Skywalk | കോട്ടയത്തിന് 'റീത്ത്' സമ്മാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ വിസ്‌മയം! ഈ ആകാശപ്പാത എംഎൽഎയുടെയും മകൻ്റെയും രാഷ്ട്രീയ ഭാവി നിശ്ചയിക്കും
കോട്ടയത്തെ ആകാശപ്പാതയ്ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂർ ആകാശപ്പാതകൾ പൂർത്തിയായി
ഡോണൽ മുവാറ്റുപുഴ
(KVARTHA) കോട്ടയത്തെ ആകാശപ്പാത ഇങ്ങനെ കിടക്കുന്നതിലും നല്ലത് പൊളിച്ചു മാറ്റുക തന്നെയാണ്. പക്ഷേ, പൊളിച്ചു മാറ്റിയാൽ ഏറ്റവും അധികം അത് ബാധിക്കുക നിലവിലെ കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനെയും മകൻ അർജുൻ രാധാകൃഷ്ണനെയും തന്നെ ആയിരിക്കും. അതാണല്ലോ ഈ ഉപവാസ സമരവും പരവേശവും ഒക്കെ കാണിക്കുന്നത്. ഇപ്പോൾ കോട്ടയം ടൗണിൽ മധ്യത്തിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന ആകാശപ്പാത പൊളിക്കുമെന്നായപ്പോൾ ഉപവാസ സമരത്തിന് ഇറങ്ങിയിരിക്കുകയാണ് എം.എൽ.എയും കൂട്ടരും.
കോൺഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആറിന് കോട്ടയം ശീമാട്ടി റൗണ്ടാനയ്ക്ക് സമീപം ഉപവാസ സമരം നടത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിന് അദ്ദേഹം പറയുന്നതിനുള്ള കാരണങ്ങൾ ഇതാണ്: ആകാശപ്പാതയ്ക്ക് അനുവദിച്ച പണം ഇപ്പോഴും സർക്കാർ ഖജനാവിലുണ്ട്, ആകാശപ്പാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണം, ലിഫ്റ്റ് സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതില്ല, ഇതിന് സ്ഥലം മുൻപേ എറ്റെടുത്തിട്ടുണ്ട്, പ്ലാൻ പരിശോധിച്ചാൽ അത് വ്യക്തമാകും, തന്നോടു സിപിഎം 10 ചോദ്യങ്ങൾ ചോദിച്ചതിന് മറുപടി പറയേണ്ട കാര്യമില്ല, ആദ്യം പദ്ധതി പൂർത്തിയാകട്ടെ, അതിന് ശേഷമാകാം മറുപടി.
നിർമാണം മൂടങ്ങിക്കിടക്കുന്ന ആകാശപ്പാതയെ ബിനാലെ കലാകാരൻ നിർമ്മിച്ചതാണെന്ന് പറഞ്ഞ് മന്ത്രി കെ.ബി ഗണേഷ് കുമാർ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചു, ആകാശപ്പാത പൊളിച്ചു നീക്കണമെന്നു പറഞ്ഞതിൻ്റെ കാരണം മന്ത്രി വ്യക്തമാക്കണം, നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ തയാറാകണം, കോട്ടയത്തെ ആകാശപ്പാതയ്ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂർ ആകാശപ്പാതകൾ പൂർത്തിയായി, കോട്ടയത്തെ പദ്ധതിയെ ചവിട്ടുകയാണെന്നും എം.എൽ.എ പറഞ്ഞു.
കോട്ടയത്തെ ആകാശപ്പാതയ്ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂർ ആകാശപ്പാതകൾ പൂർത്തിയായി എങ്കിൽ അത് അവിടുത്തെ ജനപ്രതിനിധികളുടെ മിടുക്ക് ആണ്. കോട്ടയത്ത് ആണെങ്കിൽ ഇത് ഗതാഗത തടസവും ആയി മാറുന്നു. ഇത് ആരുടെ പിടിപ്പ് കേടാണെന്ന് എം.എൽ.എ സ്വയം ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും . കോട്ടയം ടൗണിൻ്റെ വികസനം എന്ന പേരിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്നതാണ് കോട്ടയത്തെ ഈ ആകാശപ്പാത. അന്ന് അതിൻ്റെ പേരിൽ തന്നെയാണ് കോട്ടയത്തുകാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന ജനപ്രതിനിധിയെ വീണ്ടും ജയിപ്പിച്ച് നിയമസഭയിലേയ്ക്ക് അയച്ചത്. അതിന് ശേഷം നാൾ ഇത് വരെ അതിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലെന്നതാണ് വാസ്തവം.
ഇപ്പോൾ കോട്ടയത്തെ കണ്ണുവെയ്ക്കാതിരിക്കാനുള്ള ഒരു കോലമായി ഈ ആകാശപ്പാത കോട്ടയം ടൗണിൻ്റെ മധ്യത്തിൽ നിലകൊള്ളുന്നു. ഒപ്പം കോട്ടയത്തെ ജനം മുറുമുറുക്കാനും തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. വലിയ തുക എടുത്ത് ഇതുപോലൊരു ആകാശപ്പാത പൊക്കിയിട്ട് അത് ഉടനെ പൊളിച്ചു നീക്കിയാൽ അതും എം.എൽ.എയ്ക്ക് പ്രശ്നമാകും. ഇല്ലെങ്കിൽ അത് പൂർത്തീകരിക്കണം. കാരണം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ കാലതാമസങ്ങളില്ല. അടുത്ത തവണ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പാണ്. അല്ലെങ്കിൽ മകൻ അർജുൻ രാധാകൃഷ്ണനും. ഇപ്പോൾ തന്നെ മകൻ കളത്തിൽ സജീവമാണ് താനും.
ഇവരിൽ ആര് മത്സരിച്ചാലും എതിരാളികൾ കോട്ടയത്ത് പ്രചാരണ വിഷയമാക്കുക ഈ ആകാശപ്പാത തന്നെയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിവ് കെട്ട ജനപ്രതിനിധിയായി ചിത്രികരിക്കപ്പെട്ടേക്കാം. ഇത് ഒരുപക്ഷേ അദ്ദേഹത്തിൻ്റെ തോൽവിയിലേയ്ക്ക് ആയിരിക്കും ചെന്നു പതിക്കുക. ഇത് മുന്നേ മനസ്സിലാക്കി തന്നെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസസമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെ ന്യായീകരിക്കാൻ ഇത് അല്ലാതെ വേറെ വഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് അല്ലാതെ മറ്റാർക്ക് ആണ് കൂടുതൽ അറിയുക. ഒപ്പം തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ അല്ലെങ്കിൽ മകൻ കോട്ടയത്ത് നിന്ന് ജയിക്കേണ്ടത് അത്യാവശ്യവുമാണ്.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് ജയിച്ച് നിയമസഭയിലുള്ളപ്പോൾ തിരുവഞ്ചൂരിന് ഒട്ടും കുറയ്ക്കാൻ പറ്റുമോ! താൻ അല്ലെങ്കിൽ മകൻ തന്നെയാകും കോട്ടയത്തെ സ്ഥാനാർത്ഥി എന്നും അദ്ദേഹത്തിന് അറിയാം. അതാണല്ലോ നമ്മുടെ കോൺഗ്രസ് പാരമ്പര്യവും. ഈ ആകാശപ്പാത പൂർത്തീകരിച്ചെങ്കിൽ അത് വരും കാലങ്ങളിൽ തിരുവഞ്ചൂരിൻ്റേയും ഉമ്മൻചാണ്ടിയുടെയും ഭരണനേട്ടമായി വ്യാഖ്യാനിക്കപ്പെടും എന്ന് ഉറപ്പാണ്. ശരിക്കും ഈ വിഷയത്തിൽ ഇപ്പോൾ എയറിലായിരിക്കുകയാണ് തിരുവഞ്ചൂർ.
ആകാശപ്പാതയിൽ വാഹനം ഓടിക്കാൻ പറ്റില്ലെന്ന് എല്ലാവരും അറിയാം. അത് കാൽനട യാത്രക്കാർക്ക് ആണ്. ഇതിനായി ഒരുകാലത്തും നശിക്കാത്ത സബ്‌വേ (അണ്ടർ ഗ്രൗണ്ട് പാസേജ്) ആണ് എല്ലാ നാട്ടിലും പണിയുന്നത്. സബ്‌വേയ്ക്ക് ഇപ്പോൾ ചിലവായ കാശുപോലും വേണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ ഇത് പൊളിച്ചു കളയണമെന്ന് പറയുമ്പോൾ പോലും ഒരു ഞടുക്കമാണ് സൃഷ്ടിക്കപ്പെടുന്നത്. എത്ര തുകയാണ് ഒരു ഉപകാരവുമില്ലാത്ത് ഇതിന് വേണ്ടി ചെലവായിരിക്കുന്നത്. ആ നഷ്ടം ആരു തരും എന്നതും ചിന്തിക്കേണ്ടതാണ്. പാവപ്പെട്ടവൻ്റെ നികുതിപ്പണം രാഷ്ട്രീയ നേട്ടമാക്കുന്നു ചിലർ.
ശരിക്കും ഇതിന്റെ പിന്നിൽ നിന്ന് പണം മുടക്കിയവരിൽ നിന്ന് വാങ്ങിക്കുകയാണ് വേണ്ടത്. എന്തായാലും ഈ രീതിയിൽ നോക്കുകുത്തിപോലെ നിൽക്കുന്നതിലും ഭേദം പൊളിച്ചു മാറ്റുക തന്നെയാണ് വേണ്ടത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും ക്രമീകരണം ഏർപ്പെടുത്തണം. പൊളിച്ച് മാറ്റി മറ്റ് ഏതെങ്കിലും കാര്യത്തിന് പ്രയോജനപ്പെടുത്താൻ സാധിച്ചാൽ അത് വിജയമാകും. ഒപ്പം കോട്ടയം വൃത്തിയാകുകയും ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ വിഷയത്തിൽ ഉപവാസസമരം പ്രഖ്യാപിച്ചപ്പോൾ ഒരു കോട്ടയത്തുകാരൻ പറഞ്ഞത് ഇങ്ങനെയാണ്: 'കോട്ടയത്തിന് റീത്ത് സമ്മാനിച്ച തിരുവഞ്ചൂർ വിസ്‌മയം തന്നെ!