CPM Support | ശശി തരൂരിനെ സിപിഎം സ്വീകരിക്കുമോ? പിന്തുണച്ച് എം വി ഗോവിന്ദൻ; അനാഥനാകില്ലെന്ന് തോമസ് ഐസക്ക്


● 'കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ'
● 'അദ്ദേഹത്തെ തെറ്റിധരിക്കേണ്ട കാര്യമില്ല'
● തരൂരിന്റെ ഭാവി നീക്കങ്ങൾ നിർണായകം
തിരുവനന്തപുരം: (KVARTHA) ഡോ. ശശി തരൂർ എംപിയുടെ പുതിയ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തി. കോൺഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മറ്റ് വഴികളുണ്ടെന്നും പാർട്ടി തൻ്റെ സേവനം പ്രയോജനപ്പെടുത്താത്തപക്ഷം അവസരങ്ങൾ തേടേണ്ടി വരുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
കോൺഗ്രസിനെക്കുറിച്ച് എൽഡിഎഫും സിപിഎമ്മും പറഞ്ഞിരുന്ന കാര്യങ്ങളാണ് ശശി തരൂരും പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ തൊഴിലില്ലായ്‌മ പരിഹരിച്ച്, ആളോഹരി വരുമാനം വർധിപ്പിച്ചുകൊണ്ടുതന്നെ ലോകത്തിലെ വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാനാകും എന്നാണ് ഇടതുപക്ഷജനാധിപത്യ മുന്നണി പറയുന്നത്.
ആ തലത്തിലേക്ക് കേരളത്തെ നീക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനത്തിന് കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥവെച്ച്കൊണ്ട് മറികടക്കാനാവില്ലെന്ന് ശശിതരൂർ പറഞ്ഞത്. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ. അദ്ദേഹത്തെ തെറ്റിധരിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരിനെതിരെ പാർട്ടി നടപടി എടുക്കുമോ എന്നത് കോൺഗ്രസിന്റെ വിഷയം മാത്രമാണ്, അതിൽ സിപിഎം ഇടപെടേണ്ടതിലേലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ കോൺഗ്രസ് വിട്ടാൽ അനാഥനാവില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. 'ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണ്. ശശി തരൂർ വേറെ വഴികൾ നോക്കുന്നതിൽ അത്ഭുതമില്ല. കോൺഗ്രസിൽ നിന്ന് പലരെയും സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രസ്താവനകൾ രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. മറ്റൊരു രാഷ്ട്രീയ നീക്കത്തിനായി തരൂർ തയാറെടുക്കുകയാണോ തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടത് ഇനി വരുന്ന രാഷ്ട്രീയ നീക്കങ്ങളായിരിക്കും. ശശി തരൂരിന്റെ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നിർണായകമാകുമെന്നത് തീർച്ച.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Shashi Tharoor's political statements have sparked discussions. CPM leaders including MV Govindan and Thomas Isaac have supported him, with questions about his future moves.
#ShashiTharoor #CPMSupport #PoliticalDebate #KeralaPolitics #CongressNews #PoliticalFuture