Politics | സതീശനും ചെന്നിത്തലയും തമ്മിലടിക്കും; കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവും?
● കോൺഗ്രസ് നേതാക്കൾ എം.എൽ.എ മാരുടെ പിന്തുണ നേടുന്ന പ്രയത്നത്തിലാണ്.
● മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അടിതുടങ്ങിയിട്ട് നാളുകൾ ഏറെയായി.
● കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ഒന്നര വർഷക്കാലം കൂടിയുണ്ട്.
സോണി കല്ലറയ്ക്കൽ
(KVARTHA) കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ഒന്നര വർഷക്കാലം കൂടിയുണ്ട്. എങ്കിൽ പോലും ഇപ്പോൾ തന്നെ യുഡിഎഫ് അധികാരത്തിൽ എത്തിയെന്ന ഭാവത്തിലാണ് കോൺഗ്രസ് നേതാക്കളുടെ നടപ്പ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അടിതുടങ്ങിയിട്ട് നാളുകൾ ഏറെയായി. ജനം ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്ന ചിന്തപോലും ഇല്ലാതെയാണ് കോൺഗ്രസിലെ മുഖ്യമന്ത്രി പദ മോഹികൾ പരസ്പരം വിഴുപ്പ് അലക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേതാക്കളുടെ അമിത ആത്മവിശ്വാസം ഒന്നു കൊണ്ടുതന്നെയാണ് അവരെ വീണ്ടും പ്രതിപക്ഷത്ത് തന്നെയിരുത്തിയത് എന്നോർക്കണം.
ഇതുപോലെ 10 വർഷം പ്രതിപക്ഷത്തിരിക്കേണ്ട ഗതികേട് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും കോൺഗ്രസിനോ യുഡിഎഫിനെ ഉണ്ടായിട്ടില്ല. ആ പരാജയം ഒന്ന് കൊണ്ടു തന്നെയാണ് പഴയ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെ മാറ്റി അപ്രതീക്ഷിതമായി വി ഡി സതീശൻ എന്ന നേതാവിനെ പ്രതിപക്ഷ നേതാവായി ഉയർത്തിയെടുത്തത്. അതിന് മുൻപ് ഒരിക്കൽ പോലും ഒരു മന്ത്രിസ്ഥാനം പോലും അലങ്കരിച്ച വ്യക്തിയായിരുന്നില്ല വി ഡി സതീശൻ. വെറും എംഎൽഎ മാത്രമായിരുന്നു. പ്രതിപക്ഷ നേതാവായ ശേഷമാണ് സംസ്ഥാന രാഷ്ട്രിയത്തിൽ സതീശൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
സതീശൻ പ്രതിപക്ഷ നേതാവായി ശോഭിക്കുന്നത് ചിലർക്കൊക്കെ കണ്ണുകടിയായിട്ടുണ്ടെന്ന് വ്യക്തം. ചിലരൊക്കെ അവരുടെ പാവയായിട്ട് നിലകൊള്ളാൻ ആണ് സതീശനെ പ്രതിപക്ഷ നേതാവായിട്ട് പിന്തുണച്ചതെന്ന് വ്യക്തം. അതിൽ പ്രധാനി കോൺഗ്രസ് ഹൈക്കമാൻ്റിൽ പിടിയുള്ള കെ സി വേണുഗോപാൽ തന്നെ ആയിരുന്നുവെന്ന് പറയുന്നവരുണ്ട്. തൻ്റെ പ്രിയ ഗുരു രമേശ് ചെന്നിത്തലയുടെ പരിദേവനം ഒന്നും കാണാതെയും കേൾക്കാതെയുമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വേണുഗോപാൽ സതീശനെ പിന്തുണച്ചത്. അതിപ്പോൾ വേണുവിന് തന്നെ പാരയാകുന്ന അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്.
യുഡിഎഫ് ഇനി വീണ്ടും അധികാരത്തിൽ എത്തിയാൽ അതിൻ്റെ ക്രെഡിറ്റ് തനിക്ക് തന്നെയാണെന്നും താൻ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന രീതിയിലും ആണ് ഇപ്പോൾ വി ഡി സതീശൻ്റെ പോക്ക്. വി ഡി സതീശൻ പ്രതിപക്ഷ നേതാവ് ആയതിനുശേഷം നടന്ന സംസ്ഥാന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക് സഭാ തെരഞ്ഞെടുപ്പുകളിലും എല്ലാം യുഡിഎഫിന് തിളക്കമാർന്ന വിജയമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് വാസ്തവം. വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ കെ സുധാകരൻ എന്ന കോൺഗ്രസിൻ്റെ കണ്ണൂർ സിംഹത്തെ കെപിസിസി പ്രസിഡൻ്റുമാക്കിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഒരു പുതുചരിത്രം രചിച്ചത്. ശരിക്കും ഇരുവരുടെയും നേതൃത്വത്തിൽ നല്ലൊരു പ്രവർത്തനമാണ് ഇവിടെ കണ്ടത്.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താൻ മുഖ്യമന്ത്രിയാകാനില്ലെന്നും തനിക്ക് ശാരീരിക അവശതകൾ ഉണ്ടെന്നും കെ സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സുധാകരൻ തങ്ങൾക്ക് ഭീഷണിയാകില്ലെന്ന് കെ സി വേണുഗോപാലിനും ചെന്നിത്തലയ്ക്കും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ കെപിസിസി പ്രസിഡൻ്റിനെ പ്രതിപക്ഷ നേതാവിനെതിരെ തിരിക്കുന്ന തന്ത്രമാണ് അവർ മെനഞ്ഞുകൊണ്ടിരിക്കുന്നത്. എങ്ങനെയും ഇരുവരെയും തമ്മിലടിപ്പിച്ച് പ്രതിപക്ഷ നേതാവിൻ്റെ ശോഭ കെടുത്തണം. അത്തരത്തിലേയ്ക്കാണ് ഇവിടെ കോൺഗ്രസിൽ കാര്യങ്ങളുടെ പോക്ക്.
രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി പദം. ആ ആഗ്രഹം അദേഹം പല വേദിയിലും പങ്കുവെച്ചിട്ടുണ്ട്. ശിഷ്യനായ കെ സി വേണുഗോപാൽ ഹൈക്കാമാൻ്റിൽ സ്വീകാര്യനായതോടെ ചെന്നിത്തലയ്ക്ക് മുൻപ് ഹൈക്കാമാൻ്റിൽ ഉണ്ടായിരുന്നു വലിയൊരു പിടിയാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ എത്തിയാൽ വേണുഗോപാൽ കോൺഗ്രസ് ദേശീയ രാഷ്ട്രിയത്തിൽ ഉള്ളിടത്തോളം കാലം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തന്നെ ഹൈക്കമാൻ്റ് പിന്തുണയ്ക്കില്ലെന്ന് ചെന്നിത്തലയ്ക്ക് അറിയാം.
അതുകൊണ്ടാണ് എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള സമുദായങ്ങളുടെ പിന്തുണ തേടിയത്. അത് പിന്നീട് ചിറ്റിപോകുകയായിരുന്നു. കെ സി വേണുഗോപാലിനും കേരളത്തിലെ മുഖ്യമന്ത്രി പദത്തിൽ ഒരു നോട്ടമുണ്ട് എന്നത് വ്യക്തം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയിരുന്നെങ്കിൽ വേണുഗോപാൽ കേന്ദ്രത്തിൽ ക്യാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. അവിടെയാണ് അദ്ദേഹത്തിന് ക്ഷീണം സംഭവിച്ചത്. ഇപ്പോൾ പാർലമെൻ്റിൽ വെറും എം.പി ആയിരിക്കേണ്ട അവസ്ഥ. ഇനി പ്രതീക്ഷ കേരളത്തിലേയ്ക്ക് തന്നെ.
ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിലടിക്കുമ്പോൾ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഹൈക്കമാൻ്റിൻ്റെ നോമിനിയായി കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് കെ.സി.വേണുഗോപാൽ എത്താമെന്ന് കരുതുന്നവരുണ്ട്. പോരാഞ്ഞ് രാഹുൽ ഗാന്ധിയുടെ ഇഷ്ടപാത്രവും ആണ് വേണു. പണ്ട് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കരുക്കൾ നീക്കിയതൊക്കെ നാം കണ്ടതാണ്. അതിൽ കരുണാകരൻ വീഴുകയും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരികയും ചെയ്തു.
തുടർന്ന് സംസ്ഥാന നിയമസഭയിലെ രണ്ടാമനായ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അപ്രതീക്ഷിതമായി കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ എ കെ ആൻ്റണി മുഖ്യമന്ത്രിയായി എത്തുകയായിരുന്നു. ഈ ചരിത്രവും നമ്മുടെ മുൻപിലുണ്ട്. അതുകൊണ്ട് യു.ഡി.എഫ് ഇനി കേരളത്തിൽ അധികാരത്തിൽ എത്തിയാൽ കെ സി വേണുഗോപാലിനെ എഴുതിത്തള്ളാൻ വരട്ടെ. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകാതിരുന്നാൽ മതി. യു.ഡി.എഫ് അധികാരത്തിൽ എത്തിയ അവസാന കാലഘട്ടത്തിൽ ജനകീയനായ ഉമ്മൻ ചാണ്ടി ഇവിടെ ഭരിച്ചത് വെറും 72 എം.എൽ.എ മാരുടെ പിൻബലത്തോടെയായിരുന്നു. വെറുംകേവല ഭൂരിപക്ഷം മാത്രം. പിന്നെ എൽ.ഡി.എഫിൽ നിന്ന് സെൽവരാജിനെ ഇപ്പുറത്ത് കൊണ്ട് വന്ന് 73 ആക്കി.
അത്രയെങ്കിലും എം.എൽ.എ മാരെ ഉണ്ടാക്കിയെടുക്കാനാണ് ഇപ്പോൾ യു.ഡി.എഫ് നേതാക്കളും കോൺഗ്രസ് നേതാക്കളും പരിശ്രമിക്കേണ്ടത്. എന്നിട്ടാകാം മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള പിടിവലി. അപ്പുറത്ത് ഇപ്പോൾ തന്നെ 98 എംഎൽഎമാർ ഉണ്ടെന്നത് മറക്കാതിരിക്കുക. വീണ്ടും യു.ഡി.എഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ ഡൽഹി പോലെയുള്ള സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ കോൺഗ്രസിൻ്റെ സർവ്വനാശമാകും കേരളത്തിലും കാണാൻ പോകുന്നത്. കോൺഗ്രസ് അനുഭാവികളായ പലരും ബി.ജെ.പി പോലുള്ള മറ്റ് പാർട്ടികളിലേയ്ക്ക് ചേക്കേറുമെന്ന് ഉറപ്പ്. പിന്നെ ഒരു തിരിച്ചു വരവ് കോൺഗ്രസിനെ സംബന്ധിച്ച് അസാധ്യവുമായിരിക്കും. ആദ്യം ഭരണം പിടിക്കുക. എന്നിട്ടാകാം മുഖ്യമന്ത്രിയെ കണ്ടെത്തൽ.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ, രാഷ്ട്രീയ തത്പരരാണെങ്കിൽ അഭിപ്രായങ്ങൾ താഴെ പങ്കുവയ്ക്കൂ.
This article discusses the political rivalry within Congress as leaders vie for the Chief Minister position. It highlights the power struggles involving K C Venugopal, V D Satheesan, and Ramesh Chennithala.
#KeralaPolitics #CongressLeadership #CMPost #VDSatheesan #KCVenugopal #RameshChennithala