KK Shailaja | വടകരയിലെ ക്ഷീണം മാറ്റാന്‍ കെ കെ ശൈലജ മന്ത്രിപദവിയിലേക്കോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ ശോഭകൂട്ടാന്‍ മുന്‍ ആരോഗ്യമന്ത്രിയെ പരിഗണിക്കണമെന്ന വാദം സിപിഎമ്മില്‍ ശക്തം
മന്ത്രിസഭയിലെ ചുരുക്കം ചിലരുടെത് ഒഴിച്ചുളളവരുുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നിട്ടില്ലെന്ന ആരോപണം നേരത്തെ പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരുന്നു
ആദി കേശവ്
കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു മുഖം മിനുക്കി പ്രതിച്ഛായ വീണ്ടെടുക്കാന്‍ പാര്‍ട്ടിയിലെ ജനപ്രീയ താരമായ കെ.കെ ശൈലജയെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. കണ്ണൂര്‍ ജില്ലയിലെ ചില നേതാക്കന്‍മാരും പാര്‍ട്ടി ഘടകങ്ങളുമാണ് ശൈലജയ്ക്കായി വാദിക്കുന്നത്. മന്ത്രിസഭയിലെ ചുരുക്കം ചിലരുടെത് ഒഴിച്ചുളളവരുുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയര്‍ന്നിട്ടില്ലെന്ന ആരോപണം നേരത്തെ പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടു കൂടി രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രി വരേണ്ടതു അനിവാര്യമാണ്. ഈഘട്ടങ്ങളില്‍ പെര്‍ഫോമന്‍സ് കുറഞ്ഞ മന്ത്രിമാര്‍ക്ക് അപ്രധാനവകുപ്പുകള്‍ നല്‍കി കഴിവുളളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഒന്നാം പിണറായി സര്‍ക്കാരില്‍ കോവിഡ്, നിപ്പ പ്രതിരോധത്തില്‍ ആഗോളമികവ് കാണിച്ച കെ കെ ശൈലജയെ അവസാനത്തെ രണ്ടുവര്‍ഷം മന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
വടകരയില്‍ ശൈലജയ്‌ക്കേറ്റ പരാജയം ഇതുവഴി ഒരുപരിധിവരെ മറയ്ക്കാന്‍ കഴിയുമെന്ന നിരീക്ഷണവുമുണ്ട്. എന്നാല്‍ ശൈലജയെ മന്ത്രിസഭയിലേക്ക് എടുക്കണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാരില്‍ രണ്ടാം സ്ഥാനക്കാരിയായി ശൈലജ വന്നാല്‍ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചിത്രീകരിക്കപ്പെടുന്ന ആശങ്ക മുഖ്യമന്ത്രിയില്‍ നിലനില്‍ക്കുന്നുണ്ട്.
വടകരയില്‍ മട്ടന്നൂര്‍ എംഎല്‍എയായ കെ.കെ ശൈലജയെ മത്സരിപ്പിച്ചു ഡല്‍ഹിയിലേക്ക് അയക്കാന്‍ പാര്‍ട്ടിക്കുളളില്‍ നീക്കം നടത്തിയതും മുഖ്യമന്ത്രിയാണെന്നാണ് ആക്ഷേപം. മരുമകന്‍ മുഹമ്മദ് റിയാസിനായി പാര്‍ട്ടിയിലെ ജനപ്രീയ നേതാക്കളായ കെ രാധാകൃഷ്ണനെയും കെ.കെ ശൈലജയെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയം കണ്ടുവെങ്കിലും ശൈലജ ടീച്ചര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.