Election Reform | മൂന്നാമൂഴത്തില്‍ മിന്നിക്കാനാകുന്നില്ല, വാര്‍ത്തകളില്‍ നിറയാനോ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'?
● പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഈ ബില്‍ പാസ്സാകില്ല.
● സര്‍ക്കാര്‍ ജൂണില്‍ അധികാരത്തില്‍ വന്ന ശേഷമാണ് സമ്പൂര്‍ണ ബജറ്റ് ജൂലായ് 23ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ചത്.
● കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും മറ്റും യുവാക്കള്‍ക്ക് തൊഴിലിന് അവസരമൊരുക്കും.
അർണവ് അനിത
ന്യൂഡല്‍ഹി: (KVARTHA) രണ്ട് തവണ മൃഗീയഭൂരിപക്ഷത്തോടെ മോഡി അധികാരത്തിലിരുന്നിട്ടും നടപ്പാക്കാന്‍ ശ്രമിക്കാഞ്ഞ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഒറ്റയ്ക്ക് ഭരിക്കാന്‍ കേവലഭൂരിപക്ഷം ഇല്ലാതിരിക്കുമ്പോള്‍ കൊണ്ടുവന്നത് എന്തുകൊണ്ട്? ഉത്തരം വളരെ ലളിതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മൂന്നാമൂഴത്തില്‍ മോദി അധികാരത്തിലെത്തിയിട്ട് ആറ് മാസമാകുന്നു. ഇതുവരെ ഈ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ല, മാത്രമല്ല കൊണ്ടുവന്ന പല ബില്ലുകളും പസ്സായിട്ടില്ല, വഖഫ് ബില്‍ ആണ് അതില്‍ ഏറ്റവും അവസാനത്തേത്, അത് സംയുക്തപാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ചൊവ്വാഴ്ച അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഈ ബില്‍ പാസ്സാകില്ല. അതിനര്‍ത്ഥം ഇത് അകാലചരമം അടയുമെന്ന് ഇതുമായി വന്നവര്‍ക്ക് അറിയാം. പിന്നെ എന്താണ് കാര്യം. ഇങ്ങിനെയൊരു സര്‍ക്കാരുണ്ടെന്ന് നാട്ടുകാരെ അറിയിക്കണം അത്രതന്നെയെല്ലേയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഈ സര്‍ക്കാര്‍ ജൂണില്‍ അധികാരത്തില്‍ വന്ന ശേഷമാണ് സമ്പൂര്‍ണ ബജറ്റ് ജൂലായ് 23ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ അവതരിപ്പിച്ചത്.
അതിലെ പ്രധാന പ്രഖ്യാപനമായിരുന്നു യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ എംപ്‌ളോയിമെന്റ് ലിങ്ക്ഡ് ഇന്‍സന്റീവ് (ഇഎല്‍ഐ) പദ്ധതി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും മറ്റും യുവാക്കള്‍ക്ക് തൊഴിലിന് അവസരമൊരുക്കും. ആദ്യ മൂന്ന് മാസത്തെ ശമ്പളം (15000 രൂപ പ്രതിമാസം) സര്‍ക്കാര്‍ നല്‍കും. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ കഷ്ടിച്ച് ഒന്നര മാസം മാത്രമാണ് ഇനിയുള്ളത്. ഇപ്പോഴും ഇഎല്‍ഐ പദ്ധതി സംബന്ധിച്ച മാര്‍ഗരേഖ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ പല തവണ കോര്‍പ്പറേറ്റ് കമ്പനികളുമായി മീറ്റിംഗ് നടത്തിയിട്ടും അവര്‍ സഹകരിക്കുന്നില്ല. അങ്ങനെ മൊത്തത്തില്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് വിമർശനം.
അദാനി വിഷയവും വഖഫ് ബില്ലും സംഭാല്‍ കലാപവും ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്, അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എടുത്തിട്ടത് എന്ന് ഇൻഡ്യ നേതാക്കൾ പറയുന്നു. 1967 വരെ ഒരേസമയം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതാണ് എന്നതാണ് ഉയര്‍ത്തുന്ന പ്രധാന വാദങ്ങളിലൊന്ന്. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിമാത്രമാണ് രാജ്യത്തെല്ലായിടത്തും ഉണ്ടായിരുന്നത്. അവരാണ് എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്നത്. അന്നത് വലിയ വിഷയമായിരുന്നില്ല. മാത്രമല്ല അങ്ങനെ തെരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് ജനപങ്കാളിത്തം കുറയുകയും ചെയ്തു. 1967ന് ശേഷമാണ് വോട്ടിംഗ് ശതമാനം 50 കടക്കുന്നത് എന്നത് തന്നെ അതിന് ഉദാഹരണമാണ്.
1957ല്‍ 45 ശതമാനമായിരുന്നു പോളിംഗ്. 67ന് ശേഷം പ്രാദേശിക പാര്‍ട്ടികളുടെ വോട്ട് വിഹിതം എട്ടില്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നു. മാത്രമല്ല ഇന്നിപ്പോള്‍ സംസ്ഥാനങ്ങളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും എണ്ണം കൂടി. അതുകൊണ്ടാണല്ലോ ബിജെപി മൂന്ന് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യം ഭരിക്കുന്നത്. ഇന്ത്യ വൈവിധ്യമാര്‍ന്ന ഭൂപ്രദേശമാണ്, ഇവിടെ എല്ലാം ഒരുപോലെയാകണമെന്ന് വാശിപിടിക്കുന്നത് വെള്ളത്തില്‍ വരയ്ക്കുന്നത് പോലെയാണ്. ഹിന്ദി മാത്രം മതി എന്ന് കൂറേനാളായി ചിലർ പറയുന്നു. ഇത് വല്ലോം നടക്കുന്ന കാര്യമാണോ. ഈ രാജ്യത്ത് നിരവധി ഭാഷകളും മതങ്ങളും വര്‍ഗങ്ങളും ജാതികളും ഉപജാതികളുമുണ്ട്. അതിനെയാകെ മാറ്റി ഒരെണ്ണം മതിയെന്ന് നാളെ ആവശ്യപ്പെട്ടാല്‍ നടക്കുമോ?
ഫെഡറല്‍ സംവിധാനമാണ് ഇന്ത്യയുടെ കരുത്ത്. സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ സംസ്ഥാനം തീരുമാനിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് പോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടിടത്തും രണ്ട് രീതിയിലാണ് ജനം വോട്ട് ചെയ്യുന്നത്. അവരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇത് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും കൂടുതല്‍ ആധിപത്യം നല്‍കും. ജനാധാപത്യത്തില്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു വിഭാഗം പറയുന്നു.
ആ സമയത്ത് അഞ്ച് കൊല്ലം പൂര്‍ത്തിയാകാത്ത സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലടക്കം ഉണ്ടാകും. ആ സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഭരണഘടനാവിരുദ്ധമാണ്. അതിന് കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുമെന്നാണ് മറ്റൊരു വാദം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബജറ്റ് വിഹിതം 00.35% ആണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് 8000 കോടി ചെലവായി. രാഷ്ട്രീയ കക്ഷികള്‍ക്ക് അടക്കം 1,35,000 കോടി ചെലവായെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. സര്‍ക്കാരിന്റെ 8000 കോടിയില്‍ 5000 കോടി ഇവിഎം ഉണ്ടാക്കാനാണ്. രണ്ട് തെരഞ്ഞെടുപ്പ് ഒരേസമയം വന്നാല്‍ കൂടുതല്‍ ഇവിഎം, പോളിംഗ് സ്‌റ്റേഷന്‍ എല്ലാം വേണം. ചെലവ് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികമാകും.
നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം കര്‍ണാടകയിലടക്കം ഒന്‍പത് സര്‍ക്കാരുകളെയാണ് താഴെയിട്ടതെന്നും ഇന്ത്യ എന്ന രാജ്യത്തോടും ഭരണഘടനയോടും കൂറുണ്ടായിരുന്നെങ്കില്‍ ഇങ്ങിനെ ചെയ്യുമായിരുന്നോവെന്നും ഇൻഡ്യ മുന്നണി നേതാക്കൾ ചോദിക്കുന്നു. അതുപോട്ടെ മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താതിരുന്നതെന്ത്, അങ്ങനെ നടന്നിരുന്നെങ്കില്‍ ബിജെപിക്ക് ഹരിയാനയിലും മഹാരാഷ്ട്രയിലും അധികാരം നഷ്ടപ്പെടുമെന്ന് അവര്‍ ഭയന്നിരുന്നുവെന്നും നേതാക്കൾ ആരോപിക്കുന്നു.
'ഫെഡറല്‍ സമ്പ്രദായം ഇല്ലാതാക്കണമെന്നത് ആര്‍എസ്എസ് അജണ്ടയാണ്. ഗോള്‍വാക്കര്‍ ഇക്കാര്യം അന്നേ മുന്നോട്ട് വച്ചിരുന്നു. രാജ്യത്തെ മൊത്തമായി കാണുന്ന സര്‍ക്കാര്‍ വേണമെന്നും അതിനായി ഫഡറല്‍ സംവിധാനത്തെ കുഴിച്ചുമൂടണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു രാജ്യം ഒരു സര്‍ക്കാര്‍ ഒരു ഭാഷ മതിയെന്നാണ് വാദം. അതാണ് ബിജെപിയും ആഗ്രഹിക്കുന്നത്. അതായത് പ്രസിഡന്റ് ഭരണത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള നീക്കം. ഇത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തത്', എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
#OneNationOneElection #Modi #BJP #IndiaElections #Federalism #PoliticalDebate