Investigation | മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങൽ ഏക പോംവഴി; കണ്ണൂരിലെ തീപ്പൊരി നേതാവ് ഒടുവിൽ ഇരുമ്പഴിക്കുള്ളിലേക്കോ?
● മുൻകൂർ ജാമ്യ ഹരജിയിൽ 29ന് കോടതി വിധി പറയും.
● വിധി പ്രതികൂലമായാൽ കീഴടങ്ങാനുള്ള സാധ്യതയുണ്ട്.
● പൊലീസ് ദിവ്യയുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി ദിവ്യ അഴിക്കുള്ളിലാകുമെന്ന് സൂചന. തലശേരി പ്രിൻസിപൽ സെഷൻസ് കോടതി 29ന് പരിഗണിക്കുന്ന മുൻകൂർ ജാമ്യ ഹരജി തള്ളുകയാണെങ്കിൽ അന്നേ ദിവസം വൈകുന്നേരം അഞ്ചിന് ദിവ്യ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലോ കണ്ണപുരം, പഴയങ്ങാടി സ്റ്റേഷനുകളിലോ കീഴടങ്ങിയേക്കും.
കേസ് പരിഗണിക്കുന്നതലശേരി കോടതിയിൽ തന്നെ അഭിഭാഷൻ കെ. വിശ്വൻ മുഖേന കീഴടങ്ങാനും സാധ്യതയുണ്ട്. എന്തു തന്നെയായാലും ഹൈകോടതി മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ കാത്തു നിൽക്കേണ്ടെയെന്ന അഭിപ്രായമാണ് സി.പി.എം നേതൃത്വത്തിനുള്ളത്. എല്ലാ സാഹചര്യങ്ങളും പ്രതികൂലമായതിനാൽ ദിവ്യ യ്ക്ക് കീഴ്കോടതിയിൽ ജാമ്യം ലഭിക്കുക ദുഷ്കരമാണെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.
പൊലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈല്‍ ഫോൺ കോള്‍ ഡീറ്റൈല്‍സ് റെക്കോർഡ് (സി.ഡി.ആര്‍) ആണ് ദിവ്യക്കെതിരേയുള്ള നിര്‍ണായക തെളിവാകുക. നവീൻബാബുവിന് യാത്രയയപ്പു നൽകിയ ഒക്ടോബർ 14ന് ദിവ്യ തന്റെ ഫോണില്‍ നിന്ന് ജില്ലാ കലക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും പലതവണ വിളിച്ചതിൻ്റെ രേഖകളാണ് ഇതിൽ പ്രധാനം.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കലക്ടർ അരുൺ കെ.വിജയന്റെയും ചാനല്‍ റിപ്പോര്‍ട്ടറുടെയും മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരാണ്. മാത്രവുമല്ല, രാത്രിയോടെ ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിവേഗം വിവിധ ഗ്രൂപ്പുകളിലേക്ക് ദിവ്യ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹരജിയില്‍ 29ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റിന് സാധ്യതയില്ല. വിധി എതിരായാല്‍ ദിവ്യ കീഴടങ്ങാനാണ് സാധ്യത.
ഹൈകോടതിയെ സമീപിക്കാമെങ്കിലും ജാമ്യം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ അതിന് ദിവ്യ ശ്രമിക്കാൻ സാധ്യതയില്ല. ആത്മഹത്യ പ്രേരണാക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരി ദിവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. ദിവ്യയുടെ വീട്ടിലെത്തിയ പൊലീസ് ദിവ്യ സ്ഥലത്തില്ലാത്തതിനാല്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. ദിവ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
29 ന് സെഷന്‍സ് കോടതി ഉത്തരവ് പ്രതികൂലമായാൽ കീഴടങ്ങുക മാത്രമാണ് ദിവ്യയുടെ മുന്നിലെ വഴി. അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ദിവ്യ നടത്തിയ വിദേശയാത്രകളിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മൂന്നു വർഷത്തിനിടെ 23 തവണയാണ് ദിവ്യ വിദേശയാത്ര നടത്തിയത്. സംസ്ഥാനത്തെ മന്ത്രിമാർ പോലും ഇത്രയേറെ തവണ പുറംയാത്രകൾ നടത്തിയിട്ടുണ്ടാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. വിദേശയാത്രകളുടെ ചിത്രങ്ങളടക്കം ദിവ്യ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്രയേറെ തവണ വിദേശയാത്ര നടത്താനുള്ള പണം ദിവ്യയ്ക്ക് എവിടെനിന്നാണെന്നന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
#PPDivya #Kannur #Kerala #Case #Investigation #NaveenBabu