Political Tensions | പി വി അൻവറും സുകുമാരൻ നായരും കൂടി കോൺഗ്രസിന്റെ അടപ്പ് തെറിപ്പിക്കും?
● എൽ.ഡി.എഫ് ക്യാമ്പ് കോൺഗ്രസിലെ തമ്മിലടിയെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
● സ്വന്തമായി ഡിഎംകെ എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുമുണ്ട് പി.വി.അൻവർ.
● പി വി അൻവർ എംഎൽഎയെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലി യു.ഡി.എഫിൽ ഇപ്പോഴെ അടി തുടങ്ങിയിരിക്കുകയാണ്. അതിന് തുടക്കമിട്ടത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും. അദ്ദേഹം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിച്ചതോടെയാണ് കേരളത്തിലെ കോൺഗ്രസ് പാളയത്തിൽ മുഖ്യമന്ത്രിയ്ക്കായി അടിതുടങ്ങിയത്. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി രംഗത്തെത്തുകയും ചെയ്തതോടെ പിന്നെ സംഗതി ജോറാവുകയും ചെയ്തു.
കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ വളരെയധികം സീനിയർ കോൺഗ്രസ് നേതാക്കന്മാർ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് നിൽപ്പുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. രമേശ് ചെന്നിത്തലയെ കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ മുരളീധരൻ തുടങ്ങിയവർക്കെല്ലാം കേരളത്തിലെ മുഖ്യമന്ത്രി പദത്തിൽ ഒരു മോഹമുള്ളവരാണെന്ന് എല്ലാവർക്കും അറിയാം.
അങ്ങനെയൊരു സാഹചര്യത്തിൽ ഒരാളുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുമ്പോൾ അത് വീണ്ടും എൽ.ഡി.എഫിന് അധികാരത്തിൽ എത്താൻ വഴി തുറക്കുകയേയുള്ളു എന്നതാണ് സത്യം. ഇത് മനസ്സിലാക്കി തന്നെ എൽ.ഡി.എഫ് ക്യാമ്പ് കോൺഗ്രസിലെ തമ്മിലടിയെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതുപോലെയാണ് നിലമ്പൂരിലെ കാര്യവും. നിലമ്പൂരിൽ നിന്ന് കഴിഞ്ഞ രണ്ട് തവണയായി എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ച് എംഎൽഎയായ പി വി അൻവർ ഇപ്പോൾ അഭിപ്രായ ഭിന്നതയെ തുടർന്ന് എൽ.ഡി.എഫ് മുന്നണിയ്ക്ക് പുറത്താണ്.
സ്വന്തമായി ഡിഎംകെ എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുമുണ്ട് പി.വി.അൻവർ. എൽ.ഡി.എഫ് വിട്ട പി വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ ഇപ്പോൾ നിരവധി ജനകീയ പ്രക്ഷോഭങ്ങളും നടന്നു വരുന്നു. ഇത് അദ്ദേഹത്തിന് അനുയായികളെ നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനെതിരെ എം.എൽ.എ നടത്തിയ പ്രതിക്ഷേധത്തിൻ്റെ ഭാഗമായി ഇപ്പോൾ അറസ്റ്റിലാകുകയും ചെയ്തിരിക്കുകയാണ്. പി വി അൻവർ എംഎൽഎയെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ഇതോടെ പി.വി.അൻവർ യു.ഡി.എഫിലേയ്ക്ക് ചേക്കേറുമെന്നുള്ള ചർച്ചകളും സജീവമായിരിക്കുന്നു. യു.ഡി.എഫിനെതിരെ നേരത്തെ വലിയ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന പി.വി അൻവർ ഇപ്പോൾ അതിൽ മയം വരുത്തിയിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി അൻവർ എം.എൽ.എയുടെ ഡി.എം.കെ എന്ന പാർട്ടിക്ക് ഒറ്റയ്ക്ക് നിന്ന് ജയിക്കാമെന്ന് ആരും കരുതുന്നില്ല. ഒന്നുകിൽ യു.ഡി.എഫിൽ ഘടകക്ഷിയാവുകയോ അല്ലെങ്കിൽ കോൺഗ്രസിൽ ലയിക്കുകയോ വേണം.
മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് പി.വി.അൻവർ എന്നോർക്കണം. അങ്ങനെ വരുമ്പോൾ യു.ഡി.എഫിൽ ഘടകക്ഷിയാവുന്നതിൽ ഉപരി കോൺഗ്രസിൽ ലയിക്കാനാണ് സാധ്യതകൾ ഏറെ. ഈ അവസരത്തിൽ പി.വി. അൻവറിന് യു.ഡി.എഫ് നിലമ്പൂർ സീറ്റ് കൊടുക്കുമോ? അതാണ് കാത്തിരുന്ന് കാണേണ്ടത്. കാലാകാലങ്ങളായി ആര്യാടൻ കുടുംബത്തിൻ്റെ കയ്യിലിരുന്ന നിയമസഭാ നിയോജകമണ്ഡലം ആയിരുന്നു നിലമ്പൂർ. മുൻ മന്ത്രിയും അന്തരിച്ച കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് ആയിരുന്നു ഇവിടുത്തെ വർഷങ്ങളോളമുള്ള ജനപ്രതിനിധി.
തൻ്റെ കാലശേഷം അദ്ദേഹം അവിടെ പിൻഗാമിയായി കൊണ്ടുവരാൻ ആഗ്രഹിച്ചത് സ്വന്തം പുത്രൻ ആര്യാടൻ ഷൗക്കത്തിനെയായിരുന്നു. ആര്യാടൻ മുഹമ്മദ് മാറി നിന്ന തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ആയിരുന്നു നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഈ അവസരത്തിലാണ് എൽ.ഡി.എഫ് ആര്യാടൻ്റെ ബന്ധുവും കോൺഗ്രസ് നേതാവുമായിരുന്ന പി വി അൻവറെ ഇറക്കി ആര്യാടൻ ഷൗക്കത്തിനെ തറപറ്റിച്ചത്. പിന്നീട് നിലമ്പൂരിൽ പി വി അൻവറിൻ്റെ തേരോട്ടമാണ് കണ്ടത്. യുഡിഎഫിൽ പി.വി. അൻവർ എത്തിയാൽ പി.വി. അൻവർ ആവശ്യപ്പെടുന്ന സീറ്റ് നിലമ്പൂർ സീറ്റ് തന്നെയാകും. ഇത് കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായിരിക്കുന്ന ആര്യാടൻ ഷൗക്കത്ത് അംഗീകരിക്കണമെന്നില്ല.
അത് വലിയ പ്രശ്നത്തിന് വഴിയൊരുക്കിയെന്നിരിക്കും. ആര്യാടൻ ഷൗക്കത്തിൻ്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് ആര്യാടൻ മുഹമ്മദിൻ്റെ പിൻഗാമിയായി നിലമ്പൂർ സുൽത്താനായി വാഴുക എന്നത്. അതിനാൽ ഒരിക്കലും ഷൗക്കത്തിനെപ്പോലുള്ളവർ നിലമ്പൂരിൽ അൻവറിന്റെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചെന്ന് വരില്ല. മാത്രമല്ല, ഇക്കാലമത്രയും യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർത്തു നിന്നയാളുമാണ് അൻവർ. അങ്ങനെ വരുമ്പോൾ മറ്റൊരു പിളർപ്പിലാകും പാർട്ടി എത്തുക. പിന്നെ എന്താണ് വഴി?
അൻവറിന് തവനൂർ കൊടുത്ത് നിലമ്പൂർ ആര്യാടൻ ഷൗക്കത്തിന് തന്നെ കൊടുക്കണം. അൻവർ കോൺഗ്രസിൽ വന്നാൽ നിലമ്പൂർ സീറ്റ് കൊടുക്കേണ്ടി വരും. നിലമ്പൂരിൽ അൻവർ ജയിക്കാൻ ആര്യാടൻ കനിയേണ്ടി വരും. രണ്ടും കൂടി നടക്കില്ല. അപ്പോ അൻവറിന് തവനൂർ കൊടുക്കേണ്ടി വരും. അപ്പോൾ മത്സര രംഗത്ത് നിന്ന് മാറാൻ ഉദ്ദേശിച്ച മുൻ മന്ത്രി കെ ടി ജലീലിനെ സിപിഎം നിർബന്ധിച്ച് തവനൂരിൽ നിർത്താൻ ആണ് സാധ്യതകൾ ഏറെ. അങ്ങിനെയെങ്കിൽ യുഡിഎഫിന്റെ ഭൂലോക തലവേദനയാകും പിവി അൻവർ.
പക്ഷെ, അൻവർ യുഡിഎഫിൽ ചേക്കേറിയാൽ മലപ്പുറം ജില്ലയിൽ എല്ലാ സീറ്റും യുഡിഎഫ് സ്വന്തമാക്കും എന്ന് കരുതുന്നവരുണ്ട്. മറിച്ച് ചിന്തിച്ചാൽ പി വി അൻവറിന് യുഡിഎഫ് നിലമ്പൂർ സീറ്റ് നൽകിയാൽ എൽ.ഡി.എഫ് പിന്തുണയിൽ ഇപ്പോഴത്തെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ പി.വി അൻവറിനെതിരെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകില്ലെന്ന് പറയാനാവോ? രാഷ്ട്രീയത്തിൽ ഒന്നും പ്രവചിക്കുക അസാധ്യം.
#PVAnwar #KeralaPolitics #Congress #UDF #PoliticalDrama #Election2024