Sheikh Hasina | ഷെയ്ഖ് ഹസീന ജീവനും കൊണ്ട് പലായനം ചെയ്തത് എന്തിന്?
2009ല്‍ ഹസീനയുടെ ഭരണം ആരംഭിച്ചത് മുതല്‍, തൊഴില്‍ സൃഷ്ടിക്കാന്‍ വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി. അങ്ങനെയാണ് രാജ്യം ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരിച്ചത്. കഴിഞ്ഞ ദശകത്തില്‍, ദാരിദ്ര്യം മൂന്നിലൊന്നായി കുറഞ്ഞു, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മനുഷ്യവികസന സൂചകങ്ങള്‍ മികച്ചതായി
അർണവ് അനിത
(KVARTHA) പ്രത്യാശയുടെ പ്രതീകമായി രാഷ്ട്രീയത്തിലെത്തിയ ഷെയ്ഖ് ഹസീന സ്വേച്ഛാധിപതിയായതോടെ നാട്ടുകാര്‍ നടുകടത്തി. 1996ല്‍ ആണ് അവര്‍ അധികാരത്തിലെത്തിയത്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷയും അവരുടെ ചുമലിലായിരുന്നു. അന്തരിച്ച സൈനിക സേച്ഛാധിപതിയുടെ ഭാര്യയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായിരുന്ന ഖാലിദ സിയയുടെ വിവാദമായ അഞ്ച് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചത് ഷെയ്ഖ് ഹസീനയായിരുന്നു. 15 വര്‍ഷത്തെ തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഷേഖ് സഹീന ഫാസിസ്റ്റ് സ്വേച്ഛാധിപതിയായി. 28 വര്‍ഷത്തിന് ശേഷം അവര്‍ക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടിവന്നു എന്നത് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങളായി മാറി.
1996ല്‍ ഷെയ്ഖ് ഹസീനയെ വരവേറ്റ ബംഗ്ലാദേശ് ജനതയുടെ സ്‌നേഹവും ബഹുമാനവും അല്ല കഴിഞ്ഞ കുറേ നാളുകളായി കാണുന്നത്. ജനം അവരെ ആക്രമിക്കാന്‍ തുനിയുന്ന അവസ്ഥ സംജാതമായി. ഒരു വശത്ത് മതവാദികൾ, മറുവശത്ത് അമേരിക്ക, ചൈന എന്നിവരുടെ താല്‍പര്യങ്ങള്‍, എന്നിവ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ മതേതര ചായ്‌വുള്ള മധ്യവര്‍ഗ സോഷ്യല്‍ ഡെമോക്രാറ്റാകാന്‍ ആര്‍ക്കും കഴിയില്ല. അതാണ് ഷെയ്ഖ് ഹസീനയ്ക്ക് പറ്റിയ വീഴ്ച. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നാലായിരത്തോളം കേസുകളാണ് രാജ്യത്തുള്ളത്. സ്വന്തം പാര്‍ട്ടിയായ അവാമി ലീഗിലുള്ളവരെ മാത്രം സഹായിക്കുന്ന നിലപാടുകളാണ് കുറേ വര്‍ഷങ്ങളായി ഷെയ്ഖ് ഹസീന സ്വീകരിച്ച് പോന്നത്.
പാകിസ്‌താന്റെ കിഴക്കന്‍ മേഖല അടര്‍ത്തിയെടുത്താണ് ബംഗ്ലാദേശ് രൂപീകരിച്ചത്. 1971 ഡിസംബറില്‍ ഇന്ത്യന്‍ സൈന്യം കിഴക്കന്‍ പാക്കിസ്ഥാനെ മോചിപ്പിച്ച് ഷെയ്ഖ് മുജീബുര്‍ റഹ്‌മാനെ സ്വതന്ത്ര ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായി നിയമിച്ചു. അന്ന് മുതല്‍ ഇന്ത്യയുമായി വളരെ അടുത്തബന്ധമാണവര്‍ കാത്തുസൂക്ഷിക്കുന്നത്. ബംഗ്ലാദേശില്‍ നീണ്ടകാലം ആഭ്യന്തരയുദ്ധം നീണ്ട് നിന്നു. പിന്നീട് രാജ്യം ജനാധിപത്യപുരോഗതിയും സാമ്പത്തിക വളര്‍ച്ചയും കൈവരിച്ചു. 1996ലെ തിരഞ്ഞെടുപ്പിനുശേഷം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ജനറല്‍ സിയാവുര്‍ റഹ്‌മാന്റെ വിധവയായ ഖാലിദ സിയ, ജനവിധി അംഗീകരിക്കാന്‍ വിസമ്മതിച്ചു.
ഹസീനയുടെ പിതാവ് ബംഗ്ലാദേശിന്റെ സ്ഥാപക പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ 1975 ആഗസ്റ്റ് 15ന് വധിക്കപ്പെട്ടു, 1971-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പകരംവീട്ടല്‍ എന്ന നിലയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്. 1975 നും 1991 നും ഇടയില്‍, ബംഗ്ലാദേശില്‍ നിരവധി സൈനിക അട്ടിമറി ഭരണങ്ങള്‍ അരങ്ങേറി. ജനറല്‍ സിയാവുര്‍ റഹ്‌മാന്‍ 1981-ല്‍ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹം 21 കൊലപാതക ശ്രമങ്ങളെ അതിജീവിച്ചിരുന്നു. അതിനുശേഷം ഒരു വര്‍ഷത്തിനുശേഷം, ഷെയ്ഖ് ഹസീനയും ഖാലിദയും ചേര്‍ന്ന് ജനാധിപത്യ ഭരണം സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നതിന് മുമ്പ് ജനറല്‍ എച്ച്എം ഇര്‍ഷാദ് അധികാരം പിടിച്ചെടുത്തു.
1975ലെ അട്ടിമറിക്ക് ശേഷം, ഷെയ്ഖ് ഹസീന നൂഡല്‍ഹിയില്‍ ആറ് വര്‍ഷം കഴിഞ്ഞു. പിതാവിന്റെ പഴയ സുഹൃത്തായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ വസതി നല്‍കിയത്. ഹസീനയും ഖാലിദയും അധികാരത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, അവരുടെ രീതികള്‍ ജനാധിപത്യപരമാണെന്ന് എല്ലാവര്‍ക്കും തോന്നി. എന്നാല്‍ 2009ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2009 മുതല്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന സാമൂഹികവും മതപരവും സാമ്പത്തികവുമായ ഭിന്നതകളുള്ള രാജ്യത്ത് അവരുടെ ഏകാധിപത്യ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി.
1971-ലെ വിമോചനയുദ്ധത്തില്‍ നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിച്ചു. മതവാദികളും മതേതരവാദികളും തമ്മിലുള്ള സംഘര്‍ഷങ്ങളും പ്രക്ഷോഭങ്ങളും തുടര്‍ന്നു. 2013 നും 2016 നും ഇടയില്‍ നിരീശ്വരവാദികള്‍, മതേതരവാദികള്‍, എഴുത്തുകാര്‍, അഹമ്മദികള്‍, ഹിന്ദുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ പരമ്പര. ഇതോടൊപ്പം ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിലിരുന്ന് അവരുടെ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കൃത്രിമത്വങ്ങള്‍ നടത്തിയെന്ന ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും വിമതരും ഉന്നയിച്ചു.
പീഡനവും തിരോധാനവും മുതല്‍ നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ വരെ രാജ്യം അഭിമുഖീകരിച്ചു. 'ജനാധിപത്യ പിന്നോക്കാവസ്ഥ' എന്നാണ് ഇക്കാലത്തെ ലോകം വിശേഷിപ്പിച്ചത്. ജനാധിപത്യ പുരോഗതി നിരീക്ഷിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ ഷേഖ് ഹസീനയുടെ ഭരണത്തെ നിരന്തരം വിമര്‍ശിച്ചു. ജനസംഖ്യ കുതിച്ചതോടെ തൊഴിലില്ലായ്മ രൂക്ഷമായി, യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. രാജ്യം രൂപീകരിച്ചപ്പോള്‍ 68 ദശലക്ഷമായിരുന്ന ജനസംഖ്യ ഇപ്പോള്‍ 174 ദശലക്ഷമായി.
2009ല്‍ ഹസീനയുടെ ഭരണം ആരംഭിച്ചത് മുതല്‍, തൊഴില്‍ സൃഷ്ടിക്കാന്‍ വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി. അങ്ങനെയാണ് രാജ്യം ഗണ്യമായ സാമ്പത്തിക പുരോഗതി കൈവരിച്ചത്. കഴിഞ്ഞ ദശകത്തില്‍, ദാരിദ്ര്യം മൂന്നിലൊന്നായി കുറഞ്ഞു, സാക്ഷരത, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മനുഷ്യവികസന സൂചകങ്ങള്‍ മികച്ചതായി. 2021ല്‍ രാജ്യത്തെ ജനസംഖ്യയുടെ 13 ശതമാനം മാത്രമായിരുന്നു ദരിദ്രര്‍. 1971-ലെ 80 ശതമാനത്തില്‍ നിന്നാണ് ഈ കുതിച്ച് ചാട്ടം നടത്തിയത്. വസ്ത്ര കയറ്റുമതിയുടെ ആഗോള ഹബ്ബാണ് ബംഗ്ലാദേശ്. ലോകത്തിലെ രണ്ടാമത്തെ വലിയ തുണി കയറ്റുമതിയും ഇവിടെ നിന്ന് തന്നെ.
ഇതിനിടെ ഹസീന സ്വന്തം പാര്‍ട്ടിക്കാരെ വഴിവിട്ട് സഹായിക്കാന്‍ പോയതാണ് തിരിച്ചടിയായത്. 1971 ലെ വിമോചന പോരാളികളുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് സംവരണം ഏര്‍പ്പെടുത്തിയതാണ് വിനയായത്. മെച്ചപ്പെട്ട അവസരങ്ങള്‍ ആവശ്യപ്പെടുന്ന വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പ്രതിഷേധങ്ങളെ ഫലപ്രദമായി നേരിടാനും ഷെയ്ഖ് ഹസീനയ്ക്ക് ആയില്ല. പ്രക്ഷോഭകരായ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുകയും ചെയ്തു. അതാണ് തിരിച്ചടിക്ക് കാരണമായത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ അവസരം മുതലെടുക്കുകയും ചെയ്തു. ഹസീനയുടെ സ്വേച്ഛാധിപത്യത്തെ പരസ്യമാക്കിയത്, നോബല്‍ സമാധാന ജേതാവും ഗ്രാമീണ്‍ ബാങ്ക് സ്ഥാപകനും, മൈക്രോ ഫിനാന്‍സിന്റെ പിതാവും താഴേത്തട്ടിലുള്ള വികസനത്തിന്റെ കാര്യത്തില്‍ ആഗോള നേതാവായി കണക്കാക്കപ്പെടുന്ന മുഹമ്മദ് യൂനുസുമായുള്ള ഏറ്റുമുട്ടലാണ്. ഈ വര്‍ഷത്തെ വിവാദ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് യൂനസിനെ ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശിക്ഷിച്ചു.
ഹസീനയ്‌ക്കെതിരായ, ധാക്കയിലെ പ്രതിഷേധം ഫ്രഞ്ച് വിപ്ലവത്തെയും മേരി ആന്റോനെറ്റിനെയും ഓര്‍മ്മിപ്പിക്കുന്നു. ഷെയ്ഖ് ഹസീന ഫ്യൂഡല്‍ രാജ്ഞിയല്ല. ഒരു സെക്യുലര്‍ സോഷ്യലിസ്റ്റ് എന്ന നിലയിലും പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്ക് ക്ഷേമം നല്‍കുന്നവരെന്ന് നിലയിലും നേരിട്ട സമ്മര്‍ദങ്ങളായിരിക്കാം അവരുടെ പതനത്തിന് കാരണമായത്. അവാമി ലീഗിന്റെ പാര്‍ട്ടി ചിഹ്നമായ ബോട്ട് ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഘടനയിലുള്ള, സംഘര്‍ഷങ്ങളില്‍ മുങ്ങിപ്പോയി. അവരുടെ അഹങ്കാരം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.