Political Allegations | ഇനി യുഡിഎഫിന് ഭരണം കിട്ടിയില്ലെങ്കിൽ സുകുമാരൻ നായർ രമേശിനെ കളഞ്ഞ് വേറെ പുത്രനെ എടുക്കുമോ? രമേശ് ചെന്നിത്തല ചതിക്കപ്പെടുന്നു
● രമേശ് ചെന്നിത്തല എൻഎൻഎസിന്റെ പുത്രനാണ്. നായർ സർവീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം.
● ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തല ആയിരുന്നു കെ.പി.സി.സി പ്രസിഡൻ്റ്.
● ഫലമോ ചെന്നിത്തലയ്ക്ക് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് ആഭ്യന്തരമന്ത്രി സ്ഥാനം ഏൽക്കേണ്ടി വന്നു.
സോണി കല്ലറയ്ക്കൽ
(KVARTHA) ഇനി യുഡിഎഫിന് ഭരണം കിട്ടിയില്ലെങ്കിൽ സുകുമാരൻനായർ രമേശിനെ കളഞ്ഞ് വേറെ പുത്രനെ എടുക്കുമോ, രമേശ് ചെന്നിത്തല ചതിക്കപ്പെടുന്നുവോ? കേരളത്തിലെ നിയമസഭാ തിരെഞ്ഞെടുപ്പിന് ഇനി ഒന്നര വർഷം കൂടി ബാക്കിയുണ്ട്. ഇപ്പോൾ തന്നെ ജാതി മത സമുദായ സംഘടനകൾ യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി ലേലം വിളി തുടങ്ങി. ഇത് യു.ഡി.എഫിലേ നടക്കു എന്ന് ഈ സംഘടനകൾക്ക് ഒക്കെ നന്നായി അറിയാം. എൽ.ഡി.എഫിലോ ബി.ജെ.പിയിലോ ഒന്നും ഇത് നടക്കില്ല. ഇതുകൊണ്ടുള്ള നഷ്ടം യു.ഡി.എഫിന് തന്നെ ആയിരിക്കും.
അടുത്തതവണ ചെറിയ രീതിയിൽ കിട്ടാൻ ചാൻസ് ഉണ്ടായിരുന്ന മുഖ്യമന്ത്രി സ്ഥാനവും ഭരണവും ഇതോടുകൂടി കിട്ടാതെയാകും. പിന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു വേണ്ടി എല്ലാവർക്കും അടിക്കാം. മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ കോൺഗ്രസിൻ്റെ സീനിയർ നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പ്രസംഗമാണ് ശ്രദ്ധയാകർഷിക്കുന്നത്.
അദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ: 'രമേശ് ചെന്നിത്തല എൻഎൻഎസിന്റെ പുത്രനാണ്. നായർ സർവീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻഎസ്എസിൻ്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. അവർ കുടുംബം മറക്കരുത് എന്ന് മാത്രമേയുള്ളൂ. തിരുത്തലുകൾ വരുത്തിച്ചത് സമുദായ ആചാര്യനാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ ഒരുപാട് പേർ എത്തിയിട്ടുണ്ട് ഇവിടെ'.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം ശേഷിച്ചിരിക്കെ, രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തി കാണിക്കുന്ന എൻഎസ്എസ് നേതൃത്വത്തിൻ്റെ ഈ രീതി, യു.ഡി.എഫിന് തിരിച്ചടിയാകാനാണ് ഏറെ സാധ്യത. പ്രത്യേകിച്ച് രമേശ് ചെന്നിത്തലയ്ക്കും ഇത് തിരിച്ചടിയാകും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ രമേശ് ചെന്നിത്തല ആയിരുന്നു കെ.പി.സി.സി പ്രസിഡൻ്റ്. അന്ന് ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുവന്ന് താക്കോൽ സ്ഥാനം ഏൽപ്പിക്കാൻ ചരട് വലിച്ചയാളാണ് ഈ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എന്ന് ആക്ഷേപമുണ്ട്.
ഫലമോ ചെന്നിത്തലയ്ക്ക് കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് ആഭ്യന്തരമന്ത്രി സ്ഥാനം ഏൽക്കേണ്ടി വന്നു. പിന്നീട് താക്കാൽ സ്ഥാനത്തിനുവേണ്ടി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ കളിയാണ് യു.ഡി.എഫിന് ഭരണം ഇല്ലാതാക്കിയതും പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതും. പിന്നീട് പത്തുവർഷത്തോളമാകുന്നു യു.ഡി.എഫിന് കേരളത്തിൽ അധികാരം നഷ്ടമായിട്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉയർന്നു വന്ന സോളാറും സരിതയും ഒക്കെ താക്കോൽ സ്ഥാനത്തിനു വേണ്ടിയുള്ള കളികളായിരുന്നുവെന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത്.
പിന്നീട് യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോൾ ഉമ്മൻ ചാണ്ടി മാറിക്കൊടുത്ത് പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ഏക മനസ്സോടെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശിൻ്റെ പ്രകടനമല്ലേ യു.ഡി.എഫിനെ വീണ്ടും പ്രതിപക്ഷത്ത് ഇരുത്തിയതെന്ന് ചിന്തിക്കണം. അല്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ എത്തി രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകുമായിരുന്നു. അതെല്ലാം കളഞ്ഞ് കുളിച്ചിട്ട് വല്ലവൻ്റെയും അദ്ധ്വാനം കയ്യിട്ടുവാരാൻ രമേശും സുകുമാരൻ നായരുമൊക്കെ ഇറങ്ങിയിരിക്കുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന അപേക്ഷയുമായി ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരെയും സമീപിച്ചതായി കണ്ടില്ല. കോൺഗ്രസിലെ ഭൂരിപക്ഷം എം.എൽ.എമാർ ചേർന്ന് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. നല്ല രീതിയിലുള്ള പ്രവർത്തനവുമായി അദ്ദേഹം ഇപ്പോൾ മുന്നോട്ടു പോയി കൊണ്ടിരിക്കുകയും ചെയ്യുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണത്തിലെത്താൻ പറ്റുമെന്നുള്ള വിശ്വാസം പ്രവർത്തകർക്ക് ആകുന്നുമുണ്ട്.
ഒരിക്കലും യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വി.ഡി സതീശൻ ഒരിടത്തും പറഞ്ഞതായോ ആരെക്കൊണ്ടെങ്കിലും പറയിപ്പിച്ചതായോ അറിവില്ല. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ എം.എൽ.എമാർ ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ആണ്. ഫലത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കോൺഗ്രസിലെ ഭൂരിഭാഗം എൽ.എൽ.എമാരും ചേർന്ന് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. അതിന് കളമൊരുക്കുന്നതും രമേശ് ചെന്നിത്തലയെ വീണ്ടും കുഴിയിൽ വീഴ്ത്തുന്നതും ഈ സുകുമാരൻ നായർ തന്നെ ആയിരിക്കും.
തെരഞ്ഞെടുപ്പിന് ഒന്നര വർഷം ശേഷിക്കെ, രമേശിനെ മുഖ്യമന്ത്രിയായി ഉയർത്തി കാണിക്കുന്ന എൻ.എസ്.എസ് നേതൃത്വത്തിൻ്റെ രീതി യു.ഡി.എഫിന് ന് തിരിച്ചടിയാകാതെ നോക്കേണ്ടത് യു.ഡി.എഫ് നേതാക്കളാണ്. കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് കലഹത്തിന് തിരികൊളുത്തുകയാണ് സുകുമാരൻ നായർ ചെയ്യുന്നതെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുക. അദ്ദേഹം തന്നെയല്ലേ കഴിഞ്ഞ 10 വർഷമായി രമേശ് ചെന്നിത്തലയെയും യു.ഡി.എഫിനെ കേരളത്തിൽ പ്രതിപക്ഷത്തിരുത്തിയത്? സുകുമാരൻ നായരുടെ താക്കോൽ പ്രസ്താവനകൾ കേൾക്കുന്നതോടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കോൺഗ്രസിനും യു.ഡി.എഫിനും എതിരാവുകയും ചെയ്യും.
28 % വരുന്ന മുസ്ലിങ്ങളും 20% വരുന്ന ക്രൈസ്തവരും ഒരു പോലെ യു.ഡി.എഫിന് വോട്ട് ചെയ്താലേ യു.ഡി.എഫ് അധികാരത്തിൽ വരൂവെന്ന് രമേശ് ചെന്നിത്തലയെപ്പോലുള്ളവർ മറക്കരുത്. മാത്രമല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ എത്താൻ ആദ്യം യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടണം, കിട്ടിയാൽത്തന്നെ ലീഗിനെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസിന് കിട്ടണം. ഒരുദാഹരണം പറയാം, കഴിഞ്ഞ 15 വർഷമായി കോൺഗ്രസിന് കോഴിക്കോട് തുടങ്ങിയ പല ജില്ലകളിലും ഒരു എം.എൽ.എ പോലുമില്ല എന്നതും മറക്കാതിരിക്കുക.
ഇവിടെയൊക്കെ എം.എൽ.എമാരെ സൃഷ്ടിച്ച് കേവല ഭൂരിപക്ഷമല്ല മൃഗീയ ഭൂരിപക്ഷം നേടി യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ ഇനിയൊരു തിരിച്ചു വരവ് യു.ഡി.എഫിന് സ്വപ്നം കാണുക മാത്രമേ നിവൃത്തിയുള്ളൂ. അപ്പോഴേയ്ക്കും സുകുമാരൻ നായരെപ്പോലുള്ളവർ രമേശ് ചെന്നിത്തലയെപ്പോലുള്ളവരെ വിട്ട് മറ്റാരെയെങ്കിലും പുത്രന്മാരായി വാഴിക്കുമോ?
#SukumaranNair, #RameshChennithala, #KeralaPolitics, #UDF, #NSS, #PoliticalDisputes