Criticism | കേരളത്തിൽ വോട്ടിംഗ് ശതമാനം എന്തുകൊണ്ടാണ് കുറയുന്നത്? നേതാക്കന്മാർ അറിയേണ്ട കാര്യങ്ങൾ

 
Declining voting percentage in Kerala elections
Declining voting percentage in Kerala elections

Photo Credit: X/ Chief Electoral Officer Kerala

● . പ്രിയങ്കയെപ്പോലെ ഒരാൾ മത്സരിക്കുമ്പോൾ ആവേശത്തോടെ വന്ന് വോട്ട് ചെയ്യേണ്ട ഇടത്താണ് വോട്ടിംഗ് ശതമാനത്തിൽ കുറവ് സംഭവിച്ചതെന്ന് ഓർക്കണം. 
● വോട്ടിംഗ് ശതമാനം  കുറയുന്നത് ജനാധിപത്യത്തിന്  അപകടമാണെന്ന് മനസ്സിലാക്കുക. 
● തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തലുകൾ വരുത്തണം. അതിന് കേരളത്തിലെ എല്ലാ പാർട്ടികളും നേതാക്കന്മാരും തയാറാകണം. 

സോണി കല്ലറയ്ക്കൽ 

(KVARTHA) നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരോ തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം കുറഞ്ഞു വരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കേരളത്തിൽ അടുത്തു നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലേയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. കോൺഗ്രസിൻ്റെ ദേശീയ നേതാവായ പ്രിയങ്കാ ഗാന്ധി മത്സരിച്ച വയനാട്ടിൽ പോലും അവർ വിജയിച്ചെങ്കിലും അവിടെ ഒരു ഇളക്കം തട്ടിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം കുറയുന്നതാണ് കണ്ടത്. പ്രിയങ്കയെപ്പോലെ ഒരാൾ മത്സരിക്കുമ്പോൾ ആവേശത്തോടെ വന്ന് വോട്ട് ചെയ്യേണ്ട ഇടത്താണ് വോട്ടിംഗ് ശതമാനത്തിൽ കുറവ് സംഭവിച്ചതെന്ന് ഓർക്കണം. 

ഇത് വളരെ ലാഘവത്തോടെ കാണുകയാണ് നമ്മുടെ നേതാക്കൾ. അവരിൽ ചിലർ വിചാരിക്കുന്നു വോട്ടിംഗ് ശതമാനം കുറഞ്ഞാൽ ഫലം തങ്ങൾക്ക് അനുകൂലമാണെന്ന്. മറ്റു ചിലർ വിചാരിക്കുന്നു വോട്ടിംഗ് ശതമാനം കൂടിയാൽ ജയം തങ്ങൾക്കൊപ്പമാണെന്ന്. അത് പഴയകാലം. ആ സ്ഥിതി മാറിയെന്ന് ചിന്തിക്കാനുള്ള വിവേകം നമ്മുടെ നേതാക്കൾക്കില്ലാതെ പോകുന്നതാണ് കഷ്ടം. വോട്ടിംഗ് ശതമാനം  കുറയുന്നത് ജനാധിപത്യത്തിന്  അപകടമാണെന്ന് മനസ്സിലാക്കുക. വോട്ടിംഗ് ശതമാനം എന്തുകൊണ്ടാണ് കേരളത്തിൽ കുറയുന്നത്? ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ വന്ന പ്രധാനപ്പെട്ട ചില പോയിൻ്റുകളാണ് ഇവിടെ കുറിക്കുന്നത്. 

Declining voting percentage in Kerala elections

1. പല രാഷ്ട്രീയക്കാരുടെയും കപടമുഖങ്ങൾ അനാവരണം ചെയ്യപ്പെടുന്നതും അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകാൻ ഇവർക്ക് മടിയില്ലാത്തതും ജനത്തോട് പച്ചക്കള്ളങ്ങൾ ഒരുളുപ്പുമില്ലാതെ വിളമ്പുന്നതും ഒക്കെ ആളുകൾ നിത്യവും കാണുകയാണ്. 

2. വോട്ടു ചെയ്തില്ലെങ്കിലും അവർ അനായാസം ജയിക്കുമെന്ന് അവർക്കറിയാം.ഒരു മണ്ഡലത്തിൽ വെറും 10 പേർ വോട്ടു ചെയ്താലും 5 ൽ കൂടുതൽ സ്ഥാനാർത്ഥിയുണ്ടെങ്കിൽ 2 വോട്ടു കിട്ടുന്നയാൾ ജയിക്കും. അതാണ് നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വലിയ പാളിച്ച. 

3. നേതാക്കളോട് വിമുഖതയുള്ളവർ പൊതുവേ നോട്ടക്കാണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ടൊന്നും വലിയ കാര്യമില്ല. നോട്ട ഭൂരിപക്ഷം നേടിയാലും അവിടെ മറ്റൊരു തെരഞ്ഞെടുപ്പൊന്നും നടക്കാൻ പോകുന്നില്ല. 

4. വയനാട്ടിൽ ഭൂരിപക്ഷം കുറഞ്ഞതും ജനത്തിന്റെ ഈ വിമുഖത തന്നെയാണ്, ജയിച്ചശേഷം കുടുംബത്തിലെ മറ്റൊരാൾക്കായി സീറ്റൊഴിയുക അത്ര സ്വീകാര്യമായി എല്ലാവർക്കും തോന്നണമെന്നില്ല. ഡൽഹി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചാൽ വയനാട്ടിലെ ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാർഥി മുഖ്യമന്തിയാകാൻ വയനാട് സീറ്റൊഴിയും എന്നൊരു കിംവദന്തിയും കേൾക്കുന്നു. 

5. തെരഞ്ഞെടുപ്പിൽ ജയിച്ചുകഴിഞ്ഞാൽ മിക്ക നേതാക്കളും കുറെ ഉപജാപകസംഘങ്ങളുടെ തടവിലാണ്. അവരാണ് പിന്നെ കാര്യങ്ങൾ തീരുമാനിക്കുന്നതും സാമ്പത്തിക സ്രോതസ്സുകൾ തേടിപ്പിടിക്കുന്നതും ഉദ്യോഗസ്ഥരെയും പോലീസിനെയും വരുതിയിലാക്കുന്നതും. 

6. ഇന്ന് പലർക്കും പണമുണ്ടാക്കാനുള്ള എളുപ്പമാർഗം രാഷ്ട്രീയം തന്നെയാണ്. അതുകഴിഞ്ഞാൽ മതം, ഭക്തി, ക്വാറി, ബാർ എന്നിവ ഒക്കെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള എളുപ്പവഴികളാണ്. 

7. മുതലാളിത്തത്തിനെതിരെ തൊഴിലാളികൾക്ക് വേണ്ടി പൊരുതിയ പാർട്ടിയിൽ ഇന്ന് തൊഴിലാളികളെല്ലാം മുതലാളിമാരും മുതലാളിമാർ നേതാക്കളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണക്കാരൻ അന്നുമിന്നും വോട്ടു നൽകാനുള്ള ഉപകരണം മാത്രം. 

8. നമ്മുടെ ജനനാധിപത്യത്തിനു സംഭവിച്ച അപചയം മാറ്റുവാൻ ഒരു ജനമുന്നേറ്റം തന്നെ ആവശ്യമായേക്കാം. അല്ലാതെ ഒരു മാറ്റം ഇവിടെ സാദ്ധ്യമാകുമെന്ന് കരുതാൻ വയ്യ. 

ഇതൊക്കെയാണ് വോട്ടിംഗ് ശതമാനം കേരളത്തിൽ കുറയുന്നതിന് കാരണമായി വന്ന അഭിപ്രായങ്ങൾ. തീർച്ചയായും ഇത് നേതാക്കൾ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തലുകൾ വരുത്തണം. അതിന് കേരളത്തിലെ എല്ലാ പാർട്ടികളും നേതാക്കന്മാരും തയാറാകണം. വോട്ടിംഗ് ശതമാനം കുറയുമ്പോൾ തകരുന്നത് ജനാധിപത്യമാണെന്ന് മറക്കാതിരിക്കുക. വോട്ടിംഗ് ശതമാനം കുറയുന്നത് ഏകാധിപത്യത്തിലേയ്ക്ക് വഴി തുറക്കുമെന്ന യാഥാർത്ഥ്യവും തിരിച്ചറിയുക തന്നെ വേണം.

#KeralaElections, #VotingPercentage, #PoliticalApathy, #KeralaPolitics, #DemocracyCrisis, #VoterTurnout


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia