Political Drama | കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനെ വീഴ്ത്താൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

 
Political leaders Mullappally Ramachandran and Kadanappally Ramachandran
Political leaders Mullappally Ramachandran and Kadanappally Ramachandran

Photo Credit: Facebook/ Ramachandran Kadannappalli, Mullappally Ramachandran

● കണ്ണൂർ മുമ്പ് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ വിജയിച്ച മണ്ഡലമാണ്.
● മുല്ലപ്പള്ളി രാമചന്ദ്രൻ മുൻപ് കണ്ണൂരിൽ നിന്നുള്ള എം.പി ആയിരുന്നു.
● ശക്തമായ മത്സരം കാഴ്ചവെക്കാം എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

സോണി കല്ലറയ്ക്കൽ

(KVARTHA) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ സീറ്റ് യു.ഡി.എഫിന് വേണ്ടി പിടിച്ചെടുക്കാൻ മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലവിൽ അവിടെ എൽ.ഡി.എഫിലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ജനപ്രതിനിധി. ആഞ്ഞു പിടിച്ചാൽ യു.ഡി.എഫിനും വിജയിക്കാൻ പറ്റുന്ന സീറ്റ് തന്നെയാണ് കണ്ണൂർ നിയമസഭാ സീറ്റ്. വർഷങ്ങളോളം ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡൻ്റായിരുന്ന കെ സുധാകരൻ വിജയിച്ച മണ്ഡലമാണ് കണ്ണൂർ. സുധാകരൻ ഒരു നിർണായക സമയത്ത് കണ്ണൂരിൽ നിന്ന് എം.പി ആയി പാർലമെൻ്റിലേയ്ക്ക് പോകുകയാണ് ഉണ്ടായത്. 

അതിന് ശേഷം, സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലേയ്ക്ക് ചേക്കേറിയ കണ്ണൂരിൻ്റെ മുൻ എം.പി കൂടിയായ എ.പി.അബ്ദുല്ല കുട്ടി അവിടെ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ തലശേരിയിലേയ്ക്ക് മാറ്റി സതീശൻ പാച്ചേനിയ്ക്ക് കണ്ണൂർ നിയമസഭാ സീറ്റ് കോൺഗ്രസ് കൊടുത്തപ്പോൾ അബ്ദുല്ല കുട്ടിയും സതീശൻ പാച്ചേനിയും തോൽക്കുന്നതാണ് കണ്ടത്. പിന്നീട് ഒരിക്കലും കണ്ണൂർ നിയമസഭാ സീറ്റിൽ യു.ഡി.എഫിന് തിരിച്ചു വരാനായില്ല എന്നതാണ് സത്യം. 

ഇക്കുറി കണ്ണൂരിനെ മുഴുവനായും അറിയാവുന്ന കണ്ണൂരിൻ്റെ മുൻ എം.പി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമോ എന്നതാണ് യു.ഡി.എഫ് നേതൃത്വം ആലോചിക്കുന്നതായാണ് വിവരം. നല്ലൊരു ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ കണ്ണൂർ നിയമസഭാ സീറ്റ് തിരിച്ചു പിടിക്കാൻ കഴിയുമെന്നും യു.ഡി.എഫ് നേതൃത്വത്തിന് വിശ്വാസമുണ്ട്. മുല്ലപ്പള്ളി അല്ലെങ്കിൽ കെ സുധാകരൻ എന്ന് രീതിയിലേയ്ക്കാണ് കണ്ണൂരിൽ യു.ഡി.എഫിൻ്റെ മനസ്സ്. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളെ ഇറക്കി മത്സരിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനമെടുത്തിരിക്കുന്നത് ഇതിൻ്റെ കൂടെ അടിസ്ഥാനത്തിൽ ആണെന്ന് പറയുന്നു. എൽ.ഡി.എഫിൽ അതിൻ്റെ ഘടക കക്ഷിയായ കോൺഗ്രസ് എസിന് ഒരു നിയമസഭാ സീറ്റേയുള്ളു. അതാണ് കണ്ണൂർ. അവിടെയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നത്. കോൺഗ്രസ് എസിൻ്റെ നേതാവ് കൂടിയാണ് കടന്നപ്പള്ളി രാമചന്ദ്രൻ. അദ്ദേഹം മുൻ കോൺഗ്രസ് നേതാവുമായിരുന്നു. 

മുൻപ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ നിന്നുള്ള എം.പി ആയിരുന്നപ്പോൾ അദ്ദേഹത്തെ തോൽപ്പിക്കാൻ കണ്ണൂരിൽ എൽ.ഡി.എഫ് ഇറക്കിയത് കടന്നപ്പള്ളി രാമചന്ദ്രനെ ആയിരുന്നു. പക്ഷേ, തോൽവി ആയിരുന്നു അന്ന് കടന്നപ്പള്ളിയെ വരവേറ്റത്. പിന്നീട് കോൺഗ്രസ് എസിൽ നിന്ന് സി.പി.എം ആ സീറ്റ് ഏറ്റെടുത്ത് അന്ന് എസ്.എഫ്.ഐയുടെ നേതാവായിരുന്ന എ പി അബ്ദുല്ല കുട്ടിയെ കണ്ണൂർ പാർലമെൻ്റ് സീറ്റിൽ നിർത്തി മുല്ലപ്പള്ളിയെ കണ്ണൂരിൽ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് ആ അബ്ദുല്ല കുട്ടി കോൺഗ്രസിൽ വന്ന് കണ്ണൂരിൽ നിന്നുള്ള എം.എൽ.എആയത് ചരിത്രം. ഇപ്പോൾ അബ്ദുല്ല കുട്ടി ബി.ജെ.പി യുടെ ദേശീയ നേതാവുമാണ്. 

വീണ്ടുമൊരു മുല്ലപ്പള്ളി - കടന്നപ്പള്ളി മത്സരം നടക്കുമോ എന്നതാണ് കണ്ണൂരിലെ ജനം ഉറ്റുനോക്കുന്നത്. കണ്ണൂർ പാർലമെൻ്റ് സീറ്റിൽ അബ്ദുല്ല കുട്ടിയോട് പരാജയപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രൻ അപ്രതീക്ഷിതമായി വടകര പാർലമെൻ്റ് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തി ആ സീറ്റ് കോൺഗ്രസിന് വേണ്ടി പിടിച്ചെടുത്ത ചരിത്രവുമുണ്ട്. അതുവരെ എൽ.ഡി.എഫ് കാലാകാലങ്ങളായി വിജയിച്ചുകൊണ്ടിരുന്ന മണ്ഡലം ആയിരുന്നു വടകര. അതാണ് മുല്ലപ്പള്ളിയ്ക്ക് യു.ഡി.എഫിന് വേണ്ടി തിരിച്ചു പിടിക്കാൻ സാധിച്ചത്. മുല്ലപ്പള്ളി അവിടെ രണ്ട് വട്ടം എം.പി ആയിരുന്നു. 

പിന്നീട് ഇതുവരെ വടകര ലോക് സഭാ മണ്ഡലം യു.ഡി.എഫിനെ കൈവിട്ടിട്ടില്ല. ഇപ്പോൾ കോൺഗ്രസിൻ്റെ യുവ നേതാവ് ഷാഫി പറമ്പിലാണ് വടകരയുടെ എം.പി. അതിന് മുൻപ് മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. മുരളീധരനും. ഈ കഴിവാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ നിയമസഭാ സീറ്റിലേയ്ക്ക് പരിഗണിക്കുന്നത്. മുല്ലപ്പള്ളി കണ്ണൂരിൽ ഇറങ്ങിയാൽ ആ സീറ്റ് അനായാസം പിടിച്ചെടുക്കാൻ കഴിയുമെന്ന് യു.ഡി.എഫ് നേതൃത്വം കരുതുന്നു. മുല്ലപ്പള്ളിയെ പോലെ ഒരു സീനിയർ നേതാവ് മത്സരത്തിനിറങ്ങിയാൽ അത് കണ്ണൂർ, മാത്രമല്ല, കോഴിക്കോട്, വയനാട് പോലെയുള്ള മണ്ഡലങ്ങളിലും അതിൻ്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കരുതുന്നു. എന്തായാലും യു.ഡി.എഫ് അണികൾ പ്രതീക്ഷയിലാണ്. കടന്നപ്പള്ളിയെ ഇക്കുറി മുല്ലപ്പള്ളി വീഴ്ത്തുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Political speculation rises in Kerala as UDF considers fielding Mullappally Ramachandran to challenge LDF's Kadanappally Ramachandran in Kannur.

#MullappallyRamachandran #KadanappallyRamachandran #KannurElection #UDF #LDF #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia