേരത്തെ സംശയമുണ്ടായിരുന്നു. എന്നിട്ടും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ അതിന്മേല്‍ അടയിരുന്നുവെന്നാണ് ആക്ഷേപം. തില്ലങ്കേരി, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നും സംശയമുണ്ടായിരുന്നു. രണ്ട് പേരും പൂരവുമായി ബന്ധപ്പെട്ട ദേവസ്വം യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ വത്സന്‍ തില്ലങ്കേതിരെ തൃശൂര്‍ പൂരത്തിന്റെ യോഗങ്ങളില്‍ പങ്കെടുക്കേണ്ട കാര്യമെന്തെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമായിരുന്നുവെന്നും പറയുന്നവരുണ്ട്.
ഇനി അന്വേഷണം നടത്തിയാലും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സിപിഎം എന്തിനാണ് വത്സന്‍ തില്ലങ്കേരിയെ ഇങ്ങിനെ ഭയക്കുന്നത്. പൂരത്തിന് കുറേ നാള്‍ മുമ്പേ തില്ലങ്കേരിയും സംഘവും തൃശൂരില്‍ തമ്പടിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാരിനറിയാമായിരുന്നു. ശബരിമല വിഷയത്തിന്റെ അടക്കം പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന് മുന്‍കരുതല്‍ അറസ്റ്റ് സ്വീകരിക്കുകയോ, അല്ലെങ്കില്‍ പ്രശ്‌നക്കാരനായത് കൊണ്ട് ജില്ലയ്ക്ക് പുറത്തേക്ക് നാട് കടത്തുകയോ ചെയ്യാമായിരുന്നു. അത്തരത്തിലുള്ള യാതൊരു നടപടികളും സ്വീകരിച്ചില്ല. പ്രശ്‌നങ്ങളുണ്ടായതിന്റെ അന്ന് രാത്രി വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പൂരപ്പറമ്പിലും നാമജനഘോഷയാത്ര നടന്നു.
പൂരം നടത്തുന്ന ഏതെങ്കിലും ദേശവുമായി ബന്ധപ്പെട്ടയാളല്ല തില്ലങ്കേരി. പൂരം കേരളത്തിന്റെ സാംസ്‌കാരികോത്സവമാണ്. അല്ലാതെ ഏതെങ്കിലും മതവിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എന്നാല്‍ ഒരു വിഭാഗത്തിന്റെ മാത്രം ആചാരമാക്കി മാറ്റാനുളള ശ്രമങ്ങള്‍ നടന്നുവെന്നാണ് ആക്ഷേപം. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനെതിരെ ആര്‍എസ്എസ് വ്യജപ്രചരണം നടത്തിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുമുള്ള നീക്കമാണെന്ന് സംശയം ഉയര്‍ന്നതോടെ, അന്വേഷണം നടത്തി, ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
അഞ്ച് മാസമായിട്ടും സര്‍ക്കാരോ, പ്രതിപക്ഷമോ ഇത് സംബന്ധിച്ച യാതൊരു ഇടപെടലും പിന്നീട് നടത്തിയില്ല. ആര്‍എസ്എസിന്റെ പങ്ക് വ്യക്തമായിട്ടും എന്തേ ഇരുകൂട്ടരും മൗനം പാലിച്ചതെന്നാണ് ഉയരുന്ന ചോദ്യം. വത്സന്‍ തില്ലങ്കേരി, വരാഹി അനലറ്റിക്‌സ്, അതിന്റെ കോ-ഓഡിനേറ്റര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താഞ്ഞതെന്ത്? രോഗികളെയും അടിയന്തരഘട്ടങ്ങളിലും ഉപയോഗിക്കുന്ന ആംമ്പുലന്‍സില്‍ സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത് എന്തിന്? ഇക്കാര്യങ്ങളൊന്നും സര്‍ക്കാര്‍ അന്വേഷിച്ചില്ല.
ആര്‍എസ്എസിനെ നേര്‍ക്കുനേര്‍ നിന്ന് എതിര്‍ക്കുന്നത് ഞങ്ങള്‍ മാത്രമാണെന്ന് സിപിഎം പരസ്യമായി ആവര്‍ത്തിക്കുമ്പോഴും ഇത്രയും ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും നടപടിയെടുക്കാത്തതെന്താണ്. പൊലീസ് സഹായിക്കാതെ സുരേഷ് ഗോപിക്ക് പൂരപ്പറമ്പില്‍ എത്താനാകില്ല. അന്ന് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാരിന് ഇടപെടാനാകുമായിരുന്നില്ല. പിന്നീട് അതേക്കുറിച്ച് അന്വേഷണം നടത്തിയതുമില്ല.
എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചനടത്തിയെന്ന് പ്രതിപക്ഷനേതാവ് വെളിപ്പെടുത്തല്‍ നടത്തിയത് കൊണ്ടാണ് പൂരം കലക്കല്‍ സജീവമായത്.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പൂരം അലങ്കോലപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്വാഭാവികമായും സിപിഎമ്മിന് ഇതൊക്കെ അറിയാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് മുന്‍കൂര്‍ നടപടികള്‍ സ്വീകരിച്ചില്ല. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഘോഷയാത്രയ്ക്ക് പോകാന്‍ റോഡ് അടയ്ക്കുക പോലും ചെയ്തില്ല. ആനയ്ക്ക് പട്ട കൊണ്ടുപോയവരെ പോലും പൊലീസ് തടഞ്ഞു. ഇതൊക്കെ ദേശക്കാരെ സങ്കടത്തിലാക്കിയിരുന്നു.
ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍ അനുഭവം ഉള്ളതിനാല്‍ യാതൊരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്തിയില്ല. വളരെ ലാഘവത്തോടെയാണ് കാര്യങ്ങള്‍ കണ്ടത്. എന്നിട്ട് മുഖ്യമന്ത്രി ഇപ്പോള്‍ പറയുകയാണ്, കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാര്‍ നീക്കമുണ്ടായി, കുത്സിത ശ്രമം നടന്നു എന്നൊക്കെ. തില്ലങ്കേരിക്കും സംഘത്തിനുമെതിരെ ആദ്യമേ നിയമപനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നാണ് ഇപ്പോൾ പലരും പ്രതികരിക്കുന്നത്.
#ValsanThillankeri #CPM #RSS #KeralaPolitics #ThrissurPooram #PoliticalTensions